2025 ഏപ്രിലില്‍ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ഭര്‍ത്താവും അയാളുടെ കാമുകിയെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയും ചേർന്ന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. ജസ്റ്റിസുമാരായ അനില്‍ ക്ഷേത്രര്‍പാലും ഹരീഷ് വൈദ്യനാഥന്‍ ശങ്കറും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കാമുകിയെന്ന് ആരോപിക്കപ്പെടുന്നയാളുടെ ലോക്കേഷന്‍ വിവരങ്ങളും ഭര്‍ത്താവിന്റെ കാള്‍ റെക്കോഡിംഗ് രേഖകളും വെളിപ്പെടുത്താനുള്ള ഭാര്യയുടെ അപേക്ഷ നേരത്തെ കുടുംബകോടതി അനുവദിച്ചിരുന്നു. കുറ്റം തെളിയിക്കാന്‍ ഇത് അത്യാവശ്യമാണെന്ന് അവര്‍ വാദിച്ചു.
2002 ഒക്ടോബറിലാണ് ദമ്പതികള്‍ വിവാഹിതരായത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ടായി. എന്നാല്‍, പീഡനം, വിവാഹേതരബന്ധം എന്നിവ ആരോപിച്ച് 2023ല്‍ ഭാര്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടി. ഭര്‍ത്താവ് അയാളുടെ കാമുകിയുമായി വിവാഹേതരബന്ധം നിലനിര്‍ത്തിയിട്ടുണ്ടെന്നും ഇരുവരും നിരവധി തവണ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നും ഭാര്യ അവകാശപ്പെട്ടു.
advertisement
ഏപ്രില്‍ 29ന് കുടുംബകോടതി ഭാര്യയുടെ അപേക്ഷ അംഗീകരിക്കുകയും 2020 ജനുവരി മുതല്‍ അന്നുവരെയുള്ള വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ എസ്എച്ച്ഒയ്ക്കും ടെലികോം കമ്പനികള്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തു.
ഫോണ്‍ വിവരങ്ങളും ലൊക്കേഷനും ഭാര്യക്ക് നല്‍കാന്‍ കോടതി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണെന്നും കാമുകിയെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിച്ചു. തന്നെ ഉപദ്രവിക്കാനും തന്റെ സത്‌പേരിന് കളങ്കം വരുത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടതെന്നും അവര്‍ വാദിച്ചു.
വിവാഹേതരബന്ധം തെളിയിക്കുന്നതില്‍ ഭാര്യ പ്രഥമദൃഷ്ട്യാ പരാജയപ്പെട്ടുവെന്ന് ഭര്‍ത്താവ് വാദിച്ചു. ടെലിഫോണ്‍ സംഭാഷണങ്ങളും ലൊക്കേഷനും ചേര്‍ക്കുന്നത് വിവാഹേതരബന്ധം തെളിയിക്കാന്‍ മതിയാകില്ലെന്നും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു.
കോടതി വിധിയിൽ പറഞ്ഞത്
സത്യം കണ്ടെത്താനും നീതി ഉറപ്പാക്കാനും ആവശ്യമെങ്കില്‍ വ്യക്തിപരമായ സ്വകാര്യതയിലേക്ക് പരിമിതമായ രീതിയില്‍ കടന്നുകയറുന്നത് അനുവദനീയമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, കുടുംബ കോടതിയുടെ ഉത്തരവ് ശരിവെച്ചു. 2003ലെ ശാരദ-ധര്‍മപാല കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
"കാള്‍ റെക്കോര്‍ഡിംഗുകളും ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും വെളിപ്പെടുത്താനുള്ള നിര്‍ദേശം ഊഹാപോഹത്തില്‍നിന്നുള്ളതല്ല, മറിച്ച് വാദങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. ടെലികോം ഓപ്പറേറ്റര്‍മാര്‍ സൂക്ഷിക്കുന്ന നിഷ്പക്ഷ ബിസിനസ് രേഖകള്‍ എന്ന നിലയ്ക്ക് ഇത്തരം വിവരങ്ങള്‍ സ്വകാര്യതയിലേക്ക് കടന്നു കയറാതെ സാഹചര്യ തെളിവുകള്‍ നല്‍കാന്‍ കഴിയും," 32 പേജുള്ള വിധിന്യായം ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സത്യം കണ്ടെത്തുന്നതിന് ആവശ്യമെങ്കില്‍ ഇത്തരം നിര്‍ദേശങ്ങള്‍ അനുവദിക്കാന്‍ കഴിയുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.