‘ഭാരത്’ എന്ന വാക്കിന്റെ അര്‍ത്ഥം ഭരണഘടനയിലും പ്രതിഫലിക്കുന്നുണ്ടെന്ന് ജയശങ്കര്‍ അഭിമുഖത്തിനിടെ പറഞ്ഞു. ‘അത് ഭരണഘടനയില്‍ ഉണ്ട്. ദയവായി, ഇത് വായിക്കാന്‍ ഞാന്‍ എല്ലാവരേയും ക്ഷണിക്കുന്നു,’ ജയശങ്കര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതികരണത്തെക്കുറിച്ചും ജി2 0 ഉച്ചകോടിയോട് അനുബന്ധിച്ച് ഇന്ത്യയെ ‘ഭാരത്’ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും മന്ത്രിയോട് ചോദിച്ചു. ‘നിങ്ങള്‍ ഭാരതം എന്ന് പറയുമ്പോള്‍, ഒരു അര്‍ത്ഥവും ധാരണയും ഉണ്ടാകുന്നു. അത് തന്നെയാണ് നമ്മുടെ ഭരണഘടനയിലും പ്രതിഫലിക്കുന്നത്’ ജയശങ്കര്‍ എഎന്‍ഐയോട് പറഞ്ഞു.
advertisement
ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. അതേസമയം, സര്‍ക്കാരിന്റെ നിലപാടിനെ ബിജെപി നേതാക്കള്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിനിടെ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാഷ്ട്രപതിയില്‍ നിന്ന് തനിക്ക് ലഭിച്ച ക്ഷണത്തിന്റെ ഫോട്ടോ ദേശീയഗാനത്തിലെ ഏതാനും വരികള്‍ക്കൊപ്പം ‘എക്സില്‍’ പങ്കുവെച്ചിരുന്നു. ‘ഇത് നേരത്തെ സംഭവിക്കേണ്ടതായിരുന്നു. ഇത് മനസ്സിന് വലിയ സംതൃപ്തി നല്‍കുന്നു. ‘ഭാരതം’ നമ്മുടെ ആമുഖമാണ്. അതില്‍ നമ്മള്‍ അഭിമാനിക്കുന്നു. ‘ഭാരത’ത്തിനാണ് രാഷ്ട്രപതി മുന്‍ഗണന നല്‍കിയത്. കൊളോണിയല്‍ ചിന്താഗതിയില്‍ നിന്ന് പുറത്തുവരുന്ന ഏറ്റവും വലിയ പ്രസ്താവനയാണിത്,” മന്ത്രി എഎന്‍ഐയോട് പറഞ്ഞു.
ലോകരാജ്യങ്ങള്‍ക്കിടയിലെ ഇന്ത്യയുടെ പ്രാധാന്യം?
മുമ്പ് അധ്യക്ഷത വഹിച്ച രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി വികസ്വര രാജ്യങ്ങളെ ഒന്നിപ്പിക്കാനാണ് നമ്മള്‍ ശ്രമിക്കുന്നതെന്ന്, ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ ഇന്ത്യയെ വിശ്വസനീയമായ ശബ്ദമായി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.’മുമ്പ് ജി 20 ഉച്ചകോടികള്‍ക്ക് അധ്യക്ഷത വഹിച്ച രാജ്യങ്ങളില്‍ വികസ്വര രാജ്യങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല, ദയവായി ഇതില്‍ പങ്കെടുക്കു, നിങ്ങളുടെ ആശങ്കകള്‍ എന്താണെന്ന് ഞങ്ങളോട് പറയൂ, ഞങ്ങള്‍ ആ ആശങ്കകള്‍ പരിഹരിക്കാം, അത് ജി 20 യുടെ മുമ്പാകെ വെയ്ക്കാം,’ ജയശങ്കര്‍ പറഞ്ഞു.
‘ജി 20 ന് പുറത്ത്, വളരെ മികച്ച ഇടനിലക്കാരന്‍ എന്ന ഖ്യാതി ഇന്ത്യക്കുണ്ട്. മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒരു പാലമായിരുന്നു’ ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്ക് ഒരുപാട് നല്ല മൂല്യങ്ങളുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു. ജി 20 യില്‍ പങ്കെടുക്കാന്‍ വരുന്ന എല്ലാവരും തങ്ങള്‍ വഹിക്കുന്ന ഉത്തരവാദിത്തം മനസ്സിലാക്കുമെന്നും ലോകത്തിലെ മറ്റ് 180 രാജ്യങ്ങള്‍ തങ്ങളിലേക്കാണ് നോക്കുന്നതെന്ന് മനസ്സിലാകുമെന്നും മന്ത്രി പറഞ്ഞു.
