എന്നാല്‍ തന്നെ ആരാധിക്കുന്ന വിദ്യാര്‍ത്ഥികളെ തീവ്രവാദത്തിലേക്ക് നയിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായാണ് പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. പോലീസ് പറയുന്നത് അനുസരിച്ച് ഉമര്‍ നബി ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലയില്‍ കടുത്ത മതപരമായ അജണ്ടകള്‍ നടപ്പാക്കിയിരുന്നു. മുസ്ലീം വിദ്യാര്‍ത്ഥികളെ ദിവസത്തില്‍ അഞ്ച് തവണ പ്രാര്‍ത്ഥിക്കാനും ഇസ്ലാം മതത്തിലെ കൂടുതല്‍ കര്‍ക്കശമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാനും സമ്മര്‍ദ്ദം ചെലുത്തി.
പൊതുവേ അന്തര്‍മുഖനായി കണ്ടിരുന്ന ഉമറിന്റെ പെരുമാറ്റം പലപ്പോഴും പ്രവചനാതീതമായിരുന്നുവെന്നും പോലീസ് വിശദമാക്കി. ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികളെ അയാള്‍ ഭയപ്പെടുത്തി നിയന്ത്രണത്തിലാക്കാനും ശ്രമിച്ചു. പെട്ടെന്ന് ദേഷ്യംവരുന്ന പ്രകൃതക്കാരനായിരുന്നു ഉമര്‍. സീനിയര്‍ വിദ്യാര്‍ത്ഥികളുമായി ഇയാള്‍ക്ക് എപ്പോഴും പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് വിദ്യാര്‍ത്ഥികളില്‍ നിന്നും ഉമറിനെതിരെ നിരവധി തവണ പരാതികള്‍ ഉയരാനും കാരണമായിട്ടുണ്ട്.
advertisement
ഉമറിന്റെ ഇത്തരം പെരുമാറ്റ രീതികള്‍ തീവ്രവാദത്തിന്റെയും വ്യക്തിപരമായ സമ്മര്‍ദ്ദങ്ങളുടെയും ലക്ഷണങ്ങളായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഷീസോഫ്രീനിയ അടക്കമുള്ള മാനസികരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന ഒരു കുടുംബപശ്ചാത്തലമാണ് ഉമറിന്റേതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മാനസികമായ ആരോഗ്യ പ്രശ്‌നങ്ങളുടെ കുടുംബ ചരിത്രം അദ്ദേഹത്തിന്റെ പ്രവചനാതീതമായ പെരുമാറ്റത്തിനും ഒറ്റപ്പെടലിനും കാരണമായിരിക്കാം. പ്രതിക്ക് ദ്വന്ദ്വ വ്യക്തിത്വം ഉള്ളതായും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഒരു അന്തര്‍മുഖനായിരുന്നിട്ടും ഉമറിന്റെ തീവ്രവാദ കാഴ്ചപ്പാട് ശ്രദ്ധ നേടിയതോടെ വ്യക്തിത്വത്തിലും മാറ്റങ്ങള്‍ ഉണ്ടായി. ഇയാളുടെ സ്വാധീനവലയത്തില്‍ പെട്ടുപോയ പലരും പിന്നീട് തീവ്രവാദികളായി മാറി. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, കശ്മീര്‍ തുടങ്ങി ഇന്ത്യയിലുടനീളമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ ഇയാള്‍ തീവ്രവാദത്തിന്റെ വിത്തുകള്‍ പാകി. ഉമറിന്റെ സ്വാധീനത്തില്‍ തീവ്രവാദിയായെന്ന് ആരോപിക്കപ്പെടുന്ന ഇംഫാലില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിനി അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്ന് പോലീസ് പറയുന്നു.
ഉമര്‍ എന്ന അധ്യാപകനിൽ നിന്നും തീവ്രവാദിയിലേക്കുള്ള പരിണാമത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. ഇയാളുടെ സഹായി ആയ ഡോ. മുസമില്‍ അറസ്റ്റിലായ ഒക്ടോബര്‍ 30-നും ഡല്‍ഹിയില്‍ സ്‌ഫോടനം നടന്ന നവംബര്‍ പത്തിനുമിടയില്‍ ഉമര്‍ നടത്തിയിട്ടുള്ള നീക്കങ്ങളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
13 പേരാണ് ഡല്‍ഹിയിലെ ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവ നടന്ന സമയത്ത് ഉമറിനോട് രൂപ സാദൃശ്യമുള്ള ഒരാള്‍ സ്‌ഫോടനം നടന്ന സ്ഥലത്തിന് അടുത്തുള്ള അസഫ് അലി റോഡിന് സമീപം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പിന്നീട് ആക്രമണവുമായി ബന്ധമുള്ള സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു കാര്‍ കൊണാട്ട് പ്ലേസിന് സമീപം കണ്ടെത്തി. ഉമര്‍ വാഹനം ഓടിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഡോ. മുസിമിലിന്റെ അറസ്റ്റിനുശേഷം ഉമര്‍ ഒളിവിലായിരുന്നു. എന്നാല്‍ ചെങ്കോട്ടയിലെ സ്‌ഫോടന സ്ഥലത്തുനിന്നും ഉമറിന്റെ ഡിഎന്‍എ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ആക്രമണത്തില്‍ ഇയാൾക്കുള്ള പങ്കാളിത്തം ഉറപ്പിച്ചു.
