എക്സ് അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് പിഐബി നവമാധ്യമങ്ങൾ വഴി നടക്കുന്ന സന്ദേശങ്ങളുടെ വ്യാജ പ്രചരണം തടയണമെന്ന് അറിയിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പിഐബി പൊതുജനങ്ങളോട് നിർദേശിച്ചു.
"ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ടുമൂന്ന് ദിവസത്തേക്ക് എടിഎമ്മുകള്‍ അടച്ചിടുമെന്നാണ് വാട്സ്ആപ്പ് ഫോര്‍വേഡ് മെസേജിൽ പറയുന്നത്. പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ റാന്‍സംവെയര്‍ സൈബര്‍-അറ്റാക്ക് നടക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് എടിഎമ്മുകള്‍ അടച്ചിടുന്നതെന്നും, ഇന്ന് ആരും ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ നടത്താന്‍ പാടില്ലെന്നും വാട്സ്ആപ്പ് ഫോര്‍വേഡില്‍ പറയുന്നു".
അതേസമയം, ഇത് വ്യാജ സന്ദേശമാണെന്നും എടിഎമ്മുകൾ സാധാരണഗതിയിൽ പ്രവർത്തിക്കുമെന്നും ഈ സമയത്ത് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പിഐബി അറിയിച്ചു. അനാവശ്യമായ പരിഭ്രാന്തി ഒഴിവാക്കുന്നതിനും എടിഎം സേവനങ്ങൾ സാധാരണപോലെ തുടരുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമാണ് സർക്കാരിന്റെ വസ്തുതാ പരിശോധനാ ഏജൻസി ഈ വിശദീകരണം നൽകിയത്. സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകളെക്കുറിച്ച് ജാഗ്രത പാലിക്കാനും കൃത്യമായ അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം വിശ്വസിക്കാനും പിഐബി ഓർമ്മിപ്പിച്ചു.
അതേസമയം, രാജ്യത്തെ എല്ലാ എടിഎമ്മുകളും പ്രവർത്തനക്ഷമമാണെന്നും ആവശ്യത്തിന് പണമുണ്ടെന്നും ഡിജിറ്റൽ സേവനങ്ങൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും ബാങ്കുകൾ അറിയിച്ചു.