സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന സുരജിതിനൊപ്പമായിരുന്നു മാതാപിതാക്കൾ കഴിഞ്ഞിരുന്നത്. വയോധികരായ ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത് മുതൽ തന്നെ യുവാവ് കടുത്ത വിഷാദത്തിലായിരുന്നു എന്നാണ് ഇയാളുടെ ഭാര്യ പറയുന്നത്. കോവിഡ് സ്ഥിരീകരിച്ച പിതാവ് തിൻകാരി (81) വീട്ടിൽ തന്നെ ക്വറന്‍റീനിൽ തുടരുകയായിരുന്നു. അമ്മയുടെ അവസ്ഥ മോശമായതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
Also Read-കടം വാങ്ങിയ 100 രൂപയെച്ചൊല്ലി തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു; ഒരാള്‍ അറസ്റ്റിൽ
advertisement
മാതാപിതാക്കളുടെ രോഗം യുവാവിനെ കടുത്ത വിഷമത്തിലാക്കിയിരുന്നു. അവരെ തനിക്ക് നഷ്ടമാകുമോയെന്ന ഭയവും ഇയാൾക്കുണ്ടായിരുന്നതായാണ് ബന്ധുക്കളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ. ആകെ വിഷാദത്തിലായിരുന്ന സുരജിത്ത്, ഇക്കഴിഞ്ഞ ശനിയാഴ്ച സ്വന്തം മുറിയിൽ നിന്നും പുറത്തു വന്നിരുന്നില്ല. ഭാര്യ പലതവണ വിളിച്ചിട്ടും പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വാതിൽ തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ സുരജിത്തിനെ കാണുന്നത്. മകന്‍റെ മരണവിവരം അറിഞ്ഞ ഞെട്ടലിൽ ഹൃദയാഘാതമുണ്ടായി 81കാരനായ പിതാവും മരണപ്പെടുകയായിരുന്നു.
'മാതാപിതാക്കളുടെ ആരോഗ്യനില സംബന്ധിച്ച ആശങ്കയിൽ എന്‍റെ ഭർത്താവ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിഷമത്തിലായിരുന്നു. ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മാതാപിതാക്കളെ അദ്ദേഹം അത്രയ്ക്ക് സ്നേഹിച്ചിരുന്നു അതിൽ തെറ്റൊന്നുമില്ല. പക്ഷെ അദ്ദേഹം ഇല്ലെങ്കിൽ അവർക്ക് എന്ത് സംഭവിക്കുമെന്ന് പോലും ചിന്തിച്ചില്ല. എന്നെയും മകനെയും കുറിച്ചും ചിന്തിച്ചില്ല' എന്നായിരുന്നു സുരജിതിന്‍റെ ഭാര്യ രൂപയുടെ വാക്കുകൾ.
ഭർത്താവും ഭർത്തൃപിതാവും മരണപ്പെട്ടതോടെ കുടുംബ ചിലവുകൾക്കായി സർക്കാരിന്‍റെ സഹായം തേടിയിരിക്കുകയാണ് രൂപ. ഇവരുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി) -048-42448830, മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)- 011-23389090, കൂജ് (ഗോവ)- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)