ഗുജറാത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹം സംസ്ഥാനത്ത് എത്തിയത്. സംസ്ഥാനത്ത് വിവിധ വികസന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും. ഗുജറാത്ത് റോഡ് ഷോയുടെ ദൃശ്യങ്ങളും പ്രധാനമന്ത്രി തന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ മേയ് ഏഴിന് പുലര്‍ച്ചെ ഇന്ത്യ നടത്തിയ സൈനിക ദൗത്യമായ 'ഓപ്പറേഷന്‍ സിന്ദൂറി'നെ കുറിച്ച് മേയ് എട്ടിന് മാധ്യമങ്ങളോട് വിശദീകരിച്ച രണ്ട് ഇന്ത്യന്‍ സൈനിക വനിതാ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു കേണല്‍ സോഫിയ ഖുറേഷി. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ വിദേശ സൈനികാഭ്യാസമായ 'എക്‌സസൈസ് ഫോഴ്‌സ് 18 '
advertisement
എന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തില്‍ ഇന്ത്യന്‍ ആര്‍മി സംഘത്തെ നയിക്കുന്ന ആദ്യ വനിത കൂടിയാണ് അവര്‍.
വനിതകളുടെ ശാക്തീകരണത്തിനായി പ്രധാനമന്ത്രി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് സോഫിയ ഖുറേഷിയുടെ സഹോദരി ഷൈന സുന്‍സാര മാധ്യമങ്ങളോട് പറഞ്ഞു. മോദിയെ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും അവര്‍ മാധ്യമങ്ങളോട് പ്രകടിപ്പിച്ചു. സോഫിയ തന്റെ ഇരട്ട സഹോദരിയാണെന്നും രാജ്യത്തിനുവേണ്ടി അവര്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ അത് എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നുവെന്നും ഷൈന സുന്‍സാര പറഞ്ഞു. സോഫിയ തന്റെ സഹോദരി മാത്രമല്ല, രാജ്യത്തിന്റെ തന്നെ സഹോദരിയാണെന്നും അവര്‍ വ്യക്തമാക്കി.
സോഫിയ ഖുറേഷിയുടെ അമ്മയും അച്ഛനും മോദിയെ കാണാനെത്തിയവര്‍ക്കൊപ്പം ഉണ്ടായിരുന്നു. മോദിയെ നേരിട്ട് കാണാനായതില്‍ സന്തോഷമുണ്ടെന്ന് സോഫിയയുടെ അമ്മയും പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ സ്ത്രീകളും സഹോദരികളും സന്തുഷ്ടരാണെന്നും അവര്‍ അറിയിച്ചു.
റോഡ് ഷോയ്ക്കിടെ മോദി തങ്ങളെ തിരിച്ചറിഞ്ഞതായും അഭിവാദ്യം ചെയ്തതായും സോഫിയ ഖുറേഷിയുടെ അച്ഛന്‍ താജ് മുഹമ്മദ് ഖുറേഷി അറിയിച്ചു. മോദി അവിടെയെത്തിയത് മികച്ച നിമിഷമായിരുന്നുവെന്നും അദ്ദേഹത്തെ ആദ്യമായി കാണാന്‍ കഴിഞ്ഞുവെന്നും സോഫിയയുടെ സഹോദരന്‍ സഞ്ജയ് ഖുറേഷിയും മാധ്യമങ്ങളോട് പറഞ്ഞു. "അദ്ദേഹം ഞങ്ങളെ അഭിവാദ്യം ചെയ്തു. എന്റെ സഹോദരിക്ക് ഈ അവസരം നല്‍കിയ നമ്മുടെ പ്രതിരോധ സേനയ്ക്കും ഇന്ത്യന്‍ സര്‍ക്കാരിനും ഞാന്‍ നന്ദി പറയുന്നു. വളരെയധികം കഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടി പ്രതികാരം ചെയ്യുന്ന ഒരു സ്ത്രീ", ഇതിനേക്കാള്‍ മികച്ചത് മറ്റെന്താണുള്ളത് അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ ദ്വിദിന സന്ദര്‍ശനത്തിന് എത്തിയ മോദി ദഹോദ്, ഭുജ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പൊതുപരിപാടികളില്‍ പങ്കെടുക്കും. 82,950 കോടി രൂപയുടെ വിവിധ പദ്ധതികളും പ്രധാനമന്ത്രി സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിയോടെ വഡോദര വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി മോദിക്ക് ഗംഭീര സ്വീകരണമാണ് നല്‍കിയത്. പിന്നീട് ഒരു കിലോമീറ്റര്‍ റോഡ് ഷോ നടത്തി അദ്ദേഹം വ്യോമസേനാ സ്റ്റേഷനില്‍ എത്തി. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' ദൗത്യത്തിന്റെ വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിക്കാന്‍ വഴിയില്‍ ഇരുവശങ്ങളിലും ജനം തടിച്ചുകൂടി.