ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാർഥ സുഹൃത്താണെന്നും ഇന്ത്യയിൽ ലഭിച്ച സ്വീകരണത്തിന് നന്ദി പറയുന്നതായും ട്രംപ്. ഇവിടെ ലഭിച്ച ആതിഥേയത്വത്തിനും നന്ദി പറയുന്നു. മോദി ഇന്ത്യയുടെ ചാംപ്യനാണ്. ഇവിടെ ലഭിച്ച സ്വീകരണം എന്നും ഓർക്കും. 8000 കിലോമീറ്റർ യാത്ര ചെയ്ത് ഇവിടെയെത്തിയത് ഇന്ത്യയെ അമേരിക്ക സ്നേഹിക്കുന്നുവെന്ന് പറയാനാണ്. ഞങ്ങളുടെ ഹൃയങ്ങളിൽ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും ട്രംപ് പറഞ്ഞു.
Donald Trump India Visit: സബർമതിയിൽ ചർക്കയിൽ നൂൽനൂറ്റ് ഡൊണാൾഡ് ട്രംപ്
advertisement
ചായക്കടക്കാരനായി ജീവിതം തുടങ്ങിയ മോദി വമ്പൻ തെരഞ്ഞെടുപ്പ് വിജയത്തോടെയാണ് വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയായതെന്ന് ട്രംപ് പറഞ്ഞു. കഠിനാധ്വാനത്തിലൂടെ എന്തും നേടാനാകുമെന്ന് തെളിയിച്ച നേതാവാണ് മോദി. അദ്ദേഹം അടുത്ത സുഹൃത്താണെന്നും ട്രംപ് പറഞ്ഞു. മാനവരാശിക്ക് വലിയ പ്രതീക്ഷ നൽകുന്ന രാജ്യമാണ് ഇന്ത്യയെന്ന് ട്രംപ് പറഞ്ഞു. 70 വർഷം കൊണ്ട് ഏറ്റവും വലിയ ജനാധിപത്യരാജ്യമായി മാറാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഗ്രാമങ്ങൾ പോലും വൈദ്യുതികരിക്കാൻ കഴിഞ്ഞത് ശ്രദ്ധേയമാണ്. 30 കോടിയിലേറെ പേർക്ക് ഇവിടെ ഇന്‍റർനെറ്റ് ലഭ്യമായി കഴിഞ്ഞു. അധികംവൈകാതെ ഏറ്റവുമധികം മധ്യവർഗക്കാരുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും ട്രംപ് പറഞ്ഞു.
മോദി ഗുജറാത്തിന്‍റെ മാത്രം അഭിമാനമല്ലെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. കഠിനാധ്വാനത്തിന്‍റെയും അർപ്പണമനോഭാവത്തിന്‍റെയും ജീവിക്കുന്ന ഉദാഹരണമാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന്‍റെ കീഴിൽ ഇന്ത്യക്കാർക്ക് എന്തും സാധ്യമാകും. ഇന്ത്യയുടെ വളർച്ചയിൽ മുന്നിൽനിന്നാണ് മോദി നയിക്കുന്നത്. 2000 സിനിമകൾ ബോളിവുഡിൽനിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. മികച്ച സിനിമകൾ പിറവിയെടുക്കുന്ന കേന്ദ്രം കൂടിയാണ് ഇന്ത്യ. നിരവധി ജനവിഭാഗങ്ങളും ഭാഷകളും ഉള്ള രാജ്യമാണെങ്കിലും ഏകത്വമാണ് ഇന്ത്യയെന്ന മഹാ രാജ്യത്തിന്‍റെ കരുത്ത് എന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ-യുഎസ് സൗഹൃദം എക്കാലവും നീണ്ടുനിൽക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്ക് അമേരിക്കൻ പ്രസിഡന്‍റിനെ സ്വാഗതം ചെയ്യുന്നു. മൊട്ടേര സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ജനങ്ങൾ പ്രകടിപ്പിക്കുന്നത് ഇന്ത്യയുടെ വികാരമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. നിറഞ്ഞ കൈയടികളോടെയാണ് ജനാവലി ഇരു ലോകനേതാക്കളുടെയും വാക്കുകളെ വരവേറ്റത്. അഹമ്മദാബാദിലെ പുനർനിർമ്മിച്ച മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. ഒരു ലക്ഷത്തിലേറെ ആളുകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
ആദ്യ ഇന്ത്യൻ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് രാജകീയ വരവേൽപ്പാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. വിമാനത്താവളത്തിൽനിന്ന് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും സബർമതി ആശ്രമത്തിലെത്തി. ട്രംപും ഭാര്യയും ചേർന്ന് ചർക്കയിൽ നൂൽ നൂറ്റു. അതിനുശേഷം ഗാന്ധിചിത്രത്തിൽ ട്രംപ് മാല ചാർത്തി.
സബർമതി ആശ്രമത്തിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും പാദരക്ഷകൾ ഒഴിവാക്കിയിരുന്നു. ഏകദേശം 20 മിനുട്ടോളം സബർമതി ആശ്രമത്തിൽ ചെലവഴിച്ച ട്രംപിനും ഭാര്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്രമത്തിലെ പ്രത്യേകതകൾ വിവരിച്ചുനൽകി. നേരത്തെ വിമാനത്താവളത്തിൽനിന്ന് 22 കീലോമീറ്റർ ദൈർഘ്യമുളള റോഡ് ഷോയിൽ ഡോണൾഡ് ട്രംപും നരേന്ദ്രമോദിയും ഭാഗമായി. ഇന്ത്യയുടെ വൈവിധ്യം വിളിച്ചോതുന്ന വാദ്യ കലാപരിപാടികളാണ് ട്രംപിനായി ഒരുക്കിയത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംഘവും ഇന്ത്യയിലെത്തിയത്. ഭാര്യ മെലാനിയ, മകൾ ഇവാൻക, ഇവാൻകയുടെ ഭർത്താവ് ജെറാദ് കുഷ്നർ തുടങ്ങി വലിയൊരു പ്രതിനിധി സംഘവും ട്രംപിനൊപ്പമുണ്ട്. മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍നിന്നാണ് ഇവർ പുറപ്പെട്ടത്. 11.40ഓടെയാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ അമേരിക്കയുടെ എയർഫോഴ്സ് വൺ വിമാനം ഇറങ്ങിയത്.