പുടിനും ഷി ജിന്‍പിങ്ങും ജി20 ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതോ?
പല പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും മറ്റ് എന്തെക്കൊയോ കാരണത്താല്‍ ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന്, ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പങ്കെടുക്കാത്തതിനെ കുറിച്ച് ചോദിക്കവെ മന്ത്രി പറഞ്ഞു. ആരു തന്നെ പങ്കെടുത്താലും അത് ആ രാജ്യത്തിന്റെ നയവും നിലപാടുകളുമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി 20 ഉച്ചകോടിക്കായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തെക്കുറിച്ചും ജയശങ്കര്‍ അഭിമുഖത്തില്‍ സംസാരിച്ചു.
‘ലുട്ടിയന്‍സ് ഡല്‍ഹിയിലോ വിഗ്യാന്‍ ഭവനോ ആണ് ഏറ്റവും നല്ലത് എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് അവരുടെ മാത്രം കാര്യമാണ്. അതാണ് അവരുടെ ലോകം’ അദ്ദേഹം പറഞ്ഞു. ഇത് വ്യത്യസ്തരായ സര്‍ക്കാരാണ്. ഇത് മറ്റൊരു കാലഘട്ടമാണ്. ഇത് വ്യത്യസ്തമായ ചിന്താഗതിയാണെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ‘ജി 20 ഒരു ദേശീയ ഉദ്യമമായി കണക്കാക്കേണ്ട ഒന്നാണെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ക്ക് പങ്കാളിത്ത ബോധം ഉണ്ടായിരിക്കണമെന്നും പ്രധാനമന്ത്രിക്ക് തോന്നി. ജയശങ്കര്‍ പറഞ്ഞു, ‘ഞങ്ങള്‍ 1983 ല്‍ തന്നെ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരെ, അവിടെ തന്നെ നില്‍ക്കാന്‍ സ്വാഗതം ചെയ്യുന്നു. രാജ്യം മുന്നോട്ട് പോയതില്‍, ഞങ്ങള്‍ 2023 ലാണ്.’ജയശങ്കര്‍ പറഞ്ഞു.
ബൈഡന്റെ സന്ദര്‍ശനം
ഈ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രി മോദി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയും യുഎസും ധാരണയിലെത്തിയ കാര്യങ്ങളില്‍ നേതാക്കള്‍ക്ക് വീണ്ടും വിലയിരുത്താന്‍ യുഎസ് പ്രസിഡന്റിന്റെ സന്ദര്‍ശനം അവസരമൊരുക്കുമെന്ന് ജയശങ്കര്‍ പറഞ്ഞു. ‘പ്രധാനമന്ത്രി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം വളരെ ശക്തമായ ഒരു ഇടപെടലായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി അംഗീകരിച്ച പലതും ഈ വര്‍ഷം ജൂണില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന തിരക്കിലാണ്. അതിനാല്‍, അമേരിക്കന്‍ പ്രസിഡന്‍ഡിന്റെ സന്ദര്‍ശനം ഇരുനേതാക്കള്‍ക്ക് വീണ്ടും ഈ തീരുമാനങ്ങള്‍ വിലയിരുത്താന്‍ അവസരം നല്‍കുമെന്ന് ഞാന്‍ കരുതുന്നു, ”ജയ്ശങ്കര്‍ പറഞ്ഞു.
ജി 20 ഉച്ചകോടിക്കായി ഡല്‍ഹിയില്‍ വന്‍ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. വരാനിരിക്കുന്ന വാരാന്ത്യത്തില്‍ പ്രമുഖ നേതാക്കള്‍ ദേശീയ തലസ്ഥാനത്തേക്ക് എത്തും. ‘എല്ലാം തയാറാകുകയാണ്. ചര്‍ച്ച നടത്തേണ്ടവര്‍ ചര്‍ച്ചകള്‍ നടത്തുന്നു, ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ അതില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ എല്ലാത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയമാണ്, ‘ജയശങ്കര്‍ പറഞ്ഞു.