ഇതാദ്യമായല്ല എസ് ജയശങ്കർ ഇത്തരം ഉരുളക്കുപ്പേരി പോലുള്ള മറുപടികളിലൂടെ ശ്രദ്ധ നേടുന്നത്. അത്തരം ചില പ്രസ്താവനകൾ നോക്കാം.
''അവരുടെ കാഴ്ചപ്പാടുകളെക്കുറിച്ച് ഞങ്ങൾക്കും കാഴ്ചപ്പാടുകളുണ്ട്''
ഇന്ത്യ-യു.എസ് 2+2 മന്ത്രിതല ചര്‍ച്ചകള്‍ക്ക് ശേഷം അമേരിക്കക്കെതിരെ തിരിച്ചടിച്ചതാണ് ജയശങ്കറിന്റെ പഞ്ച് ഡയലോഗുകളിൽ ഏറ്റവും ഒടുവിലത്തേത്. ." ജനങ്ങള്‍ക്ക് നമ്മളെക്കുറിച്ച് പലതരം കാഴ്ചപ്പാടുകളുണ്ട്. നമുക്കും അവരുടെ താല്പര്യങ്ങളേക്കുറിച്ചും അതിനെ നയിക്കുന്ന ലോബികളെക്കുറിച്ചും വോട്ട് ബാങ്കുകളെക്കുറിച്ചും കാഴ്ച്ചപാടുകളുണ്ട്. ഇത്തരം വിഷയങ്ങളിൽ ചർച്ചകൾ ഉണ്ടാകുമ്പോൾ സംസാരിക്കാൻ ഞങ്ങൾ മടി കാണിക്കാറില്ല'', അദ്ദേഹം പറഞ്ഞു.
advertisement
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇന്ത്യയും നിലപാട് വ്യക്തമാക്കും. ഈ രാജ്യങ്ങളിൽ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ, പ്രത്യേകിച്ചും അവ ഞങ്ങളുടെ ജനങ്ങളെ ബന്ധപ്പെട്ടിരിക്കുന്നതാണെങ്കിൽ ഏറ്റെടുക്കുമെന്നും എസ് ജയശങ്കർ വ്യക്തമാക്കി.
''യൂറോപ്പ് അര ദിവസം വാങ്ങുന്ന എണ്ണയേക്കാൾ കുറവ്''
റഷ്യയുടെ പക്കൽ നിന്നും ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതിനെക്കുറിച്ച് അമേരിക്ക നടത്തിയ പ്രസ്താവനക്കെതിരെയും എസ് ജയശങ്കർ തിരിച്ചടിച്ചിരുന്നു. റഷ്യയുടെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് യൂറോപ്യൻ രാജ്യങ്ങൾ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “റഷ്യയിൽ നിന്നുള്ള ഊർജ്ജ കയറ്റുമതിയെക്കുറിച്ച് പരിശോധിക്കുകയാണെങ്കിൽ നിങ്ങളുടെ ശ്രദ്ധ യൂറോപ്പിലായിരിക്കണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു. ഞങ്ങളുടെ ഊര്‍ജ്ജ സുരക്ഷക്ക് ആവശ്യമായ ഇന്ധനം ഞങ്ങള്‍ വാങ്ങുന്നുണ്ട്. പക്ഷേ, കണക്കുകളില്‍ ചില പൊരുത്തക്കേടുകളുണ്ട്. ഞങ്ങള്‍ ഒരു മാസം വാങ്ങുന്നത് യൂറോപ്പ് ഒരു ദിവസം ഉച്ചയ്ക്ക് ശേഷം വാങ്ങുന്നതിനേക്കാള്‍ കുറവായിരിക്കും”, ഇത് സംബന്ധിച്ച അമേരിക്കൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ജയശങ്കർ പറഞ്ഞു.
''റഷ്യയുടെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് യൂറോപ്യൻ രാജ്യങ്ങൾ''
റഷ്യയെ ഉപരോധിക്കണം എന്നാവശ്യപ്പെട്ട ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ലിസ് ട്രസ്സിനും ഉരുളക്കുപ്പേരി പോലെ ജയശങ്കര്‍ മറുപടി നൽകിയിരുന്നു. റഷ്യയുടെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് യൂറോപ്യന്‍ രാജ്യങ്ങളാണെന്നായിരുന്നു ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം.
''ചൈനയാണ് ഏറ്റവും വലിയ ഭീഷണി''
അന്താരാഷ്ട്ര സമൂഹത്തിന് ഏറ്റവും വലിയ ഭീഷണി ചൈനയാണ് എന്ന പരാമർശം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജയശങ്കർ നടത്തിയിരുന്നു. യൂറോപ്യൻ യൂണിയൻ മിനിസ്റ്റീരിയൽ ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. റഷ്യ ഉക്രെയ്‌ൻ പ്രതിസന്ധി രൂക്ഷമായിരിക്കെത്തന്നെ ബെയ്‌ജിംഗിൽ നിന്നുള്ള ആക്രമണത്തെക്കുറിച്ച് ജാഗരൂകരായിരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
''അയൽരാജ്യങ്ങളിൽ നിന്നും ഭീഷണി നേരിടുന്ന രാജ്യം ഞങ്ങൾ മാത്രമല്ല''
അയൽരാജ്യങ്ങളിൽ നിന്നും ഭീഷണി നേരിടുന്ന രാജ്യം ഇന്ത്യ മാത്രമല്ലെന്ന് പൗരത്വ ഭേദഗതി നിയമം (സിഎഎ) സംബന്ധിച്ച പ്രതികരണങ്ങൾക്കിടെ എസ് ജയങ്കർ ചൂണ്ടിക്കാട്ടിയിരുന്നു. ഭീകരവാദം, വിഘടനവാദം, കുടിയേറ്റം എന്നിവ മറ്റു രാജ്യങ്ങളപ്പോലെ തന്നെ ഇന്ത്യ നേരിടുന്ന വെല്ലുവിളികളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിഷയങ്ങളെ മറ്റു രാജ്യങ്ങൾ എങ്ങനെയാണ് കൈകാര്യെ ചെയ്യുന്നത് എന്നതുകൂടി ഇന്ത്യയെ വിമർശിക്കുന്നവർ ചിന്തിക്കണമെന്നും 2020 ൽ നടന്ന റെയ്‌സീന സംഭാഷണത്തിനിടെ അദ്ദേഹം പറഞ്ഞിരുന്നു.