TRENDING:

INS Vikrant | രണ്ടു ഫുട്ബോൾ മൈതാനത്തേക്കാൾ നീളം; കൊച്ചി നഗരത്തിനു വേണ്ടതിനു പകുതി വൈദ്യുതി; INS വിക്രാന്തെന്ന അഭിമാനം

Last Updated:

2009-ൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നിർമാണം ആരംഭിച്ച കപ്പലിന്റെ ആകെ ചെലവ് ഏകദേശം 23,000 കോടി രൂപയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് (INS Vikrant) പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) രാജ്യത്തിന് സമർപ്പിച്ചു. കൊച്ചി ഷിപ്പ്യാർഡിലാണ് ചടങ്ങുകൾ നടന്നത്. ഇതേ പരിപാടിയിൽ തന്നെ, നാവികസേനയ്ക്ക് കപ്പൽ ഔദ്യോഗികമായി കൈമാറുകയും, സേനയുടെ പുതിയ പതാക രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.
advertisement

1971 -ലെ ഇന്തോ- പാക് യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കലായ ഐഎൻഎസ് വിക്രാന്തിനോടുള്ള ആദരസൂചകമായാണ് പുതിയ കപ്പലിനും വിക്രാന്ത് എന്ന് പേരിട്ടത്. ഇന്ത്യൻ നാവികസേനയുടെ ഇൻ-ഹൗസ് വാർഷിപ്പ് ഡിസൈൻ ബ്യൂറോ (Navy’s in-house Warship Design Bureau (WDB)) രൂപകൽപ്പന ചെയ്ത ഐഎൻഎസ് വിക്രാന്ത് കൊച്ചി ഷിപ്പ്യാർഡിലാണ് (Cochin Shipyard) നിർമ്മിച്ചത്. വിക്രാന്ത് കമ്മീഷൻ ചെയ്തതോടെ ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലുകലുടെ എണ്ണം രണ്ടായി. പുതിയ വിമാനവാഹിനിക്കപ്പൽ രാജ്യത്തിന്റെ സമുദ്രസുരക്ഷയെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

advertisement

ഐഎൻഎസ് വിക്രാന്തിൽ എകെ 630 റോട്ടറി കാനോനുകളും കവച് ആന്റി മിസൈൽ നേവൽ ഡികോയ് സംവിധാനവും ഉണ്ടായിരിക്കും. 42,800 ടൺ ഭാരമുള്ള വിക്രാന്തിന് 30 വിമാനങ്ങൾ വഹിക്കാനും ഏകദേശം 1,600 ജീവനക്കാരെ ഉൾക്കൊള്ളാനും കഴിയും. കോംബാറ്റ് മാനേജ്‌മെന്റ് സിസ്റ്റം, ഇലക്‌ട്രോണിക് വാർഫെയർ സ്യൂട്ട്, ഡാറ്റ നെറ്റ്‌വർക്ക്, ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

advertisement

പേരിന്റെ ഉത്ഭവം

വിക്രാന്ത് എന്ന സംസ്‌കൃത പദത്തിലെ ‘വി’യുടെ അർത്ഥം അസാധാരണം എന്നാണ്. ‘ക്രാന്ത്’ എന്നാൽ ഒരു ദിശയിലേക്ക് നീങ്ങുക അല്ലെങ്കിൽ മുന്നേറുക എന്നും. “നമ്മുടെ പ്രതിരോധ സജ്ജീകരണത്തെ ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പ് മാത്രമല്ല വിക്രാന്ത്. 1971 ലെ യുദ്ധത്തിൽ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി നമ്മുടെ ധീരരായ സൈനികരും നടത്തിയ ത്യാഗങ്ങൾക്കുള്ള നമ്മുടെ എളിയ ആദരവ് കൂടിയാണ്”, ഇന്ത്യൻ നാവികസേന പറഞ്ഞു.

Also Read :-Naval Ensign| കൊളോണിയൽ അടിമത്തത്തിന്റെ അടയാളം ഇനിയില്ല; നാവികസേനയുടെ പുതിയ പതാക ഇതാണ്

advertisement

വലുപ്പം

262 മീറ്റർ വരെ നീളമുള്ള ഐഎൻഎസ് വിക്രാന്തിന് രണ്ട് ഫുട്ബോൾ മൈതാനങ്ങളേക്കാൾ നീളവും 62 മീറ്റർ വീതിയും ഉണ്ട്. 14 ഡെക്കുകളിലായി 59 മീറ്റർ ഉയരമുള്ള ഈ കപ്പലിൽ 2,300-ലധികം കമ്പാർട്ടുമെന്റുകൾ ഉണ്ട്. 1,600 പേരടങ്ങിയ ക്രൂവിനെ ഉൾക്കൊള്ളാനും സാധിക്കും. വനിതാ ഓഫീസർമാർക്ക് പ്രത്യേക ക്യാബിനുകൾ ഉണ്ട്.

