വിനോദത്തിനായും അല്ലാതെയുമുള്ള വേട്ടയാടലും ആവാസ വ്യവസ്ഥയുടെ നാശവും കാരണം ഇന്ത്യയിൽ നിന്ന് പൂർണ്ണമായും വംശനാശം സംഭവിച്ചു പോയ ഒരേയൊരു മാംസഭുക്കാണ് ചീറ്റ. രാജ്യത്ത് അവശേഷിച്ചിരുന്ന മൂന്ന് ചീറ്റകളെ മധ്യപ്രദേശിലെ കൊറിയയിലുള്ള മഹാരാജാ രാമാനുജ് പ്രതാപ് സിംഗ് ദേവ് 1947-ൽ കൊന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. രാജ്യത്ത് ചീറ്റയുടെ വംശനാശം സംഭവിച്ചതായി 1952 സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പർവ്വത പ്രദേശങ്ങളും തീരപ്രദേശങ്ങളും വടക്കുകിഴക്കൻ ഭൂവിഭാഗവും ഒഴിച്ചുനിർത്തിയാൽ രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിലെല്ലാം ഒരു കാലത്ത് ചീറ്റകൾ വിഹരിച്ചിരുന്നു. പുള്ളികളുള്ളത് എന്ന അർത്ഥമുള്ള ‘ചിത്രക’ എന്ന വാക്കിൽ നിന്നാണ് ചീറ്റ എന്ന പേരുണ്ടായത് എന്ന് വിദഗ്ദ്ധർ പറയുന്നു. ഭോപ്പാലിലെയും ഗാന്ധിനഗറിലെയും നവീനശിലായുഗ കാലത്തെ ഗുഹാചിത്രങ്ങളിൽ ചീറ്റയെ കാണാം.
advertisement
1556 മുതൽ 1605 വരെ ഭരിച്ച മുഗൾ ചക്രവർത്തി അക്ബറിന് 1000 ചീറ്റകളുണ്ടായിരുന്നു എന്ന് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ മുൻ വൈസ് പ്രസിഡൻ്റ് ദിവ്യഭാനുസിൻഹ് രചിച്ച “ദി എൻഡ് ഓഫ് എ ട്രെയിൽ - ദി ചീറ്റ ഇൻ ഇന്ത്യ” എന്ന പുസ്തകത്തിൽ പറയുന്നു. മാനുകളെ വേട്ടയാടാനായി ഇവയെ വ്യാപകമായി ഉപയോഗിച്ചിരുന്നു. അക്ബറിൻ്റെ മകനായ ജഹാംഗീർ ചീറ്റകളെ ഉപയോഗിച്ച് 400 കൃഷ്ണമൃഗങ്ങളെ പിടികൂടിയിട്ടുള്ളതായി പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്.
വേട്ടയാടുന്നതിനായി പിടികൂടുന്നതും പിടിയിലായിരിക്കുമ്പോൾ ഇണ ചേർക്കാനുള്ള ബുദ്ധിമുട്ടും കാരണം അവയുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. വേട്ടയാടുന്നതിനായി ചീറ്റയെ ഉപയോഗിക്കാൻ ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാർക്ക് വലിയ താൽപ്പര്യമില്ലായിരുന്നു എന്ന് ദിവ്യഭാനുസിൻഹ് പറയുന്നു. എങ്കിലും അവർ ചെറിയ തോതിൽ ചീറ്റകളെ വേട്ടയാടിയിട്ടുണ്ട്.
20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തോടെ ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നൂറിൻ്റെ ഏതാനും ഗുണിതങ്ങളിൽ ഒതുങ്ങിയതോടെ രാജാക്കന്മാർ വേട്ടയാടാനായി ആഫ്രിക്കയിൽ നിന്ന് ഇവയെ ഇറക്കുമതി ചെയ്യാൻ തുടങ്ങി. 1918-നും 45-നും ഇടയിൽ ഇത്തരത്തിൽ 200 ചീറ്റകളെ ഇറക്കുമതി ചെയ്തതായാണ് കണക്ക്. ബ്രിട്ടീഷുകാർ മടങ്ങിപ്പോകുകയും നാട്ടുരാജ്യങ്ങളെ സ്വതന്ത്ര ഇന്ത്യയുമായി കൂട്ടിച്ചേർക്കുകയും ചെയ്തതോടെ ഈ വിനോദവും അതോടൊപ്പം ചീറ്റകളും ഇല്ലാതായി.
1952-ൽ നടന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വന്യജീവി ബോർഡ് യോഗത്തിൽ ചീറ്റയെ സംരക്ഷിക്കുന്നതിനായി പ്രത്യേക നിർദ്ദേശങ്ങൾ ഉയർന്നിരുന്നു. പിന്നീട് ഇറാനിൽ നിന്ന് ഏഷ്യൻ ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനും പകരമായി ഇന്ത്യയിൽ നിന്ന് ഏഷ്യൻ സിംഹങ്ങളെ ഇറാന് നൽകാനുമായി എഴുപതുകളിൽ ഇറാനിലെ ഷായുമായി ചർച്ച നടന്നിരുന്നു. എന്നാൽ, ഇറാനിലെ ചീറ്റകളുടെ എണ്ണക്കുറവും അവയ്ക്ക് ആഫ്രിക്കൻ ചീറ്റയുമായുള്ള ജനിതക സാമ്യവും പരിഗണിച്ച് ആഫ്രിക്കൻ ചീറ്റയെ കൊണ്ടുവരാം എന്ന് പിന്നീട് തീരുമാനമെടുക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചത് 2009-ലാണ്. ഇതിനായി 2010-നും 2012-നും ഇടയിൽ നിരവധി സ്ഥലങ്ങളിൽ സർവേ നടത്തുകയും മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്ക് ചീറ്റകൾക്ക് യോജിച്ച ഇടമാണെന്ന് കണ്ടെത്തുകയും ചെയ്തു. അപകടാവസ്ഥയിലായ ഏഷ്യൻ സിംഹങ്ങളുടെ സംരക്ഷണത്തിനായി ഇവിടെ മുൻപ് പല നടപടികളും എടുത്തതും ഈ തീരുമാനത്തിലേക്ക് നയിച്ചു.
ജൂലൈയിൽ ഇന്ത്യയും നമീബിയയും തമ്മിൽ ഏർപ്പെട്ട കരാർ പ്രകാരം എട്ട് ചീറ്റകളെയാണ് ഇന്ത്യയിലേക്ക് എത്തിക്കുക. നാല് പെണ്ണും നാല് ആണും. സെപ്റ്റംബർ 16-ന് നമീബിയയിൽ നിന്ന് തിരിക്കുന്ന ഇവ അടുത്ത ദിവസം രാവിലെ ജയ്പൂർ എയർപോർട്ടിൽ എത്തിച്ചേരും. അവിടെ നിന്ന് ഹെലികോപ്ടറിലാണ് ചീറ്റകളെ കുനോയിൽ എത്തിക്കുക.