വിദേശ ടൂറിന് യോഗ്യത നേടുന്നതിന് സ്കൂളിൽ കുട്ടികളുടെ എണ്ണം 2025-26-നെ അപേക്ഷിച്ച് 2026-27 അധ്യയന വര്‍ഷം കുറഞ്ഞത് 15 ശതമാനം വര്‍ദ്ധിപ്പിക്കണം. കര്‍ണാടക പബ്ലിക് സ്‌കൂളുകളിലും പിഎം ശ്രീ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ 25 ശതമാനം വര്‍ദ്ധന വരുത്തുന്നവര്‍ക്കാണ് വിദേശ ടൂര്‍ അനുവദിക്കുക.
ഇന്‍സെന്റീവ് സ്‌കീമിനു കീഴില്‍ ഈ ലക്ഷ്യം കൈവരിക്കുന്ന അഞ്ച് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ (അഡ്മിനിസ്‌ട്രേഷന്‍), അഞ്ച് ഫീല്‍ഡ് വിദ്യാഭ്യാസ ഓഫീസര്‍മാര്‍, അഞ്ച് പ്രൈമറി സ്‌കൂള്‍ മേധാവികള്‍, അഞ്ച് ഹൈസ്‌കൂള്‍ മേധാവികള്‍, അഞ്ച് പ്രീ യൂണിവേഴ്‌സിറ്റി പ്രിന്‍സിപ്പല്‍മാര്‍ എന്നിവരെ ആഗോളതലത്തിലെ മികച്ച രീതികള്‍ പഠിക്കുന്നതിനായി അവസരമൊരുക്കുന്ന വിദേശ യാത്രയ്ക്ക് തിരഞ്ഞെടുക്കും. ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് ഇവര്‍ക്ക് അവസരമുണ്ടാകുകയെന്ന് വകുപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
advertisement
വിദ്യാര്‍ത്ഥികളുടെ എണ്ണം കൂട്ടാന്‍ റാലികളും ലഘുലേഖകളുടെ വിതരണവും സ്‌കൂളുകള്‍ നടത്തുന്നുണ്ട്. നവംബര്‍ 14-ന് ആരംഭിച്ച എന്‍ റോള്‍മെന്റ് അവബോധ ഡ്രൈവ് 2026 ജൂണ്‍ വരെ തുടരും. സ്‌കൂള്‍ അധികൃതര്‍ക്ക് വിശദമായ പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
സ്‌കൂള്‍ ബ്രോഷറുകളില്‍ സൗജന്യ പാഠപുസ്തകങ്ങളുടെയും യൂണിഫോമിന്റെയും വിതരണം, ഉച്ചഭക്ഷണം, പോഷകാഹാരം, സ്‌കോളര്‍ഷിപ്പുകള്‍, ഷൂസ്, സോക്‌സ് എന്നിവയുടെ വിതരണം, ഗതാഗത സേവനങ്ങള്‍, പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ ഗാര്‍ഹിക വിദ്യാഭ്യാസം തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ ബ്രോഷറുകളില്‍ പ്രദര്‍ശിപ്പിക്കും.
പ്രവേശനത്തിന് അര്‍ഹതയുള്ള കുട്ടികള്‍, പഠനം നിര്‍ത്തിയവര്‍, തുടര്‍ച്ചയായി ഹാജരാകാത്തവര്‍ എന്നിവരെ തിരിച്ചറിയുന്നതിന് 2026 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ ഉദ്യോഗസ്ഥര്‍ സമഗ്രമായ ഒരു സര്‍വേ നടത്തേണ്ടതുണ്ട്. തിരിച്ചറിഞ്ഞ കുട്ടികളെ പിന്നീട് അടുത്തുള്ള സ്‌കൂളുകളിലേക്കോ കോളേജുകളിലേക്കോ നിര്‍ദ്ദേശിക്കും. കാര്‍ഷിക, കാര്‍ഷികേതര മേഖലകളിലെ ദിവസ വേതനക്കാരുടെ കുടുംബങ്ങളുടെ പട്ടികയും സര്‍വേയില്‍ തയ്യാറാക്കണം. തൊഴിലെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കളെ സ്‌കൂള്‍ മേധാവികള്‍ നേരിട്ട് കാണുകയും അവരെ സ്‌കൂളിലേക്ക് തിരികെ അയയ്ക്കാന്‍ ഉപദേശിക്കുകയും ചെയ്‌തേക്കും.
സാംസ്‌കാരിക ഔട്ട്‌റീച്ച് പരിപാടികള്‍ സംഘടിപ്പിക്കാനും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. പ്രചാരണം വിപുലീകരിക്കുന്നതിന് റേഡിയോ, ടിവി പ്രക്ഷേപണങ്ങള്‍, പത്ര പരസ്യങ്ങള്‍, ഡോക്യുമെന്ററികള്‍, ഓഡിയോ സന്ദേശങ്ങള്‍, പോസ്റ്ററുകള്‍ എന്നിവയും ഉപയോഗിക്കാം. സര്‍ക്കാര്‍ സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഓരോ ജില്ലയും ഒരു വിദ്യാഭ്യാസ അംബാസഡറെ നിയമിക്കണം. പുരോഗതി അവലോകനം ചെയ്യുന്നതിന് സ്‌കൂള്‍ വികസന നിരീക്ഷണ സമിതികള്‍ (പിയു കോളേജുകള്‍ക്കുള്ള കോളേജ് വികസന കമ്മിറ്റികള്‍) പതിവായി യോഗം ചേരണം
പ്രധാന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കമ്മീഷണര്‍മാരും ജില്ലാ പഞ്ചായത്ത് സിഇഒമാരും നയിക്കും. ബോധവല്‍ക്കരണ പരിപാടിയില്‍ സ്‌കൂള്‍ മേധാവികളും വകുപ്പ് ഉദ്യോഗസ്ഥരും പൂര്‍ത്തിയാക്കേണ്ട നിരവധി പരിപാടികളുണ്ട്. അവര്‍ മാനദണ്ഡങ്ങള്‍ പാലിക്കുകയും പ്രവേശനത്തില്‍ ആവശ്യമായ വര്‍ദ്ധനവ് കൈവരിക്കുകയും ചെയ്താല്‍ വകുപ്പ് അവരെ വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് കമ്മീഷണര്‍ വികാസ് കിഷോര്‍ സുരാള്‍ക്കര്‍ പറഞ്ഞു.
അധ്യാപകര്‍ക്കായി ഒരു കൂട്ടം പ്രോത്സാഹനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ പദ്ധതിയിടുന്നതായും സ്ഥലംമാറ്റമില്ലാതെ ഒരേ സ്‌കൂളില്‍ തുടരുക, ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്‌കൂള്‍ തിരഞ്ഞെടുക്കുക, വിദേശ അല്ലെങ്കില്‍ അന്തര്‍സംസ്ഥാന പഠന യാത്രകള്‍, അല്ലെങ്കില്‍ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന വകുപ്പുമായി പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതായും സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രശ്മി മഹേഷ് പറഞ്ഞു.
