എജിആറിന്റെ ജന്മാദിനാചരണത്തോടനുബന്ധിച്ച് ശിവകാശിയിൽ അണ്ണാഡിഎംകെ വനിതാ വിഭാഗം സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന. ബസുകളിൽ പുരുഷന്മാർക്കും സൗജന്യ യാത്രയെന്ന അണ്ണാഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പരാമർശിച്ചാണ് ബാലാജി ഭാര്യയ്ക്കും പ്രണയിനിക്കുമൊപ്പം ഭർത്താവിനും യുവാക്കൾക്കും സൗജന്യ യാത്ര നടത്താനാകുമെന്ന് പ്രഖ്യാപിച്ചത്.
തിരഞ്ഞെടുപ്പിൽ ഡിഎംകെയെ പരാജയപ്പെടുത്തി അണ്ണാഡിഎംകെ സർക്കാർ രൂപീകരിക്കുമെന്നും മേയ് അഞ്ചിന് എടപ്പാടി കെ പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ബാലാജി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എംജിആറിന്റെ നയങ്ങൾ വീണ്ടും നടപ്പാക്കുന്നതിനെ കുറിച്ചുള്ള എതിർ പാർട്ടികളുടെ ആരോപണങ്ങളെയും ബാലാജി തള്ളി. എംജിആറിന്റെ ഭരണം തിരികെ കൊണ്ടുവരാൻ പളനിസ്വാമിക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
അണ്ണാഡിഎംകെ ഇതിനോടകം തന്നെ ആദ്യ സെറ്റ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചതായും ഇത് ഡിഎംകെ സർക്കാരിനെ ഒന്ന് പിടിച്ചുകുലുക്കിയിട്ടുണ്ടെന്നും ബാലാജി അവകാശപ്പെട്ടു. ഡിഎംകെ ഭരണത്തിൽ സ്ത്രീകൾക്ക് മാത്രം ബസിൽ സൗജന്യ യാത്ര അനുവദിച്ചതിനെയും ബാലാജി വിമർശിച്ചു. ഇത് കുടുംബങ്ങളെ വിഭജിച്ചതായും ഭാര്യയും ഭർത്താവും വെവ്വേറെ ബസുകളിൽ യാത്ര ചെയ്യേണ്ടി വരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഡിഎംകെ സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായം ഗുണഭോക്താക്കൾക്ക് കൃത്യമായി ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ച് വർഷമായി ഗുണഭോക്താക്കൾക്ക് ഈ ധനസഹായം ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
അണ്ണാഡിഎംകെ നയിക്കുന്ന സഖ്യം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 210 സീറ്റുകൾ നേടുമെന്നും ബാലാജി പ്രവചിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടക്കുന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അണ്ണാഡിഎംകെയുടെയും ബിജെപിയിലെയും നേതാക്കൾ വേദി പങ്കിടുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ അണ്ണാഡിഎംകെ-ബിജെപി സഖ്യത്തിന്റെ കൂടുതൽ വ്യക്തമായ ചിത്രം നാളെ നടക്കുന്ന യോഗത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
