വാഷിംഗ്ടണ്‍: ഇന്ത്യയിലെ മികച്ച സുഹൃത്തുക്കളുമായി ഒത്തു ചേരാൻ കാത്തിരിക്കുകയാണെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെത്താന്‍ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് സുഹൃത്തുക്കളെ ഓർത്തുകൊണ്ടുള്ള ട്രംപിന്റെ ട്വീറ്റ്. മോർഫ് ചെയ്ത ഒരു മാഷപ്പ് വീഡിയോ കൂടി പങ്കു വച്ചു കൊണ്ടാണ് ട്വീറ്റ്.
ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലെ രംഗങ്ങൾ കോർത്തിണക്കിയ 81 സെക്കൻഡുള്ള ഒരു വീഡിയോ ആയിരുന്നു ഇത്. ബാഹുബലിയായി ട്രംപിനെയാണ് വീഡിയോയിൽ മോർഫ് ചെയ്ത് വച്ചിരിക്കുന്നത്. ശത്രുക്കളോട് പൊരുതി തന്റെ രാജ്യത്ത് ശാന്തിയും സമാധാനവും ഉറപ്പാക്കുന്ന പോരാളിയായാണ് ട്രംപിനെ വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.
ബാഹുബലിയായി ട്രംപ് എത്തുമ്പോൾ ദേവസേനയായി ഭാര്യ മെലാനിയയും വീഡിയോയിലുണ്ട്. ഭാര്യയെ രഥത്തിലിരുത്തി വരുന്ന തേരാളിയാണ് വീഡിയോയിൽ ട്രംപ്. മകൻ ഡൊണാൾഡ് ജൂനിയറും മകൾ ഇവാൻകയും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ത്യയും യുഎസും ഒന്നിക്കുന്നു എന്നെഴുതിയാണ് വീഡിയോ അവസാനിക്കുന്നത്.
ട്രംപിന്റെ കടുത്ത ആരാധിക എന്ന് സ്വയം വിശേഷിപ്പിക്കുന്ന സോൾ മീമ്സ് എന്ന ട്വിറ്റർ ഹാൻഡില്‍ വഴിയാണ് വീഡിയോ ആദ്യം പുറത്തുവന്നത്. യുഎസ് പ്രസിഡന്റ് തന്നെ റീട്വീറ്റ് ചെയ്തതോടെ ഇത് വൈറലാവുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.