ചാന്ദ്‌നി ചൗക്കിലെ മെട്രോ ഗേറ്റ് നമ്പർ 1 ന് സമീപം തിങ്കളാഴ്ച വൈകുന്നേരം 12 പേർ കൊല്ലപ്പെട്ട ചാവേർ സ്ഫോടനം നടത്തിയത് ഉമറാണെന്ന് പരിശോധനാ ഫലങ്ങൾ സ്ഥിരീകരിക്കുന്നുവെന്ന് അവർ പറഞ്ഞു. ഇതോടെ ഹരിയാനയിലെ അൽ-ഫലാ യൂണിവേഴ്സിറ്റിയും റെഡ് ഫോർട്ടിന് സമീപമുള്ള സ്ഫോടനവും തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു.
സ്ഫോടനമുണ്ടായ ഹ്യുണ്ടായ് i20 കാറിനുള്ളിൽ ഉമറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. ഉമറിന്‌റെ ഡിഎൻഎ മാതാവിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി യോജിക്കുന്നതാണ്. വാഹനത്തിൽ നിന്ന് കണ്ടെത്തിയ എല്ലുകളും പല്ലുകളും ഉമറിന്റെ കുടുംബാംഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി താരതമ്യം ചെയ്താണ് ഈ പൊരുത്തം സ്ഥിരീകരിച്ചത്.
advertisement
സ്ഫോടനത്തിന് ശേഷം ഉമർ നബിയുടെ കാൽ സ്റ്റിയറിംഗ് വീലിനും ആക്സിലറേറ്ററിനും ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു എന്നാണ് ഡൽഹി പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തത്.
ആക്രമണത്തിന് മുമ്പ് ഉമർ രാംലീല മൈതാനത്തിന് സമീപമുള്ള ആസഫ് അലി റോഡിലെ ഒരു മസ്ജിദിൽ താമസിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മസ്ജിദിൽ നിന്ന് പോയ ശേഷം അദ്ദേഹം നേരെ സുനേഹ്രി മസ്ജിദ് പാർക്കിംഗ് ഗ്രൗണ്ടിലേക്ക് പോയി. അവിടെ വെച്ച് ഉച്ചക്ക് 3.19 ഓടെ i20 കാർ പാർക്ക് ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഡാറ്റയും സിഗ്നൽ ഹിസ്റ്ററിയും അന്വേഷണ ഏജൻസികൾ ഇപ്പോൾ വിശദമായി പരിശോധിച്ചു വരികയാണ്.
പുൽവാമയിലെ കോയിൽ ഗ്രാമവാസിയായ ഡോ. ഉമർ നബി ഫരീദാബാദിലെ ഒരു കോളേജിൽ ഫാക്കൽറ്റി അംഗമായി ജോലി ചെയ്യുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച, അദ്ദേഹത്തിന്റെ അമ്മ ഷമീമ ബീഗത്തെ രണ്ട് മക്കളോടൊപ്പം ഡിഎൻഎ പരിശോധനയ്ക്കായി പുൽവാമയിലേക്ക് കൊണ്ടുപോയിരുന്നു. i20 കാറിന്റെ വിൽപ്പനയിലും വാങ്ങലുമായി ബന്ധപ്പെട്ട മൂന്ന് പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എന്നാൽ ഈ വിവരങ്ങൾ വിശ്വസിക്കാൻ കുടുംബത്തിന് പ്രയാസമുണ്ടെന്ന് ഉമറിന്റെ സഹോദര ഭാര്യ മുസമ്മിൽ പറഞ്ഞു. “അദ്ദേഹം ശാന്തനും അന്തർമുഖനുമായിരുന്നു. എപ്പോഴും പഠനത്തിലും ജോലിയിലും ശ്രദ്ധിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവർത്തനങ്ങളിൽ അദ്ദേഹം ഉൾപ്പെടാൻ സാധ്യതയില്ല,” അവർ പറഞ്ഞു. ഉമർ അവസാനമായി കാശ്മീരിൽ വന്ന് പോയത് ഏകദേശം രണ്ട് മാസം മുമ്പാണെന്നും അവർ കൂട്ടിച്ചേർത്തു.
ഡൽഹി പോലീസിന്റെ പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് സ്ഫോടനത്തിനായി അമോണിയം നൈട്രേറ്റ്, ഫ്യുവൽ ഓയിൽ, ഡിറ്റണേറ്ററുകൾ എന്നിവ ഉപയോഗിച്ചു എന്നാണ്. നേരത്തെ ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതിന് സമാനമാണ് ഈ വസ്തുക്കൾ.
ഗൂഢാലോചന, ഭീകരാക്രമണത്തിന്റെ നടത്തിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി ഡൽഹി പോലീസ് യുഎപിഎ , സ്ഫോടകവസ്തു നിയമം എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കായി ആഭ്യന്തര മന്ത്രാലയം കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എഎൻഐ) കൈമാറിയിട്ടുണ്ട്.
