ബീഹാറില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രത്യേക തീവ്ര പുനരവലോകനത്തിന് (Special Intensive Revision -SIR) ശേഷം തയ്യാറാക്കിയ കരട് വോട്ടര്‍പട്ടികയില്‍ 65 ലക്ഷം വോട്ടര്‍മാരെ കാണാനില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ മരിച്ചവരോ, രണ്ട് സ്ഥലങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവരോ അല്ലെങ്കില്‍ സ്ഥിരമായി ബീഹാറിന് പുറത്ത് കുടിയേറിയവരോ ആണെന്ന് കമ്മിഷന്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട്ടില്‍ ആശങ്ക ഉയര്‍ന്നത്.
തമിഴ്‌നാട്ടിലെ അതിഥി തൊഴിലാളികള്‍ക്ക് വോട്ടര്‍ ഐഡികള്‍ നല്‍കുന്നത് ഭാവിയില്‍ വലിയ രാഷ്ട്രീയ മാറ്റത്തിന് കാരണമാകുമെന്ന് വെല്ലൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ പറഞ്ഞു.
advertisement
"തമിഴ്‌നാട് വോട്ടര്‍ പട്ടികയില്‍ ബീഹാറില്‍ നിന്നുള്ള 6.5 ലക്ഷം അതിഥി തൊഴിലാളികളെ ഇതിനോടകം ചേര്‍ന്നിട്ടുണ്ടെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ലക്ഷക്കണക്കിന് അതിഥി തൊഴിലാളികൾ ഇതിനോടകം തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്നുണ്ട്. ഇത് തമിഴ് മണ്ണിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും നേരെയുള്ള വെല്ലുവിളിയാണ്," തമിഴ്‌ഗ വാഴ്മുരിമൈ കച്ചി സ്ഥാപകന്‍ ടി. വേല്‍മുരുകന്‍ പറഞ്ഞു.
ഈ വിഷയം പരിഹരിക്കുന്നതിനായി ഒരു സര്‍വകക്ഷി യോഗം വിളിക്കണമെന്ന് വിസികെ പ്രസിഡന്റ് തോല്‍ തിരുമാവളവന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ആവശ്യപ്പെട്ടു. ''അടുത്ത വര്‍ഷമാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ തമിഴ്‌നാട്ടിലും എസ്‌ഐആര്‍ നടക്കും. അപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് വരുന്ന അതിഥി തൊഴിലാളികളെ തമിഴ്‌നാട്ടിലെ വോട്ടര്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കും,'' തിരുമാവളവന്‍ പറഞ്ഞു. "ഇത് സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ സാഹചര്യങ്ങളെയും മാറ്റി മറിക്കും," അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉത്തരേന്ത്യയില്‍ നിന്നുള്ള ആളുകളെ തമിഴ്‌നാട്ടിലെ വോട്ടര്‍മാരാക്കി മാറ്റാന്‍ ശ്രമിക്കുന്നത് തമിഴ്‌നാട്ടിലെ ജനങ്ങളോടുള്ള വലിയ അനീതിയാണെന്ന് എന്‍ടികെ കോര്‍ഡിനേറ്റര്‍ സീമാന്‍ പറഞ്ഞു.
Summary: DMK and allies oppose the EC move to add 6.5 lakh Bihar voters in Tamil Nadu