"ടെന്‍ഡറുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ കരാറുകളില്‍ കൃത്രിമത്വം കാണിച്ച് മുന്‍കൂട്ടി തീരുമാനിച്ച കരാറുകാര്‍ക്ക് ടോയ്‌ലറ്റുകള്‍ നിര്‍മിക്കല്‍, പുറംപണി കരാറുകള്‍ എന്നിവയുള്‍പ്പെടെ നിര്‍മാണ പദ്ധതികള്‍ക്കായി 7.5 മുതല്‍ 10 ശതമാനം വരെ കൈക്കൂലി നല്‍കി," ഇഡി വൃത്തം പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
തമിഴ്‌നാട് സര്‍ക്കാരിനയച്ച 258 പേജുള്ള രേഖയില്‍ ഈ ആരോപിക്കപ്പെടുന്ന ഇടപാടുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ഫോട്ടോഗ്രാഫുകളും ഉള്‍പ്പെടെ തെളിവായി അവകാശപ്പെടുന്ന 300 ചിത്രങ്ങളുണ്ടെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. "കരാറിന്റെ വിശദാംശങ്ങള്‍, പണം നല്‍കിയയാളുടെ പേരുകള്‍, കരാര്‍ മൂല്യ വിഭജനം, പഞ്ചായത്തിന്റെ പേര്, കൈക്കൂലിയായി നല്‍കിയ തുക, ഇനിയും കൊടുക്കാനുള്ള കൈക്കൂലി തുക എന്നിവ രേഖപ്പെടുത്തിയിരിക്കുന്ന കുറിപ്പുകള്‍ അന്വേഷണ ഏജന്‍സി കണ്ടെടുത്തതായി അവകാശപ്പെടുന്നു. കണക്കുകൂട്ടല്‍ നടത്തിയ ഷീറ്റുകളും സന്ദേശങ്ങളും ഞങ്ങള്‍ ശേഖരിച്ചിട്ടുണ്ട്," ഇഡി വൃത്തം പറഞ്ഞു.
advertisement
1020 കോടി രൂപയുടെ അഴിമതി എന്നത് ചെറിയൊരു കണക്കുമാത്രമാണെന്ന് അധികൃതര്‍ പറയുന്നു. പണമിടപാടുകള്‍ പണമായും ഹവാല ഇടപാടുകള്‍ വഴിയും നടന്നിട്ടുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു. "മറ്റ് വഴികളിലൂടെയുള്ള അഴിമതി ഞങ്ങള്‍ ഇതില്‍ ചേര്‍ത്തിട്ടില്ല," ഒരു സ്രോതസ്സ് പറഞ്ഞു.
നടപടിയെടുക്കാനും എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, ഡിജിപിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍, ഡിവിഎസി എന്നിവര്‍ക്ക് കത്തെഴുതിയതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേ വകുപ്പില്‍ വലിയ തോതില്‍ പണം വാങ്ങി ജോലി വാഗ്ദാനം നല്‍കിയും അഴിമതി നടത്തിയതായി കാട്ടി അടുത്തിടെ ഇഡി സംസ്ഥാന സര്‍ക്കാരിന് കത്തെഴുതിയിരുന്നു. അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, ജൂനിയര്‍ എഞ്ചിനീയര്‍മാര്‍, ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍മാര്‍ എന്നിവരുടെ നിയമത്തിനായി 150 ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 25 ലക്ഷം മുതല്‍ 35 ലക്ഷം വരെ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. 2400 നിയമനങ്ങളാണ് നടത്തിയത്.
മന്ത്രിയുടെ സഹോദന്മാരുടെ വസതികളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്നും ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുമാണ് തെളിവുകള്‍ ലഭിച്ചതെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു. ഇവര്‍ ട്രൂ വാല്യു ഹോംസ് എന്ന പേരില്‍ ഒരു നിര്‍മാണ കമ്പനി നടത്തുന്നു. 30 കോടി രൂപയുടെ ഒരു ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്നതിനിടെയാണ് ഈ രേഖകൾ കണ്ടെത്തിയത്. ബാങ്ക് തട്ടിപ്പ് കേസ് പിന്നീട് അവസാനിപ്പിച്ചിരുന്നു.
ഇഡിയില്‍ നിന്ന് കത്ത് ലഭിച്ചതായി ഡിവിഎസി വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി. എന്നാല്‍, ഇക്കാര്യം പഠിച്ച് മറുപടി തയ്യാറാക്കിയിട്ടില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, തമിഴ്‌നാട് പോലീസ് ഇഡിയില്‍ നിന്ന് കത്തുലഭിച്ച കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മന്ത്രി കെ.എന്‍ നെഹ്‌റു നിഷേധിച്ചിരുന്നു. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു. അണ്ണാ സര്‍വകലാശാല ജോലികള്‍ക്കായി പരീക്ഷ നടത്തിയിരുന്നുവെന്നും രണ്ട് ലക്ഷം പേര്‍ പരീക്ഷയെഴുതിയെങ്കിലും ഒരാള്‍ പോലും പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ബാങ്ക് തട്ടിപ്പ് കേസില്‍ ഒന്നും കണ്ടെത്താനായിട്ടില്ലാത്തതിനാല്‍ ഇഡി കൂടുതല്‍ കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സംഭവവികാസത്തോട് കെ.എന്‍ നെഹ്‌റു പ്രതികരിച്ചിട്ടില്ല. ഇഡിയുടെ നടപടി തിരഞ്ഞെടുപ്പ് സമയത്തെ കോലാഹലമാണെന്ന് ഭരണകക്ഷിയായ ഡിഎംകെ പ്രതികരിച്ചു. ഇഡിയെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അഴിമതിയെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഡിഎംകെ വക്താവ് ഡോ. സയ്യിദ് ഹഫീസുള്ള പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
