ഡിസംബർ 4 ന് കർഷക സംഘടനകൾ വീണ്ടും യോഗം ചേരും. താങ്ങുവില നിയമപരമായി ഉറപ്പാക്കുക, വൈദ്യുതി ഭേദഗതി നിയമം റദ്ദ് ചെയ്യുക, വായു മലിനീകരണ നിയമപ്രകാരം കർഷകർക്കുള്ള ശിക്ഷാ വ്യവസ്ഥകൾ നീക്കം ചെയ്യുക, കർഷക സമരത്തിന്റെ പേരിലുള്ള കേസുകൾ ഉടൻ പിൻവലിക്കുക, ലഖിംപൂർ ഖേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക, സമരത്തിനിടെ മരിച്ച 700 കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും നൽകുക, രക്തസാക്ഷി സ്മാരകം നിർമിക്കാൻ സിംഘു അതിർത്തിയിൽ ഭൂമി നൽകുക എന്നീ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ട് വെച്ചിട്ടുള്ളത്. അതേസമയം പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും. ഒറ്റബില്ലായാണ് അവതരിപ്പിക്കുക.
advertisement
താങ്ങുവില സംബന്ധിച്ച് മാർഗ്ഗ നിർദേശങ്ങൾ തയ്യാറാക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. സമിതിയിൽ കർഷക സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തുമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. വൈക്കോൽ കത്തിക്കുന്നത് ക്രിമിനൽ കുറ്റം അല്ലാതാക്കണമെന്ന കർഷകരുടെ ആവശ്യം അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. കർഷകർ സമരം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
