അതേസമയം, ഇതിന് വിപരീതമായി, ക്ഷീരകര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങളുടെ അന്തിമ വിലയുടെ 70 ശതമാനം വില ലഭിക്കുന്നുണ്ട്. മുട്ട കര്‍ഷകര്‍ക്ക് 75 ശതമാനം ലഭിക്കുന്നുണ്ട്. കോഴി, മാംസം ഉത്പാദകര്‍ക്കാകട്ടെ ഉപഭോക്തൃവിലയുടെ 56 ശതമാനവും ലഭിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. തക്കാളി കര്‍ഷകര്‍ക്ക് ഉപഭോക്തൃവിലയുടെ 33 ശതമാനം മാത്രമെ ലഭിക്കുന്നുള്ളൂ. ഉള്ളി കര്‍ഷകര്‍ക്ക് 36 ശതമാനവും ഉരുളക്കിഴക്ക് കര്‍ഷകര്‍ക്ക് 37 ശതമാനവും വില ലഭിക്കുന്നു. വാഴ കൃഷി ചെയ്യുന്നവര്‍ക്ക് ഉപഭോക്തൃവിലയുടെ 31 ശതമാനവും മുന്തിരി കര്‍ഷകര്‍ക്ക് 35 ശതമാനവും മാമ്പഴത്തിന് 43 ശതമാനവും മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. പയറുവര്‍ഗങ്ങള്‍ക്ക് ഉപഭോക്താക്കള്‍ ചെലവിടുന്ന തുകയുടെ 75 ശതമാനവും കര്‍ഷകര്‍ക്ക് ലഭിക്കുന്നതായി കണ്ടെത്തി. ചെറുപയര്‍ കര്‍ഷകര്‍ക്ക് 75 ശതമാനവും പരിപ്പ് കര്‍ഷകര്‍ക്ക് 65 ശതമാനം തുകയും ലഭിക്കുന്നുണ്ട്.
advertisement
കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം, പ്രാദേശികമായുള്ള പ്രശ്‌നങ്ങള്‍ എന്നിവ മൂലം കര്‍ഷകര്‍ വളരെയധികം ദുരിതം അനുഭവിക്കുന്നുവെന്നും പഠനം സൂചിപ്പിക്കുന്നു. കൃഷി ചെയ്‌തെടുക്കുന്ന വിളവുകള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളിലെ അപര്യാപ്തതയും വിതരണശൃംഖലയിലെ നിരവധി ഇടനിലക്കാരും കര്‍ഷകരുടെ വരുമാനം കുറയ്ക്കുന്നതായും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.'ബാലന്‍സ് ഷീറ്റ് സമീപനം' സ്വീകരിക്കുന്നതിലൂടെ ഈ ഉത്പന്നങ്ങളുടെ വിലക്കയറ്റം പ്രവചിക്കാന്‍ കഴിയുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി നിര്‍ദേശിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. വിതരണവും ആവശ്യകതയും അടിസ്ഥാനമാക്കിയുള്ള വ്യാപാരനയങ്ങളില്‍ ഹ്രസ്വകാല മാറ്റങ്ങള്‍ വരുത്തി വില സ്ഥിരപ്പെടുത്താന്‍ പ്രവചനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തക്കാളി, ഉള്ളി, ഉരുളക്കിഴക്ക് എന്നിവയുടെ വിലക്കയറ്റം കുറയ്ക്കുന്നതിന് സ്വകാര്യ വിപണികള്‍ വിപൂലീകരിക്കാനും ഓണ്‍ലൈനായുള്ള ദേശീയ കാര്‍ഷിക വിപണി പ്രയോജനപ്പെടുത്താനും കര്‍ഷക കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കാനും പഠനം ശുപാര്‍ശ ചെയ്യുന്നു. കോള്‍ഡ് സ്‌റ്റോറേജ് സൗകര്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സംഭരണം പ്രോത്സാഹിപ്പിക്കുക, മെച്ചപ്പെട്ട വിള ഇനങ്ങള്‍, പോളി ഹൗസ് കൃഷി എന്നിവ ഉപയോഗിച്ച് ഉത്പാദനക്ഷമത മെച്ചപ്പെടുത്തുക എന്നിവയാണ് മറ്റ പ്രധാന നിര്‍ദേശങ്ങള്‍. പാല്‍, കോഴി, മുട്ട എന്നീ കൃഷിക്കായി ഫീഡ് ബാങ്കുകള്‍ സൃഷ്ടിക്കുക, തരിശായ ഭൂമിയില്‍ പുല്ല് കൃഷി ചെയ്യുക, കൃത്രിമ ബീജസങ്കലനത്തിലൂടെയും രോഗനിയന്ത്രണത്തിലൂടെയും ഉത്പാദനക്ഷണ വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിസര്‍വ് ബാങ്കിന്റെ പഠനം മുന്നോട്ട് വയ്ക്കുന്നു.