കൂടാതെ, തിങ്കളാഴ്ച്ച പ്രസിദ്ധീകരിച്ച പത്ര പരസ്യത്തിൽ ബിജെപിക്കും കമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്.
കർണാടകത്തെ കുറിച്ചുള്ള സോണിയാ ഗാന്ധിയുടെ പരാമർശം മെയ് 6 ന് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഇതിൽ കർണാടകയുടെ ‘പരമാധികാരം’ പരാമർശത്തെ കുറിച്ചാണ് നോട്ടീസ്. ഇതുസംബന്ധിച്ച് ബിജെപി നേതാക്കളായ ഭൂപേന്ദർ യാദവ്, ഡോ. ജിതേന്ദ്ര സിംഗ്, തരുൺ ചുഗ്, അനിൽ ബലൂനി, ഓം പഥക് എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
“കർണാടകയുടെ സൽപ്പേരിനോ പരമാധികാരത്തിനോ അഖണ്ഡതയ്‌ക്കോ ഭീഷണി ഉയർത്താൻ ആരെയും കോൺഗ്രസ് അനുവദിക്കില്ല” എന്നായിരുന്നു ട്വീറ്റ്.
ഇന്ത്യൻ യൂണിയനിൽ കർണാടക വളരെ പ്രധാനപ്പെട്ട സംസ്ഥാനമാണെന്നും ഒരു സംസ്ഥാനത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള ഏതൊരു ആഹ്വാനവും വിഭജനത്തിനുള്ള ആഹ്വാനത്തിന് തുല്യമാണെന്നും അത് അപകടകരവും വിനാശകരവുമായ പ്രത്യാഘാതങ്ങൾ നിറഞ്ഞതാണെന്നുമാണ് ബിജെപിയുടെ പരാതിയിൽ പറയുന്നത്.
കൂടാതെ, 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29 എ (5) പ്രകാരം രജിസ്ട്രേഷൻ സമയത്ത് രാഷ്ട്രീയ പാർട്ടികൾ നടത്തിയ നിർബന്ധിത സത്യവാങ്മൂലത്തിന്റെ ലംഘനമാണ് കോൺഗ്രസിന്റെ ട്വീറ്റ് എന്നും ബിജെപി നൽകിയ പരാതിയിൽ പറയുന്നു.