മോൻതാ ചുഴലിക്കാറ്റിന്റെ കരയിലേക്കുള്ള പ്രവേശം ആന്ധ്രാപ്രദേശ് തീരത്ത് ആരംഭിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (APSDMA) തിങ്കളാഴ്ച അറിയിച്ചു. "ചുഴലിക്കാറ്റ് ആരംഭിച്ചു. തീരദേശ ജില്ലകളിൽ കാറ്റോട് കൂടിയ മഴ അനുഭവപ്പെടുന്നു," എപിഎസ്ഡിഎംഎ മാനേജിംഗ് ഡയറക്ടർ പ്രകാശ് ജയിൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിൽ നിന്ന് രൂപപ്പെട്ട മോൻത ഞായറാഴ്ച അർധരാത്രിയോടെയാണ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. തിങ്കളാഴ്ച രാവിലെ 11.30 വരെ ഇത് തെക്ക്-പടിഞ്ഞാറൻ, തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ കേന്ദ്രീകരിച്ചിരുന്നു - ചെന്നൈയിൽ നിന്ന് ഏകദേശം 480 കിലോമീറ്റർ കിഴക്കും, കാക്കിനാടയിൽ നിന്ന് 530 കിലോമീറ്റർ തെക്ക്-തെക്ക്-കിഴക്കും, വിശാഖപട്ടണത്തിൽ നിന്ന് 560 കിലോമീറ്റർ തെക്ക്-തെക്ക്-കിഴക്കും അകലെയാണിത്.
advertisement
“ഒക്ടോബർ 28-ന് വൈകുന്നേരം അല്ലെങ്കിൽ രാത്രിയോടെ കാക്കിനാടക്ക് സമീപം ഒരു തീവ്രചുഴലിക്കാറ്റായി 'മോന്ത' ആന്ധ്രാപ്രദേശ് തീരം കടക്കാൻ സാധ്യതയുണ്ട്,” ജയിൻ പറഞ്ഞു. അങ്ങനെയാണെങ്കിൽ, ഈ വർഷം ഇന്ത്യൻ തീരത്ത് എത്തുന്ന ആദ്യത്തെ ചുഴലിക്കാറ്റായിരിക്കും മോൻത. ഈ മാസം ആദ്യം ഗുജറാത്ത് തീരത്തിനടുത്ത് അറബിക്കടലിൽ രൂപം കൊണ്ട 'ശക്തി' ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാതെ ദിശ മാറിയിരുന്നു.
സംസ്ഥാനങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ്
ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ ആന്ധ്രാപ്രദേശിന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്, ഒപ്പം ഒഡീഷ, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.
തീരദേശ ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്നാട്, തെലങ്കാന, പുതുച്ചേരി, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.
ഒഡീഷ സർക്കാർ തീരദേശ മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി തുടങ്ങി. മൽക്കൺഗിരി, കോരാപുട്ട്, നബരംഗ്പൂർ, രായഗഡ, ഗജപതി, ഗഞ്ചാം, കലഹണ്ടി, കണ്ടമാൽ എന്നീ എട്ട് ജില്ലകളിലായി 128 രക്ഷാദൗത്യ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
കർണാടകയിലെ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റോടുകൂടിയ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി ഓറഞ്ച് അലർട്ട് നൽകി. ബാഗൽകോട്ട്, കൊപ്പൽ, റായ്ച്ചൂർ, ബെലഗാവി, ഗദഗ്, കോളാർ, ചിക്കബല്ലാപ്പൂർ, കൊടഗ്, മൈസൂരു ജില്ലകളിലും കനത്ത മഴയോ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യതയുണ്ട്, കൂടാതെ ബെംഗളൂരു, ശിവമൊഗ്ഗ, ഹാസൻ, തുമകുരു ഉൾപ്പെടെയുള്ള മറ്റ് പല ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു.
ട്രെയിൻ സർവീസുകൾ റദ്ദാക്കി
ചുഴലിക്കാറ്റ് കണക്കിലെടുത്ത്, സുരക്ഷാ മുൻകരുതലെന്ന നിലയിൽ ഈസ്റ്റ് കോസ്റ്റ് റെയിൽവേയും സൗത്ത് സെൻട്രൽ റെയിൽവേയും നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി.
ഒക്ടോബർ 27 മുതൽ 30 വരെ വിശാഖപട്ടണം–കിരണ്ഡുൽ, വിശാഖപട്ടണം–കോരാപുട്ട്, വിശാഖപട്ടണം–തിരുപ്പതി, വിശാഖപട്ടണം–ചെന്നൈ തുടങ്ങിയ പ്രധാന റൂട്ടുകളിലെ സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
പ്രധാനമന്ത്രി ആന്ധ്രാ മുഖ്യമന്ത്രിയുമായി സംസാരിച്ചു
അതിനിടെ, ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ തയ്യാറെടുപ്പുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സംസാരിച്ച് വിലയിരുത്തി. എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പുനൽകിയതായി നായിഡു എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
“ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച് ചുഴലിക്കാറ്റിന്റെ ആഘാതം കാരണം സംസ്ഥാനത്തെ നിലവിലെ സാഹചര്യം ചർച്ച ചെയ്തു. സംസ്ഥാനത്തിന് എല്ലാ സഹായവും പിന്തുണയും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എല്ലാ പൗരന്മാരും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു.
സെക്രട്ടേറിയറ്റിലെ റിയൽ-ടൈം ഗവേണൻസ് സെന്ററിൽ (RTGS) നിന്ന് മുഖ്യമന്ത്രി സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും, ചുഴലിക്കാറ്റിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കാനും, പ്രത്യേകിച്ച് തീരദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും, 'സീറോ-റിസ്ക്' നടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കേരളത്തിലും മഴ മുന്നറിയിപ്പ്
ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും കര്‍ണാടക തീരത്ത് ഇന്ന് മറ്റന്നാള്‍ വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന കേരള, അതിനോട് ചേര്‍ന്ന സമുദ്ര പ്രദേശങ്ങളിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. സിബിഎസ്‌സി, ഐസിഎസ്‌സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല.
