സ്ത്രീകൾ രാത്രിയിലെ പാർട്ടികളിൽ പങ്കെടുക്കുന്നതോ വിജനമായ പ്രദേശങ്ങളിൽ പോകുന്നതോ ബലാത്സംഗത്തിനോ കൂട്ടബലാത്സംഗത്തിനോ കാരണമാകുമെന്ന മുന്നറിയിപ്പുമായി പോസ്റ്ററുകൾ. ഗുജറാത്തിലെ അഹമ്മദാബാദിലാണ് പോസ്റ്ററുകൾ സ്ഥാപിച്ചത്. എന്നാൽ പോസ്റ്ററിലെ വാചകങ്ങൾ വ്യാപകമായ പ്രതിഷേധത്തിനിടെയാക്കിയതോടെ പോലീസ് പെട്ടന്നുതന്നെ അവ നീക്കം ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തു.
"രാത്രി വൈകിയുള്ള പാർട്ടിയിൽ പോകുന്നത് ബലാത്സംഗത്തെയോ കൂട്ടബലാത്സംഗത്തെയോ ക്ഷണിച്ചുവരുത്തും", "ഇരുട്ടുള്ളതും ആളൊഴിഞ്ഞതുമായ പ്രദേശങ്ങളിൽ സുഹൃത്തുക്കളോടൊപ്പം പോകരുത്, നിങ്ങളെ ബലാത്സംഗം ചെയ്യുകയോ കൂട്ടബലാത്സംഗം ചെയ്യുകയോ ചെയ്‌തേക്കാം" തുടങ്ങിയ സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചത്. കുറ്റകൃത്യം ചെയ്യുന്നവരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഇരകളെ കുറ്റപ്പെടുത്തുകയാണ് പോസ്റ്ററുകളിലെന്ന് വനിതാ അവകാശ വക്താക്കളും പ്രദേശവാസികളും പറഞ്ഞു. പോസ്റ്ററുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് പ്രതിഷേധം രൂക്ഷമായതോടെയാണ് പൊലീസ് പോസ്റ്ററുകൾ നീക്കം ചെയ്തത്.
advertisement
പോസ്റ്ററുകളുടെ ഉള്ളടക്കത്തിന്റെ ശരിയായ പരിശോധന നടത്താതെയാണ് പോസ്റ്ററുകൾ സ്ഥാപിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക് വെസ്റ്റ്) നീത ദേശായിയും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (ട്രാഫിക് അഡ്മിൻ) ശൈലേഷ് മോദിയും സമ്മതിച്ചു. ട്രാഫിക്, സുരക്ഷാ അവബോധ പ്രചാരണത്തിന്റെ ഭാഗമായി 'സതർകത' എന്ന സംഘടനയാണ് പോസ്റ്ററുകൾ നിർദ്ദേശിച്ചതെന്നും എന്നാൽ അതിലെ വാചകങ്ങളെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും പോലീസ് വ്യക്തമാക്കി.
സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് അവരെ കുറ്റപ്പെടുത്തുന്ന മനോഭാവമാണ് പോസ്റ്ററിലുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്. ഇത്തരം സന്ദേശങ്ങൾ സ്ത്രീകളെയാണ് കുറ്റപ്പെടുത്തുന്നത്, എന്നാൽ യഥാർത്ഥ ഉത്തരവാദിത്തം സിസ്റ്റത്തിന്റെതാണെന്ന് ഘട്‌ലോഡിയ നിവാസിയായ ഭൂമി പട്ടേൽ പറഞ്ഞു. “സ്ത്രീ സുരക്ഷയെ പരിഹസിക്കുന്ന” “സദാചാര പോലീസിംഗ്” എന്നാണ് പോസ്റ്ററിനെ വിമർശിച്ച് മറ്റൊരാൾ പറഞ്ഞത്. ഇരകളെ കുറ്റപ്പെടുത്തുകയും സുരക്ഷയ്ക്ക് ഉത്തരവാദിത്തമുള്ള സ്ഥാപനങ്ങളെ കുരുക്കിൽ നിന്ന് ഒഴിവാക്കാൻ അനുവദിക്കുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയാണ് ഈ പോസ്റ്ററുകൾ തുറന്നുകാട്ടുന്നതെന്ന് പ്രദേശവാസിയായ ഒരു സ്ത്രീ അഭിപ്രായപ്പെട്ടു.