ഡോ. രുദ്രേഷ് കുട്ടിക്കര്‍ പറഞ്ഞത്
ആരോഗ്യമന്ത്രിയുടെ ക്ഷമാപണം തള്ളിക്കളഞ്ഞ ഡോക്ടര്‍ അതിനെ ഒരു സ്റ്റുഡിയോ ക്ഷമാപണം എന്നാണ് വിശേഷിപ്പിച്ചത്. സംഭവം നടന്ന സ്ഥലത്തെത്തി ക്ഷമാപണം നടത്തണമെന്ന് അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക് മുന്നില്‍വെച്ച് മന്ത്രി ക്ഷമാപണം നടത്തണ ആവശ്യത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണ്.
സംഭവത്തില്‍ ഡോ. കുട്ടിക്കറും ഗോവ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ മറ്റ് ഡോക്ടര്‍മാരും സമരം തുടരുമെന്നും റാണെ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ മെഡിക്കല്‍ സേവനങ്ങള്‍ നിറുത്തിവയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്.
advertisement
''മന്ത്രി ക്ഷമ പറയുന്ന വീഡിയോ ഞാന്‍ കണ്ടു. ഇത് സ്റ്റുഡിയോയില്‍ നിര്‍മിച്ചെടുത്ത ഒരു ക്ഷമാപണമാണ്. രോഗികളുടെ മുന്നില്‍വെച്ച് സംഭവം നടന്ന സ്ഥലത്ത് ക്ഷമാപണം നടത്തണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. എല്ലാ ഡോക്ടര്‍മാരും അതുതന്നെയാണ് ആവശ്യപ്പെടുന്നത്. മന്ത്രി ശകാരിക്കുന്ന വീഡിയോ വൈറലായതോടെ വലിയ അപമാനമാണ് ഞാൻ നേരിട്ടത്. 24 മണിക്കൂറിനുള്ളില്‍ ഞാന്‍ നേരിട്ട അപമാനത്തിനുള്ള ക്ഷമാപണം എല്ലാവരും അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,'' ഡോക്ടര്‍ പറഞ്ഞു.
എന്താണ് വിവാദം
ഗോവ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ(ജിഎംസിഎച്ച്) ചീഫ് മെഡിക്കല്‍ ഓഫീസറെ(സിഎംഒ) കഴിഞ്ഞയാഴ്ച സസ്‌പെന്‍ഡ് ചെയ്തതോടെയാണ് റാണ വിവാദത്തിലായത്. ഡോ.രുദ്രേഷ് കുട്ടിക്കറിനെതിരേ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശിച്ച റാണെ അയാളെ ശകാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ''നിങ്ങളൊരു ഡോക്ടറാണ്. നിങ്ങളുടെ നാവിനെ നിയന്ത്രിക്കാന്‍ നിങ്ങള്‍ പഠിക്കണം. സാധാരണ എന്റെ ക്ഷമ ഞാന്‍ കൈവിടാറില്ല. പക്ഷെ നിങ്ങള്‍ പെരുമാറ്റത്തില്‍ ശാന്തത പുലര്‍ത്തണം. എത്ര തിരക്കുണ്ടെങ്കിലും നിങ്ങള്‍ രോഗികളോട് ശരിയായ രീതിയില്‍ പെരുമാറണം,'' റാണെ വീഡിയോയില്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് എല്ലാവരുടെയും മുന്നില്‍വെച്ച് ഡോക്ടറെ ആരോഗ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിന് പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആരോഗ്യമന്ത്രി റാണെയുമായി സംസാരിക്കുകയും ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യില്ലെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ പുറത്താക്കിയ മന്ത്രിയുടെ നടപടിയെ സോഷ്യല്‍ മീഡിയയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും നിശിതമായി വിമര്‍ശിച്ചു.
മന്ത്രിയുടെ ക്ഷമാപണം
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തന്റെ അപ്പോഴത്തെ പെരുമാറ്റം ശരിയായില്ലെന്നും അല്‍പം കൂടി വിവേകത്തോടെ സംസാരിക്കണമായിരുന്നുവെന്നും റാണെ സമ്മതിച്ചു. എന്നാല്‍, ക്ഷമാപണം നടത്താന്‍ അദ്ദേഹം ആദ്യം വിസമ്മതിച്ചു.
''ആശുപത്രി സന്ദര്‍ശനത്തിനിടെ ഡോക്ടര്‍ രുദ്രേഷ് കുട്ടിക്കറിനോട് പരുഷമായി പെരുമാറിയതിന് ഹൃദയത്തില്‍ നിന്ന് ഞാന്‍ ക്ഷമ ചോദിക്കുന്നു. പെട്ടെന്നുണ്ടായ ക്ഷോഭത്തിന്റെ പുറത്താണ് ഞാന്‍ അങ്ങനെ പെരുമാറിയത്. ഈ പെരുമാറ്റത്തില്‍ ഞാന്‍ അഗാധമായി ഖേദിക്കുന്നു. ഒരു ഡോക്ടറിന്റെ അന്തസ്സിനെ താഴ്ത്തിക്കെട്ടാനോ അനാദരിക്കാനോ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല,'' റാണെ പറഞ്ഞു.
പരസ്യമായി മാപ്പുപറയണമെന്ന് ഡോക്ടര്‍മാര്‍
ഗോവന്‍ ആരോഗ്യ മന്ത്രിയുടെ പെരുമാറ്റത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അപലപിച്ചു. മന്ത്രിയുടെ പെരുമാറ്റം അപമാനിക്കുന്നതാണെന്നും ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആരോഗ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൗണ്‍സില്‍, ഡോക്ടര്‍മാര്‍, കണ്‍സള്‍ട്ടന്റുകള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ജിഎംഎസിഎച്ചിലെ ഇന്റേണുകള്‍ എന്നിവര്‍ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.