ശിവമോഗയിലെ അശ്വന്ത് നഗറിലെ 'സാനിധ്യ' എന്ന അതിവിശാലമായ ബംഗ്ലാവിലാണ് നാല് പേര്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ജീവനൊടുക്കിയത്. ഒരു കാലത്ത് സമ്പത്തിന്റെയും പ്രതാപത്തിന്റെയും പ്രതീകമായിരുന്ന ഈ ആഢംബര വസതി കഴിഞ്ഞ 18 മാസങ്ങള്‍ക്കിടെ നാല് പേരുടെ മരണങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഇത് സമീപത്ത് താമസിക്കുന്ന നിരവധിയാളുകളെ അസ്വസ്ഥമാക്കി. നിലവില്‍ ഈ പ്രദേശത്ത് ഭയം വലയം ചെയ്തിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞതായി ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ്ഫസ്റ്റ് പ്രൈം റിപ്പോര്‍ട്ട് ചെയ്തു. ഹോമരഡ്ഡി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. ജയശ്രീ ഹോമരഡ്ഡിയുടെ കുടുംബത്തിന്റേതാണ് ഈ വസതി. പലരും 'മരണത്തിന്റെ നിഴല്‍ വീണ ഇടം' എന്നാണ് ഈ ബംഗ്ലാവിനെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
പോലീസ് രേഖകള്‍ പ്രകാരം ഇവിടെ ആദ്യം ജീവനൊടുക്കിയത് കുടുംബനാഥനായ ഡോ. നാഗരാജ് ഹോമരഡ്ഡിയാണ്. ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഡോ. നാഗരാജിന്റെ മകന്‍ ആകാശിന്റെ ഭാര്യ നവശ്രീയും ജീവനൊടുക്കി.
ഏറ്റവും പുതിയതായി ഡോ. ജയശ്രീയെ വീടിന്റെ താഴത്തെ നിലയിലും മകന്‍ ആകാശിനെ ഒന്നാമത്തെ നിലയിലും മരിച്ച നിയില്‍ കണ്ടെത്തിയതതോടെയാണ് സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ് ഉണ്ടായത്. ഇരുവരും തങ്ങളുടെ മരണക്കുറിപ്പുകള്‍ തയ്യാറാക്കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. കൂടാതെ, ആകാശ് ജീവനൊടുക്കുന്നതിന് മുമ്പായി തന്റെ സ്വത്തുവകകള്‍ രണ്ടാം ഭാര്യക്ക് കൈമാറിയതായും പറയപ്പെടുന്നു.
പുതിയ വീട്ടില്‍ താമസം ആരംഭിച്ചതിന് പിന്നാലെ വീടിന്റെ യഥാര്‍ത്ഥ ഉടമയായ രാജശേഖരന്‍ അസുഖം ബാധിച്ച് മരിച്ചിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.
മരണങ്ങളുടെ കാരണങ്ങള്‍ കൃത്യമായി കണ്ടെത്തുന്നത് വരെ സംഭവം ദുരൂഹമായി തുടരുകയാണ്. വിശദമായ അന്വേഷണത്തിലൂടെ മാത്രമെ ആവര്‍ത്തിച്ചുള്ള മരണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പോലീസ് ഉദ്യോഗസ്ഥരും പറയുന്നു.
ഒരേ വീട്ടില്‍ ഒരാളുടെ സ്വാഭാവിക മരണവും നാല് പേര്‍ ജീവനൊടുക്കിയതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്.
മരണങ്ങള്‍ വൈകാരിക സംഘര്‍ഷവുമായി ബന്ധപ്പെട്ടതാണോ, ഇരകള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നോ തുടങ്ങിയ ചോദ്യങ്ങളും ഈ ദുരൂഹ മരണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
