“രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർത്ഥി ബിജെപിയിലേക്ക്,” എന്ന് അവകാശവാദത്തോടെ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
ഞങ്ങൾ ഈ കാർഡ് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, ജൂൺ 4,2024ൽ ഇന്ത്യൻ എക്സ്പ്രസിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു ചിത്രം കിട്ടി. ബിജെപി എന്ന് എഴുതിയ, താമരയുടെ പടമുള്ള കാവി ഷോൾ ധരിച്ച താടിയുള്ള ഒരാളെ രണ്ടു പേർ അഭിനന്ദിക്കുന്നത് കാട്ടുന്ന ഇപ്പോൾ പ്രചരിക്കുന്ന പടം അതിൽ കണ്ടെത്തി.
advertisement
“വഡോദരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജഷ്പാൽ സിംഗ് പധ്യാർ ബിജെപിയുടെ ഹേമാംഗ് ജോഷിക്കൊപ്പം വഡോദര പോളിംഗ് സ്റ്റേഷനിൽ. കോൺഗ്രസ് പരാജയം സമ്മതിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴും 54,2084 വോട്ടുകളുടെ ലീഡ് നേടിയ ബിജെപി സ്ഥാനാർത്ഥിയെ അഭിനന്ദിക്കുന്ന വഡോദര സിറ്റി കോൺഗ്രസ് പ്രസിഡന്റ് രുത്വിജ് ജോഷിയാണ് വലതുവശത്ത്,” എന്നാണ് പടത്തിന്റെ അടിക്കുറിപ്പ്.
മൈ നേതാ ഇന്ഫോയിലും ഇതേ താടിയുള്ള ആളുടെ പടമാണ് വഡോദരയിലെ ബിജെപി സ്ഥാനാർത്ഥി ഹേമാംഗ് ജോഷി എന്ന പേരിൽ കൊടുത്തിരിക്കുന്നത്.
കീ വേർഡ് സെർച്ചിൽ നിന്നും സിക്കാറിൽ നിന്നും ജയിച്ച അമ്ര റാമാണ് രാജസ്ഥാനിൽ നിന്നും ജയിച്ച സിപിഎമ്മിന്റെ ഏക സ്ഥാനാർത്ഥിയെന്ന് മനസ്സിലായി.
ജൂൺ 5, 2024ലെ എഎൻഐയുടെ എക്സ് പോസ്റ്റിൽ അമ്രാ റാമിന്റെ ഇന്റർവ്യൂവിന്റെ വീഡിയോ ഉണ്ട്. അതിൽ നിന്നും പ്രചരിക്കുന്ന ഫോട്ടോയിൽ ഉള്ള ആളല്ല, രാജസ്ഥാനിലെ സിക്കാറിൽ നിന്നും ജയിച്ച അമ്ര റാമമെന്ന് മനസ്സിലായി.
സിക്കറിൽ നിന്നുള്ള സിപിഎമ്മിന്റെ വിജയിച്ച സ്ഥാനാർത്ഥി അമ്രാ റാം പറയുന്നു, “ഇൻഡി സഖ്യത്തിന്റെ നേതാക്കൾക്കും വോട്ടർമാർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പോരാടി. ഞാൻ പ്രതീക്ഷകൾക്കൊപ്പം ഉയർന്ന് പ്രവർത്തിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ഞാൻ സംസ്ഥാന നിയമസഭയിൽ പോരാടിയതുപോലെ തെരുവിലും പാർലമെന്റിലും ഞാൻ പോരാടും,”എന്ന വിവരണത്തോടെയാണ് പോസ്റ്റ്.
ജൂൺ 5, 2024ലെ തന്റെ എക്സ് പോസ്റ്റിൽ അമ്ര റാം, താനുൾപ്പെടെയുള്ള വിജയിച്ച, സിപിഎം സ്ഥാനാർത്ഥികളുടെ പടം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ നിന്നും അമ്ര റാമല്ല പ്രചരിക്കുന്ന ഫോട്ടോയിൽ ഉള്ളതെന്ന് വ്യക്തമായി.
“ആലത്തൂരിൽ 20111 വോട്ടിന് കെ രാധാകൃഷ്ണൻ വിജയിച്ചു. #മധുരയിൽ 209409 വോട്ടുകൾക്ക് സു വെങ്കിടേശൻ വിജയിച്ചു. #സിക്കാറിൽ 72896 വോട്ടുകൾക്കാണ് അമ്ര റാം വിജയിച്ചത്. #ദിണ്ടിഗലിൽ 443821 വോട്ടുകൾക്ക് സച്ചിതാനന്ദം ആർ വിജയിച്ചു,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. അദ്ദേഹം സിപിഎമ്മിൽ തന്നെയാണ് ഇപ്പോഴും എന്ന് അദ്ദേഹത്തിന്റെ എക്സ് പ്രൊഫൈൽ പരിശോധിച്ചാൽ മനസ്സിലാവും.
Conclusion
രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർത്ഥി ബിജെപിയിലേക്ക് എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോയിൽ കാണുന്നത്, വഡോദരയിൽ ജയിച്ച ബിജെപിയുടെ ഹേമാംഗ് ജോഷിയാണ്. സിക്കാറിൽ നിന്നും ജയിച്ച അമ്ര റാമാണ് രാജസ്ഥാനിൽ നിന്നും ജയിച്ച സിപിഎമ്മിന്റെ ഏക സ്ഥാനാർത്ഥി. അദ്ദേഹം ഇപ്പോഴും സിപിഎമ്മിൽ തന്നെയാണ്.