ഈ വര്‍ഷം ഒക്ടോബര്‍ 18ന് ശ്രീനഗറിലെ നൗഗാം പ്രദേശത്ത് പതിച്ച ഒരു പോസ്റ്ററില്‍ നിന്നാണ് രാജ്യത്ത് നടത്താനിരുന്ന വലിയൊരു ആക്രമണ പരമ്പരയുടെ ചുരുളഴിഞ്ഞത്. ജമ്മു കശ്മീര്‍ പോലീസിനെയും സുരക്ഷാ സേനയെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന മൂന്നോ നാലോ പോസ്റ്ററുകളാണ് നൗഗാമില്‍ പ്രത്യക്ഷപ്പെട്ടത്. 2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പ് ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത് പതിവായിരുന്നുവെന്ന് പറയപ്പെടുന്നു. പിന്നീട് ഇത് നിലച്ചിരുന്നു.
പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് ശ്രീനഗര്‍ പോലീസിനെ അതീവ ജാഗ്രതയിലാക്കി. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി പോലീസ് ഉദ്യോഗസ്ഥര്‍ കൂടിയാലോചനകള്‍ നടത്തി. ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ നിലവിലുണ്ടെങ്കിലും ക്രമസമാധാന പാലനം ജമ്മു കശ്മീര്‍ പോലീസിന്റെ നേരിട്ടുള്ള ഉത്തരവാദിത്വമാണ്. അതിനാല്‍ സംഭവത്തില്‍ അടിത്തട്ടിലേക്ക് ഇറങ്ങിയുള്ള അന്വേഷണം നടത്താന്‍ അദ്ദേഹം പോലീസിന് നിര്‍ദേശം നല്‍കി.
advertisement
ഇതും വായിക്കുക: Exclusive | ചെങ്കോട്ടയില്‍ സ്ഫോടനം നടത്താനുള്ള ഗൂഢാലോചന; ഭീകരതയുടെയും ചതിയുടെയും കഥ
സിന്‍ഹയുടെ നിര്‍ദേശത്തിന് പിന്നാലെ ജമ്മു കശ്മീര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒക്ടോബര്‍ 19ന് അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നൗഗാം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ മൂന്ന് യുവാക്കള്‍ പോസ്റ്ററുകള്‍ ഒട്ടിക്കുന്നത് കണ്ടെത്തി. ആരിഫ് നിസാര്‍ ദാര്‍ എന്ന സാഹില്‍, യാസിര്‍ ഉല്‍ അഷ്‌റഫ്, മഖ്‌സൂദ് അഹമ്മദ് ദാര്‍ എന്നിവരാണ് അതെന്ന് കണ്ടെത്തി. ഇവരെല്ലാം നൗഗാം സ്വദേശികളാണ്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പ് ഈ യുവാക്കള്‍ പതിവായി കല്ലെറിയുന്നവരായിരുന്നുവെന്നും ദിവസേന അഞ്ഞൂറ് രൂപ മുതല്‍ 600 രൂപ വരെ സമ്പാദിച്ചിരുന്നതായും ചോദ്യംചെയ്യലില്‍ കണ്ടെത്തി. ഒക്ടോബര്‍ 18ന് പാകിസ്ഥാനില്‍ നിന്നുള്ള തന്റെ നേതാവിന്റെ നിര്‍ദേശപ്രകാരം പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ നിര്‍ദേശിച്ചത് മൗലവിയാണെന്ന് യുവാക്കള്‍ വെളിപ്പെടുത്തി.
ഇതും വായിക്കുക: Exclusive | ചെങ്കോട്ട സ്ഫോടനം; സ്‌ഫോടക വസ്തുക്കളുടെ ശേഖരവും അറസ്റ്റ് പരമ്പരയും
ശ്രീനഗറിന് പുറത്തുള്ള അലി നഖിബാഗ് പള്ളിയിലെ ഇമാമായിരുന്ന മൗലവിയെയും പോലീസ് കണ്ടെത്തി. ശ്രീനഗറിന് പുറത്തുള്ള പ്രദേശമായ ചാന്‍പുരയിലായിരുന്ന മൗലവിയെ പോലീസ് പിന്തുടര്‍ന്നു. ഇവിടെ അളി നഖിബാഗ് പള്ളിയുടെ ഇമാമായിരുന്നു ഇയാള്‍. ഷോപ്പിയാന്‍ സ്വദേശിയായ മൗലവി ഇര്‍ഫാന്‍ അഹമ്മദ് എന്ന ഇമാമിന് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏറെക്കാലമായി പങ്കുണ്ടായിരുന്നു. തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് നല്‍കുക മാത്രമല്ല, ഇയാളുടെ നേതൃത്വത്തില്‍ ഭീകരപരിശീലനത്തിനായി കശ്മീരി യുവാക്കളെ പാകിസ്ഥാനിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. 2019ന് മുമ്പ് സുരക്ഷാ സേനയ്‌ക്കെതിരേ കല്ലെറിയാന്‍ ഇയാള്‍ യുവാക്കളെ പതിവായി പ്രേരിപ്പിച്ചിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഡോ. ആദിലിനെക്കുറിച്ച് ഇയാള്‍ വിവരം നല്‍കി. ജിഹാദി ചിന്ത പുലര്‍ത്തുന്ന ഡോ. ആദിലിനെ അനന്ത്‌നാഗില്‍വെച്ച് കണ്ടുമുട്ടിയതായി മൗലവി സമ്മതിച്ചു. ഡോ. ആദിലിന്റെ കൈവശം ഒരു തോക്ക് കണ്ടതായും ഇയാള്‍ സമ്മതിച്ചു. കൂടാതെ സമീര്‍ എന്നൊരാളെക്കുറിച്ചുള്ള വിവരങ്ങളും കൈമാറി.
ഇതും വായിക്കുക: Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പോലീസ് ഗന്ദര്‍ബാല്‍ സ്വദേശിയായ സമീര്‍ അഹമ്മദ് അഹന്‍ഗര്‍ എന്നയാളെ അറസ്റ്റ് ചെയ്തു. പിന്നാലെ ഡോ. ആദിലിനായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. കുല്‍ഗാം ജില്ലയിലെ വാന്‍പുരയില്‍ നിന്നുള്ള ഡോ. ആദില്‍ അനന്തനാഗ് വിട്ട് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുകയാണെന്ന് പോലീസ് കണ്ടെത്തി. യുപി എടിഎസിന്റെ സഹായത്തോടെ അവര്‍ ഡോ. ആദിലിനെ പിടികൂടി. വിബ്രോഷ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ആദില്‍ അടുത്തിടെയാണ് സഹാറന്‍പൂരിലെ മറ്റൊരു പ്രശസ്ത ആശുപത്രിയില്‍ ചേര്‍ന്നത്. അവിടെ വെച്ച് ഇയാള്‍ വിവാഹിതനായി. കശ്മീരില്‍ നിന്നുള്ള നിരവധി മുസ്ലീം സഹപ്രവര്‍ത്തകര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
(തുടരും)
