ലാത്തി ചാർജിൽ ജുഡീഷ്യൽ അന്വേഷണം നടത്തും. വിരമിച്ച ഹൈക്കോടതി ജഡ്ജിയായിരിക്കും അന്വേഷണം നടത്തുക. പൊലീസ് ലാത്തിച്ചാർജിൽ കൊല്ലപ്പെട്ട സുശീൽ കാജലിന്റെ രണ്ട് കുടുംബാംഗങ്ങൾക്ക് ജോലി നൽകും. പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു. സുശീൽ കാജലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതും പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി.
ലാത്തിച്ചാർജിൽ നിബന്ധനകൾക്ക് അനുസൃതമായി അന്വേഷണത്തിന് തയ്യാറെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 28നാണ് ഹരിയാനയിലെ കർണലിൽ പൊലീസും കർഷകരും തമ്മിൽ സംഘർഷം ഉണ്ടായത്. ലാത്തിച്ചാർജിൽ ഒരു കർഷകൻ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
advertisement
ബി.ജെ.പിയുടെ യോഗത്തിൽ പങ്കെടുക്കാൻ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഒ.പി. ധങ്കർ സഞ്ചരിച്ച വാഹനവ്യൂഹം തടയാൻ ശ്രമിച്ചതിനെ തുടർന്ന് കർഷക സംഘത്തിന് നേരെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. ഇതിൽ പ്രതിഷേധിച്ചു കൊണ്ടായിരുന്നു കർണാലിൽ കർഷകർ മഹാപഞ്ചായത്ത് നടത്താൻ തീരുമാനിച്ചത്. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെങ്കിലും ആയിരക്കണക്കിന് കർഷകർ സമരത്തിനെത്തി. തുടർന്ന് കർണാലിലെ മിനി സെക്രട്ടറിയേറ്റ് കർഷകർ ഉപരോധിക്കുകയായിരുന്നു. സമരം അഞ്ചാം ദിവസവും തുടരുന്നതിനിടെയാണ് ചർച്ചയിൽ തീരുമാനമായത്.
സമരത്തെ തുടർന്ന് കർണാലിലും സമീപപ്രദേശങ്ങളിലും റദ്ദാക്കിയ ഇന്റർനെറ്റ് സംവിധാനങ്ങൾ പുനഃസ്ഥാപിച്ചിരുന്നു. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധം കൂടുതൽ വ്യാപിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ മാസം 29 ന് ഉത്തർപ്രദേശിൽ മഹാപഞ്ചായത്തുകൾ നടക്കും. 18 ഉപജില്ലാ കേന്ദ്രങ്ങളിൽ ആണ് മഹാപഞ്ചായത് നടക്കുക. യു.പി. തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരായ വികാരം ശക്തമാക്കുകയാണ് കിസാൻ മോർച്ചയുടെ ലക്ഷ്യം.
Summary: After five days of intense back and forth, the deadlock over the farmers protests in Karnal was finally resolved with the crop growers agreeing to a probe into August 28 lathi-charge by a retired judge
