മുഡാ ഭൂമി ഇടപാടില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉള്‍പ്പെട്ടതായി ആരോപണമുയരുന്നുണ്ട്. മൈസൂരു നഗര വികസന അതോറിറ്റിയുടെ ഭൂമി സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് അടക്കം അനധികൃതമായി പതിച്ചുനല്‍കിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റികളുടെയും ഉന്നത ഉദ്യോഗസ്ഥരും ബിനാമികളും ബന്ധുക്കളും മുഡാ ഉദ്യോഗസ്ഥരുമുള്‍പ്പെടെ വിവിധ വ്യക്തികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
മൈസൂര്‍ നഗര വികസന അതോറിറ്റിയുടെ ഏകദേശം 300 കോടി രൂപ വിപണി മൂല്യമുള്ള 160 സ്വത്തുവകകള്‍ നേരത്തെ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് 100 കോടി രൂപ മൂല്യം വരുന്ന 92 പ്രോപ്പര്‍ട്ടികള്‍ കൂടി കണ്ടുകെട്ടിയത്. ഈ സ്വത്തുക്കളുടെയെല്ലാം മൊത്തം വിപണി മൂല്യം ഏതാണ്ട് 400 കോടി രൂപയാണെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
advertisement
വിവരാവകാശ പ്രവര്‍ത്തകനായ സ്‌നേഹമയി കൃഷ്ണയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. മൈസൂരിലെ ലോകായുക്ത പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. സിദ്ധരാമയ്യയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ 1860 ഐപിസിയിലെ വിവിധ വകുപ്പുകളും 1988-ലെ അഴിമതി നിരോധന നിയമ പ്രകാരവുമാണ് ലോകായുക്ത പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മൈസൂര്‍ നഗര വികസന അതോറിറ്റിയുടെ ഭൂമി വിവിധ ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലംഘിച്ച് വഞ്ചനാപരമായ മാര്‍ഗ്ഗങ്ങളിലൂടെ വിവിധ വ്യക്തികള്‍ക്ക് പതിച്ചുനല്‍കിയതായി അന്വേഷണത്തില്‍ ഇഡി കണ്ടെത്തി. വലിയ തോതിലുള്ള അഴിമതി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും ഇഡി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അനര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നിയമവിരുദ്ധമായി സ്ഥലം അനുവദിച്ചതില്‍ ജിടി ദിനേശ് കുമാര്‍ ഉള്‍പ്പെടെയുള്ള മുന്‍ മുഡാ കമ്മീഷണര്‍മാരുടെ നിര്‍ണായക പങ്കിനെ കുറിച്ചും വ്യക്തമായിട്ടുണ്ടെന്ന് ഇ.ഡി. പറഞ്ഞു. ഭൂമി അനധികൃതമായി പതിച്ചുകിട്ടുന്നതിനായി നടത്തിയ കൈക്കൂലി ഇടപാടുകളുടെ തെളിവുകളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്. പണമായും ബാങ്കിടപാടിലൂടെയും സ്ഥാവരജംഗമ വസ്തുക്കളായും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി അനുവദിച്ചതിനുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.
വ്യാജവും അപൂര്‍ണ്ണവുമായ രേഖകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ഉത്തരവുകള്‍ നേരിട്ട് ലംഘിച്ച് അനര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് നിയമവിരുദ്ധമായി ഭൂമി അനുവദിച്ചതായും ചില കേസുകളില്‍ അലോട്ട്‌മെന്റ് ലെറ്ററുകളില്‍ പഴയ തീയതി രേഖപ്പെടുത്തിയാണ് അഴിമതി നടത്തിയിട്ടുള്ളതെന്നും ഇഡി കണ്ടെത്തി.
ഇത്തരത്തില്‍ അനധികൃത അലോട്ട്‌മെന്റുകള്‍ നടത്തിയതിന് ലഭിച്ച പ്രതിഫലം ഒരു സഹകരണ സംഘത്തിലൂടെയും ഇതിലുള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് എക്കൗണ്ടുകളും വഴിയാണ് കൈപ്പറ്റിയത്. ഈ തുക ഉപയോഗിച്ച് മുഡാ ഉദ്യോഗസ്ഥര്‍ അവരുടെ ബന്ധുക്കളുടെ പേരില്‍ അനധികൃതമായി അനുവദിച്ച ചില മുഡാ സൈറ്റുകള്‍ വാങ്ങിയതായും ഇഡി വെളിപ്പെടുത്തി.