'കോൺഗ്രസുമായോ എഐഎംഐഎമ്മുമായോ ഉള്ള യാതൊരുവിധത്തിലുമുള്ള സഖ്യവും അംഗീകരിക്കില്ലെന്ന് ഞാൻ വളരെ വ്യക്തമായി പറയുകയാണ്. ഏതെങ്കിലും പ്രാദേശിക നേതാവ് സ്വന്തമായി അത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ, അത് അച്ചടക്ക ലംഘനമാണ്, നടപടി സ്വീകരിക്കും,' ഫഡ്നാവിസ് ഒരു വാർത്താ ചാനലിനോട് പറഞ്ഞു. സഖ്യങ്ങൾ പിൻവലിക്കാൻ ഇതിനകം തന്നെ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞമാസം നടന്ന സിവിൽ തിരഞ്ഞെടുപ്പിന് പിന്നാലെ മുനിസിപ്പൽ കൗൺസിലുകളിൽ എതിർപാർട്ടികളുമായി ബി.ജെ.പി. സഖ്യത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. സഖ്യകക്ഷികളിൽ നിന്നും പ്രതിപക്ഷത്തുനിന്നും രൂക്ഷമായ വിമർശനത്തിന് ഇത് ഇടയാക്കിയിരുന്നു.
advertisement
അംബർനാഥിൽ, സഖ്യകക്ഷിയായ ശിവസേനയെ മാറ്റിനിർത്തി 'അംബർനാഥ് വികാസ് അഘാഡി' എന്ന പേരിൽ ബി.ജെ.പി. കോൺഗ്രസുമായും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുമായും (എൻ.സി.പി.) കൈകോർത്ത് മുനിസിപ്പൽ കൗൺസിൽ നേതൃത്വം രൂപീകരിച്ചിരുന്നു. ബി.ജെ.പി. കൗൺസിലർ തേജശ്രീ കരഞ്ചുലെ പാട്ടീൽ ബുധനാഴ്ച കൗൺസിൽ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ശിവസേനയുടെ മനീഷ വാലേക്കറെ പരാജയപ്പെടുത്തിയാണ് അവർ കൗൺസിൽ പ്രസിഡന്റായത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉടൻ നടക്കും.
ശിവസേന ഈ നീക്കത്തെ 'അധാർമികവും അവസരവാദപരവുമാണെന്ന്' വിശേഷിപ്പിച്ചിരുന്നു. ശിവസേന എം.എൽ.എ. ഡോ. ബാലാജി കിനികർ ഈ നടപടിയെ സഖ്യധർമത്തിന്റെ വഞ്ചനയാണെന്ന് വിശേഷിപ്പിക്കുകയും ബി.ജെ.പിയുടെ ദേശീയ മുദ്രാവാക്യമായ 'കോൺഗ്രസ് മുക്ത ഭാരതം' എന്നതിന് എതിരാണെന്ന് പറയുകയും ചെയ്തു.
അംബർനാഥിനെ അഴിമതിയിൽ നിന്നും ഭീഷണിയിൽ നിന്നും മോചിപ്പിക്കുന്നതിനാണ് സഖ്യം രൂപീകരിച്ചതെന്ന് സഖ്യനേതാവായ ബി.ജെ.പി. കോർപ്പറേറ്റർ അഭിജിത് കരഞ്ചുലെ പാട്ടീൽ പറഞ്ഞു. സേന അദ്ദേഹത്തിന്റെ ഈ അവകാശവാദം തള്ളുകയും ചെയ്തു.
അകോട്ടിൽ, ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യു.ബി.ടി.), ഏക്നാഥ് ഷിൻഡെയുടെ ശിവസേന, അജിത് പവാറിന്റെ എൻ.സി.പി., ശരദ് പവാറിന്റെ എൻ.സി.പി. (എസ്.പി), പ്രഹാർ ജനശക്തി പാർട്ടി എന്നിവയുടെ പിന്തുണയോടെ എ.ഐ.എം.ഐ.എമ്മുമായി ചേർന്ന് ബി.ജെ.പി. 'അകോട്ട് വികാസ് മഞ്ച്' രൂപീകരിച്ചു. 35 അംഗ കൗൺസിലിൽ ബി.ജെ.പി. 11 സീറ്റുകളാണ് നേടിയത്. എ.ഐ.എം.ഐ.എം. അഞ്ച് സീറ്റുകൾ നേടി. മറ്റ് പാർട്ടികളുടെ പിന്തുണയോടെ, സഖ്യത്തിന്റെ ശക്തി 25 ആയി ഉയർന്നു.
ബി.ജെ.പിയുടെ മായ ധൂലെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു, എഐഎംഐഎമ്മിന്റെ ഫിറോസാബി സിക്കന്ദർ റാണയെയാണ് പരാജയപ്പെടുത്തിയത്. രവി ഠാക്കൂറിനെ ബി.ജെ.പി. നേതാവായി നിയമിച്ചു. ജനുവരി 13 ന് നടക്കാനിരിക്കുന്ന ഡെപ്യൂട്ടി മേയർ, കമ്മിറ്റി തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ബുധനാഴ്ച അകോല ജില്ലാ ഭരണകൂടത്തിൽ സഖ്യം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു.
''അകോട്ടിലും അംബർനാഥിലും ബി.ജെ.പിയുടെ ബാലിശമായ പെരുമാറ്റമാണ് വ്യക്തമാക്കുന്നത്. അധികാരം പിടിച്ചെടുക്കുന്നതിന് പാർട്ടി ആരുമായും സഖ്യമുണ്ടാക്കും,'' സംഭവത്തോട് പ്രതികരിക്കവെ ശിവസേന(യു.ടി.ബി.) എം.പി. സഞ്ജയ് റാവുത്ത് പറഞ്ഞു.
എന്നാൽ, പ്രാദേശിക തലത്തിലുള്ള ഇത്തരം സഖ്യങ്ങൾ പാർട്ടി അച്ചടക്കത്തിന്റെ ലംഘനമാണെന്നും ഇതിന് ഉത്തരവാദികളായവർക്കെതിരേ നടപടിയെടുക്കുമെന്നും ഫഡ്‌നാവിസ് ആവർത്തിച്ചു.