ലുലു ഹൈപ്പർമാക്കറ്റിന്റെ ഒരു നിലയുടെ വലിപ്പം

ഐഎന്‍എസ് വിക്രാന്തിന്‍റെ ആകെ വിസ്തൃതി 174,580 ചതുരശ്ര അടിയാണ്. നാല് ഏക്കർ സ്ഥലം എന്നു പറയാം. കൊച്ചി ലുലു ഹൈപ്പർമാക്കറ്റിന്റെ ഒരു നിലയുടെ വലിപ്പം വരും ഈ വിമാനവാഹിനി കപ്പലിന്.

advertisement

ഡിസ്പ്ലേസ്മെന്റ് 45,000 ടൺ ആണ്. ഈ 45,000 ടണ്ണിനുള്ള ഉരുക്കും നിർമിച്ചത് ഇന്ത്യയിൽ തന്നെയാണ്. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ പ്രത്യേകമായി നിർമിച്ചതാണ് DMR 249 ഗ്രേഡ് ഉരുക്ക്. ബൊക്കാറോ, ഭിലായി, റൂർക്കി സ്റ്റീൽ പ്ലാന്റുകൾക്കായിരുന്നു കരാർ.

നിർമാണം

2009-ൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നിർമാണം ആരംഭിച്ച കപ്പലിന്റെ ആകെ ചെലവ് ഏകദേശം 23,000 കോടി രൂപയാണ്. കപ്പലിന്റെ പ്രവർത്തനത്തിനായി ഉപയോ​ഗിക്കുന്ന വൈദ്യുതിക്ക് കൊച്ചി നഗരത്തിന്റെ പകുതി ഭാഗവും പ്രകാശിപ്പിക്കാൻ കഴിയുമെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. കപ്പലിലെ എല്ലാ കേബിളുകൾക്കുമായി മൊത്തം 2,600 കിലോമീറ്റർ നീളമുണ്ട്. കപ്പലിൽ ഉപയോഗിച്ചിരിക്കുന്ന ഉരുക്ക് മൂന്ന് ഈഫൽ ടവറുകൾക്ക് തുല്യമാണ്. “രണ്ട് ഓപ്പറേഷൻ തിയറ്ററുകളുള്ള, പൂർണമായും പ്രവർത്തനക്ഷമമായ ഒരു മെഡിക്കൽ കോംപ്ലക്സ് കപ്പലിലുണ്ട്. 2000 ജീവനക്കാരുടെയെങ്കിലും ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന ഒരു അടുക്കളയുണ്ട്. ഇതിൽ 20 വിമാനങ്ങൾ പാർക്ക് ചെയ്യാം”, എന്നാണ് ഡിസൈനർ ആർക്കിടെക്റ്റ് മേജർ മനോജ് കുമാർ 2021 ഓഗസ്റ്റിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

കപ്പലിൽ 150 കിലോമീറ്റർ പൈപ്പുകളും 2,000 വാൽവുകളും ഹൾ ബോട്ടുകളും, എയർ കണ്ടീഷനിംഗ്, റഫ്രിജറേഷൻ പ്ലാന്റുകൾ, സ്റ്റിയറിംഗ് ഗിയർ എന്നിവയുൾപ്പെടെയുള്ള സംവിധാനങ്ങളും ഉണ്ട്. ദിവസേന നാല് ലക്ഷം ലിറ്റർ ശുദ്ധജലമാണ് ഇതിൽ ഉത്പാദിപ്പിക്കുക. അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റ് ആണ് ഐഎൻഎസ് വിക്രാന്തിന്റെ മറ്റൊരു പ്രത്യേകത.

വേ​ഗതയിലും കരുത്തന്‍

28 നോട്ടിക്കൽ മൈൽ വരെ പരമാവധി വേഗം ആർജിക്കാവുന്നതാണ് കപ്പൽ. അഥവാ 52 കിലോമീറ്റർ വരെ വേഗം കൈക്കൊള്ളാൻ കഴിയും ഈ വിമാനവാഹിനിക്ക്. എൻഡുറൻസ് അഥവാ നിർത്താതെ പരമാവധി സഞ്ചരിക്കാനുള്ള ശേഷിയാണ് വിമാനവാഹിനികളുടെ കരുത്ത് അളക്കാനുള്ള പ്രധാന മാനദണ്ഡം. 14,000 ആണ് വിക്രാന്തിന്റെ എൻഡുറൻസ്. കടലിൽ ഒറ്റയടിക്കു പോകാവുന്ന ദൂരമാണിത്.

വിക്രാന്ത് വഹിക്കുന്ന വിമാനങ്ങൾ

ഫിക്‌സഡ് വിംഗ്, റോട്ടറി എയർക്രാഫ്റ്റ് എന്നിവയുടെ ഒരു ശേഖരം പ്രവർത്തിപ്പിക്കാനാണ് കപ്പൽ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യൻ നിർമ്മിത മിഗ് -29 കെ ഫൈറ്റർ ജെറ്റും കമോവ് -31 ഹെലികോപ്റ്ററുകളും വഹിക്കാനുള്ള ശേഷി വിക്രാന്തിനുണ്ടെന്ന് നാവികസേന അറിയിച്ചു. തദ്ദേശീയമായി നിർമിച്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും (ALH) അമേരിക്കൻ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ നിർമ്മിച്ച MH-60R മൾട്ടിറോൾ ഹെലികോപ്റ്ററുകളും വിക്രാന്തിന് വഹിക്കാനാകും.

