“അടിയന്തരാവസ്ഥയെ ചെറുക്കുകയും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുകയും ചെയ്ത എല്ലാ ധീരരായ ആളുകളെയും ഞാൻ ആദരിക്കുന്നു. #DarkDaysOfEmergency നമ്മുടെ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു കാലഘട്ടമായി തുടരുന്നു, ഇത് നമ്മുടെ ഭരണഘടന ആഘോഷിക്കുന്ന മൂല്യങ്ങൾക്ക് തികച്ചും വിപരീതമാണ്”, പ്രധാനമന്ത്രി പറഞ്ഞു.
നിലവിൽ ഈജിപ്ത് സന്ദർശനത്തിലായിരിക്കുന്ന മോദി ട്വീറ്റിലൂടെയായിരുന്നു അടിയന്തരാവസ്ഥ കാലത്തെക്കുറിച്ച് പ്രസ്താവന നടത്തിയത്. 1975ൽ ജൂൺ 25നാണ് രാജ്യത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച, തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടം എന്ന് വിശേഷിപ്പിച്ചിരുന്നു.
“1975ലെ ഈ ദിവസം, തങ്ങളുടെ കയ്യിൽ നിന്ന് അധികാരം നഷ്‌ടപ്പെടുമെന്ന് ഭയന്ന്, ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തും ജനാധിപത്യത്തെ കൊന്നൊടുക്കിയും ഒരു കുടുംബം രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചിരുന്നു’, ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.
“സ്വന്തം അധികാര-താൽപ്പര്യത്തിനുവേണ്ടി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ കോൺഗ്രസിന്റെ സ്വേച്ഛാധിപത്യ മനോഭാവത്തിന്റെ പ്രതീകവും അവസാനിക്കാത്ത കളങ്കവുമാണ്. ആ ദുഷ്‌കരമായ സമയങ്ങളിൽ, നിരവധി പീഡനങ്ങൾ സഹിച്ച് ലക്ഷക്കണക്കിന് ആളുകൾ ജനാധിപത്യം പുനരുജ്ജീവിപ്പിക്കാൻ പോരാടി. ആ രാജ്യസ്നേഹികളെയെല്ലാം ഞാൻ ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു”, ഷാ ട്വീറ്റിൽ പറഞ്ഞു.