ഫരീദാബാദിലെ ദൗജ് സ്വദേശിയായ സോയാബ് സ്‌ഫോടനത്തിന് തൊട്ടുമുമ്പ് ഉമറിന് അഭയം നൽകിയതിന്റെയും ചരക്ക് നീക്കം ചെയ്യാന്‍ സഹായിച്ചതിന്റെയും തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതി ഡോ. മുസമ്മില്‍ ഷക്കീല്‍ ഗനായിയുടെയും സോയബിന്റെയും വീട്ടിലെത്തിയ എന്‍ഐഎ സംഘം പ്രതികളുടെ നീക്കങ്ങള്‍ പുനഃസൃഷ്ടിച്ചു. മുസമ്മില്‍ തന്റെ വീട്ടില്‍ ഒരു ഗ്രൈന്‍ഡറും പോര്‍ട്ടബിള്‍ ഫര്‍ണസും സൂക്ഷിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഐഇഡി ഭാഗങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളാണിതെന്ന് കരുതുന്നു.
അല്‍ ഫലാ സര്‍വകലാശാലയിലെ മുന്‍ ജീവനക്കാരനായ സോയബിന് ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നുവെന്നും ഉമര്‍ ഉന്‍ നബിയ്ക്ക് അറിഞ്ഞുകൊണ്ടാണ് ഇയാൾ അഭയം നല്‍കിയതായും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു.
advertisement
സോയബിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. എന്‍ഐഎ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. സോയബിനെ കൂടാതെ, ഡല്‍ഹി സ്‌ഫോടന കേസുമായി ബന്ധപ്പെട്ട വൈറ്റ് കോളര്‍ ഭീകരവാദ മൊഡ്യൂളില്‍പ്പെട്ട ആറ് പേരെയാണ് എന്‍ഐഎ ഇതുവരെ അറസ്റ്റ് ചെയ്തത്.
1. അമീര്‍ റാഷിദ് അലി- ചാവേര്‍ ബോംബാക്രമണത്തിന് ഉപയോഗിച്ച കാര്‍ വാങ്ങാന്‍ സൗകര്യമൊരുക്കി. സംഭവത്തില്‍ പ്രധാന ഗൂഢാലോചനക്കാരനായി പ്രവര്‍ത്തിച്ചു.
2. ജാസിര്‍ ബിലാല്‍ വാനി- ഡ്രോണുകളെയും റോക്കറ്റുകളെയും കുറിച്ചുള്ള വിവരങ്ങളും അറിവും ഉള്‍പ്പെടെയുള്ള സാങ്കേതിക സഹായം നല്‍കി. സഹ ഗൂഢാലോചനക്കാരനായി.
3. ഡോ. മുസമ്മില്‍ ഷക്കീല്‍ ഗനായ്- പ്രധാന പ്രതി. ആസൂത്രണം, ഏകോപനം, ഐഇഡി തയ്യാറാക്കല്‍ എന്നിവയില്‍ സുപ്രധാന പങ്കുവഹിച്ചു
4. ഡോ. അദീല്‍ അഹമ്മദ് റാത്തര്‍- കേസിലെ പ്രധാന പ്രതി. റിക്രൂട്ട്‌മെന്റിലും സ്‌ഫോടനത്തിനുള്ള ചരക്കുകളുടെ നീക്കത്തിലും പങ്കുണ്ടെന്ന് സംശയിക്കുന്നു.
5. ഡോ. ഷഹീന്‍ സയീദ്- പ്രധാന പ്രതി. മൊഡ്യൂളിലെ ആസൂത്രണവും പ്രത്യയശാസ്ത്രം പ്രചരിപ്പിക്കലുമായി ബന്ധപ്പെട്ടിരിക്കുന്നു.
6. മുഫ്തി ഇര്‍ഫാന്‍ അഹമ്മദ് വാഗേ- പ്രധാന പ്രതി. ആക്രമണം നടത്തുന്നവര്‍ക്ക് പ്രത്യയശാസ്ത്രപരമായ മാര്‍ഗനിര്‍ദേശവും തന്ത്രപരമായ പിന്തുണയും വാഗ്ദാനം ചെയ്തതായി ആരോപിക്കപ്പെടുന്നു.
7. സോയബ്- കേസിലെ പ്രധാന പ്രതിയും ചാവേറുമായ ഡോ. ഉമര്‍ നബിക്ക് ചരക്കുകളുടെ നീക്കത്തിന് പിന്തുണയും അഭയവും നല്‍കി.
പ്രതികളുടെ നീക്കങ്ങളും സ്‌ഫോടകവസ്തുക്കള്‍ ആസൂത്രണം ചെയ്യുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും ഉപയോഗിച്ച സ്ഥലങ്ങളും പരിശോധിക്കുന്നതിനായി എന്‍ഐ ഉദ്യോഗസ്ഥര്‍ അല്‍ ഫലാ സര്‍വകലാശാല സന്ദര്‍ശിച്ചിരുന്നു. മൊഡ്യൂളിന്റെ ഭാഗമായ ശേഷിക്കുന്ന അംഗങ്ങളെ തിരിച്ചറിയുന്നതിനായി പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ എന്‍ഐഎ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