ഇന്ത്യൻ നാവികസേനക്ക് എത്ര എയർക്രാഫ്റ്റ് കാരിയറുകൾ ഉണ്ട്?

വിക്രാന്തിനു മുൻപ് ഇന്ത്യൻ നാവികസേനയിലുണ്ടായിരുന്ന ഒരേയൊരു വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രമാദിത്യ ആയിരുന്നു. ഇത് മുൻ സോവിയറ്റ് യൂണിയനും തുടർന്ന് റഷ്യൻ നാവികസേനയും ഉപയോ​ഗപ്പെടുത്തിയിട്ടുണ്ട്. 2013-ലാണ് ഐഎൻഎസ് വിക്രമാദിത്യ ഇന്ത്യൻ നാവികസേനയുടെ ഭാഗമായത്.

ഇതുവരെ, ആറു രാജ്യങ്ങൾ മാത്രമേ ഒരു വിമാനവാഹിനിക്കപ്പൽ രൂപകൽപന ചെയ്യാനും പ്രവർത്തിപ്പിക്കാനുമുള്ള തങ്ങളുടെ കഴിവും ശക്തിയും വ്യക്തമാക്കിയിട്ടുള്ളൂ. അതിലൊന്ന് ഇന്ത്യയാണ്.

യുദ്ധമോ സമാനമായ അടിയന്തിര സാഹചര്യങ്ങളോ ഉണ്ടായാൽ സേനയുടെ പ്രധാന ആയുധങ്ങളിലൊന്നായി വിമാനവാഹിക്കപ്പൽ പ്രവർത്തിക്കുന്നു.

Also Read :-INS Vikrant | ‘സമുദ്ര സുരക്ഷക്ക് ഭാരതത്തിന്റെ ഉത്തരം’; ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

ആത്മനിർഭർ ഭാരത്

കാരിയറിലുള്ള 76 ശതമാനത്തിലധികം മെറ്റീരിയലുകളും ഉപകരണങ്ങളും തദ്ദേശീയമായി നിർമിച്ചതാണ്. ഇന്ത്യൻ നാവികസേനയുടെ കപ്പലുകളിൽ ആദ്യമായി ഉപയോഗിച്ചതുൾപ്പെടെയുള്ള വസ്തുക്കൾ ഐഎൻ‌എസ് വിക്രാന്തിന്റെ നിർമാണത്തിനായും ഉപയോ​ഗിച്ചിട്ടുണ്ട്.

നൂതന സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് കൊച്ചിൻ ഷിപ്പ്‍യാർഡ് കപ്പലിന്റെ വിശദമായ എഞ്ചിനീയറിംഗ് നടത്തിയിരുന്നു. ഇത് കപ്പലിന്റെ കമ്പാർട്ടുമെന്റുകളുടെ പൂർണ്ണമായ 3 ഡി കാഴ്ച ലഭിക്കാൻ ഡിസൈനറെ സഹായിച്ചു. “രാജ്യത്ത് ആദ്യമായിട്ടാണ് ഒരു വിമാനവാഹിനിക്കപ്പൽ പൂർണ്ണമായും 3 ഡി മോഡലിൽ നിർമിക്കുന്നതെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം അറിയിച്ചു.

മറ്റൊരു വിമാനവാഹിനിക്കപ്പൽ

വിക്രാന്ത് പൂര്‍ണ സജ്ജമായതോടെ മൂന്നാമത്തെ വിമാനവാഹിനിയായ ഐഎന്‍എസ് വിശാൽ നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുമതി നേടിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ത്യന്‍ നാവികസേന. ഇന്ത്യ മൂന്നാമത്തെ വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഏറെ കാലമായി പുറത്തു വരുന്നുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നും തന്നെ ആരംഭിച്ചിട്ടില്ല. മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിനെ കുറിച്ച് നാവികസേനയും സർക്കാരും തമ്മിലുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. റഷ്യൻ മിഗ് 29 കെ വിമാനം ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നാണ് പ്രവർത്തിക്കുന്നത്. അവയിൽ ചിലത് ഒരു ദശാബ്ദത്തിനുള്ളിൽ ഡീകമ്മീഷൻ ചെയ്യപ്പെടും.

രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയാകുന്നു എന്നാണ് കമ്മിഷനിങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ഐഎൻഎസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരമാണെന്നും ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് വിക്രാന്ത് തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പ്രതിരോധ മേഖലയെ സ്വാശ്രയവത്കരിക്കാൻ സര്‍ക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് ഉദാഹരണമാണ് ഐഎന്‍എസ് വിക്രാന്ത് എന്നും പ്രധാനമന്ത്രി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/
INS Vikrant | രണ്ടു ഫുട്ബോൾ മൈതാനത്തേക്കാൾ നീളം; കൊച്ചി നഗരത്തിനു വേണ്ടതിനു പകുതി വൈദ്യുതി; INS വിക്രാന്തെന്ന അഭിമാനം
Open in App
Home
Video
Impact Shorts
Web Stories