കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് ന്യൂസ് 18ന് ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ദ്വീപിനെക്കുറിച്ചുള്ള അഭിപ്രായവും ഈ രേഖകളില്‍ പറയുന്നുണ്ട്. ''ചെറിയൊരു ദ്വീപായ കച്ചത്തീവിന് പ്രധാന്യമുള്ളതായി എനിക്ക് തോന്നുന്നില്ല. അതിനാല്‍, ദ്വീപിന് മേലുള്ള അവകാശവാദം ഉപേക്ഷിക്കാന്‍ മടിയില്ല. ഇത്തരം കാര്യങ്ങള്‍ അനന്തമായി നീണ്ടുപോകുന്നതും പാര്‍ലമെന്റില്‍ വീണ്ടും വീണ്ടും ഉന്നയിക്കുന്നതിനോടും എനിക്ക് താത്പര്യമില്ല'' 1961 മേയ് 10-ന് നെഹ്‌റു പറഞ്ഞതായി രേഖകളില്‍ വ്യക്തമാക്കുന്നു.
advertisement
കരാറിന്റെ ഭാഗമായി 1974-ല്‍ ശ്രീലങ്കയ്ക്ക് ദ്വീപ് വിട്ടുകൊടുത്ത് ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയില്‍ വിട്ടുവീഴ്ച ചെയ്തതിന് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കച്ചത്തീവ് വിഷയം ഒരു പ്രധാന ചര്‍ച്ചാ വിഷയമാക്കി നേരത്തെ തന്നെ ഉയര്‍ത്തിക്കൊണ്ട് വന്നിരുന്നു. ദ്വീപ് തിരിച്ചുകിട്ടുന്നതിനായി ഡിഎംകെ നേതാക്കള്‍ തനിക്ക് കത്തുകള്‍ എഴുതുന്നുണ്ടെന്നും എന്നാല്‍, ആദ്യം അത് വിട്ടുകൊടുത്ത തങ്ങളുടെ ഇൻഡി സഖ്യത്തിലെ പങ്കാളിയായ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
1974ല്‍ ദ്വീപ് വിട്ടുനല്‍കുന്നതിനെതിരേ ഡിഎംകെ പ്രതിഷേധം ആരംഭിച്ചപ്പോള്‍ പാര്‍ട്ടി അധ്യക്ഷനായ കരുണാനിധി കേന്ദ്രത്തിന്റെ നിര്‍ദേശം അംഗീകരിക്കുകയാണ് ചെയ്തതെന്ന് മന്ത്രാലയത്തില്‍ നിന്ന് ലഭ്യമായ രേഖ വെളിപ്പെടുത്തുന്നു.
കരുണാനിധിയുടെ ഈ നിലപാടിനെ വിദേശകാര്യ സെക്രട്ടറി അഭിനന്ദിക്കുകയും കേന്ദ്ര സർക്കാരിനെ ബുദ്ധിമുട്ടിക്കുന്നതോ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പ്രശ്‌നമാക്കിയോ മാറ്റരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞതായും രേഖകള്‍ വ്യക്തമാക്കുന്നു. ശ്രീലങ്കയുമായി നടത്തിയ ചര്‍ച്ചകളുടെ മുഴുവന്‍ വിവരങ്ങളും തമിഴ്‌നാടിനെ അറിയിച്ചിരുന്നു. ആ യോഗത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട് തനിക്ക് അനുകൂലമായതിന് മുഖ്യമന്ത്രിയോട് വിദേശകാര്യ സെക്രട്ടറി നന്ദി പറയുകയും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെക്കുറിച്ച് വിദേശകാര്യ മന്ത്രിക്കും പ്രധാനമന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കുമെന്നും അറിയിച്ചിരുന്നു.
കച്ചത്തീവ് ശ്രീലങ്കയ്ക്ക് കൈമാറുന്നതിനുള്ള നിര്‍ദേശം ഒന്നോ രണ്ടോ മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ക്ക് മാത്രമേ അറിയൂവെന്നും പ്രതിപക്ഷവുമായി ചര്‍ച്ചചെയ്യുന്നതിന് മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അഭിപ്രായം അറിയാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നതായും വിദേശകാര്യ സെക്രട്ടറി കരുണാനിധിയെ അറിയിച്ചിരുന്നു. കച്ചത്തീവിന്റെ പേരില്‍ ശ്രീലങ്കയില്‍ വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കച്ചത്തീവിനെ വിഭജിക്കുന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ ഇന്ത്യ മുന്നോട്ട് വെച്ചെങ്കിലും അവയൊന്നും ശ്രീലങ്കയ്ക്ക് സ്വീകാര്യമല്ലെന്ന് വിദേശകാര്യ സെക്രട്ടറി കരുണാനിധിയെ അറിയിച്ചു.
ദ്വീപിന്റെ പരമാധികാരം ഇന്ത്യക്കാണെന്ന് അന്നത്തെ കേന്ദ്രത്തിന്റെ അറ്റോര്‍ണി ജനറല്‍ എം സി സെതല്‍വാദ് 1958 ഒക്ടോബർ 19ന് കേന്ദ്രത്തിന് നല്‍കിയ അഭിപ്രായത്തില്‍ പറഞ്ഞിരുന്നതായും രേഖയില്‍ വ്യക്തമാക്കുന്നു.