യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയ്‌ക്കൊപ്പമാണ് ഉർസുല റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തത്. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഗോള പ്രാധാന്യത്തെ കുറിച്ച് എടുത്തുകാട്ടുന്നതായിരുന്നു ഉർസുല പങ്കുവെച്ച പോസ്റ്റ്. വിജയിയായ ഇന്ത്യ ലോകത്തെ കൂടുതൽ സ്ഥിരതയുള്ളതും സമ്പന്നവും സുരക്ഷിതവുമാക്കുന്നുവെന്നും എല്ലാവർക്കും അതിന്റെ പ്രയോജനം ലഭിക്കുമെന്നും അവർ കുറിച്ചു. ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമാകാൻ സാധിച്ചത് തന്റെ ജീവിതത്തിലെ ഒരു ബഹുമതിയാണെന്നും ഉർസുല വോൺ പറഞ്ഞു.
മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ അവർ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉച്ചകോടിതല ചർച്ചകൾ നടത്തും. ദീർഘകാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച അന്തിമ പ്രഖ്യാപനവും ഈ കൂടിക്കാഴ്ചയ്ക്കുശേഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
ഉർസുല വോണിനും കോസ്റ്റയ്ക്കും റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ആതിഥേയത്വം നൽകാനായതിൽ രാജ്യത്തിന് വലി അഭിമാനമുണ്ടെന്ന് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധത്തെ എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നീട് എക്‌സിൽ കുറിച്ചു. യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യയുടെ പങ്കാളിത്തത്തിന്റെ വർദ്ധിച്ചുവരുന്ന ശക്തിയാണ് ഇത് വ്യക്തമാക്കുന്നതെന്നും മോദി പോസ്റ്റിൽ പറഞ്ഞു.
വിവിധ മേഖലകളിലായി ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ആഴത്തിലുള്ള ഇടപെടലിനും സഹകരണത്തിനും ഈ സന്ദർശനം കരുത്തേകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ
ഇന്ത്യയും 27 രാജ്യങ്ങൾ ഉൾകൊള്ളുന്ന യൂറോപ്യൻ യൂണിയനും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ പുനർനിർമ്മിക്കാൻ കഴിയുന്ന ചരിത്രപരമായ കരാർ എന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നിർദ്ദിഷ്ട വ്യാപാര കരാറിനെ ഉർസുല വോൺ ഡെർ ഇന്ത്യാ സന്ദർശനത്തിന് മുമ്പ് വിശേഷിപ്പിച്ചത്.
ഏകദേശം രണ്ട് ബില്യൺ ആളുകളുടെ ഒരു സംയോജിത വിപണി ഈ കരാറിലൂടെ സൃഷ്ടിക്കപ്പെടുമെന്നും ഇത് ആഗോള ജിഡിപിയുടെ നാലിലൊന്ന് വരുമെന്നും കഴിഞ്ഞയാഴ്ച ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക യോഗത്തിൽ സംസാരിക്കവെ ഉർസുല പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന, അതീവ ചലനാത്മകമായ സമ്പദ്‌വ്യവസ്ഥകളിലൊന്നിൽ യൂറോപ്പിന് മുൻതൂക്കം നേടാൻ ഈ കരാർ സഹായിക്കുമെന്നും അവർ പറഞ്ഞു. വളർന്നുവരുന്ന വളർച്ചാ കേന്ദ്രങ്ങളുമായുള്ള ഇടപെടൽ ശക്തിപ്പെടുത്താനുള്ള യൂറോപ്യൻ യൂണിയന്റെ തന്ത്രത്തോടും ഇത് ഒത്തുപോകുന്നതായി അവർ വ്യക്തമാക്കിയിരുന്നു.
നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ. 2023-24 സാമ്പത്തിക വർഷം 135 ബില്യൺ ഡോളർ മൂല്യമുള്ള ഉത്പന്നങ്ങളുടെ ഉഭയകക്ഷി വ്യാപാരമാണ് ഇരു കക്ഷികളും തമ്മിൽ നടന്നത്. 2007-ലാണ് സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചത്. 2013-ൽ ഈ ചർച്ചകൾ നിർത്തിവച്ചു. 2022-ൽ ഇത് വീണ്ടും പുനരാരംഭിച്ചു.
കരാർ ചർച്ചകളുടെ ഭാഗമായി യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവയിൽ കുത്തനെ കുറവ് വരുത്താൻ ഇന്ത്യ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുണ്ട്. ഇതോടെ 110 ശതമാനം വരെയുള്ള ഉയർന്ന തീരുവ 40 ശതമാനം വരെയായി കുറയ്ക്കാൻ സാധ്യതയുണ്ട്. കരാർ നിർദ്ദേശ പ്രകാരം ഉയർന്ന മൂല്യമുള്ള ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ പരിമിതമായ എണ്ണം തീരുവകൾ ഉടനടി കുറയ്ക്കുകയും കാലക്രമേണ ഘട്ടം ഘട്ടമായി കുറയ്ക്കുകയും ചെയ്യും. ഇത് ഫോക്‌സ്‌വാഗൺ, മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു തുടങ്ങിയ യൂറോപ്യൻ വാഹന നിർമ്മാതാക്കൾക്ക് വിപണി പ്രവേശനം എളുപ്പമാക്കും.
