TRENDING:

നികുതി മുതൽ തൊഴിൽ നിയമങ്ങൾ വരെ; 2025ൽ മോദി സർക്കാർ നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങൾ

Last Updated:

ഗ്രാമീണമേഖലയിലും വ്യവസായങ്ങളിലും തൊഴിൽ, വിപണികളിലും രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന വളർന്നുവരുന്ന മേഖലകളിലും പുതിയ പരിഷ്കാരങ്ങളുടെ സ്വാധീനം ദൃശ്യമായി

advertisement
ഇന്ത്യയുടെ വലിയ ലക്ഷ്യങ്ങളിലേക്ക് വേഗത്തിൽ നീങ്ങുകയും ആഴത്തിലുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്ത വർഷമായിരുന്നു 2025.  കാലഹരണപ്പെട്ട നിയമങ്ങൾ രാജ്യം ഉപേക്ഷിക്കുകയും നികുതി-നിയന്ത്രണ സംവിധാനങ്ങൾ ലഘൂകരിക്കുകയും വ്യവസായ മേഖലയ്ക്കായി പുതിയ വാതിലുകൾ തുറന്നുകൊടുക്കുകയും ചെയ്തു.  ഗ്രാമീണമേഖലയിലും വ്യവസായങ്ങളിലും തൊഴിൽ, വിപണികളിലും രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന വളർന്നുവരുന്ന മേഖലകളിലും ഇതിന്റെ സ്വാധീനം ദൃശ്യമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി
advertisement

2025-ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 8.2 ശതമാനം ജിഡിപി വളർച്ച കൈവരിച്ചു. നികുതി മുതൽ തൊഴിൽ നിയമങ്ങൾ വരെയും, തുറമുഖ നവീകരണം മുതൽ ആണവോർജ്ജം വരെയുമുള്ള വിവിധ മേഖലകളിൽ നടപ്പിലാക്കിയ നാഴികക്കല്ലായ പരിഷ്കാരങ്ങളുടെ ഫലമായിരുന്നു ഇത്. വിദേശ നിക്ഷേപം (FDI), സ്വതന്ത്ര വ്യാപാര കരാറുകൾ (FTAs), നിയന്ത്രണങ്ങൾ ഒഴിവാക്കൽ എന്നിവയിലൂടെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ജീവൻ നൽകാനും ഈ പരിഷ്കാരങ്ങളിലൂടെ സാധിച്ചു.

ഇന്ത്യയുടെ വളർച്ചയിൽ തൊഴിലാളികൾക്ക് പ്രാധാന്യം

ഇന്ത്യയുടെ തൊഴിൽ മേഖലയെ പുതിയ രീതിയിൽ പുനർനിർമ്മിച്ച വർഷമാണ് 2025. ചിതറിക്കിടന്നിരുന്ന 29 നിയമങ്ങളെ നാല് ആധുനിക കോഡുകളായി ഏകീകരിച്ചതിലൂടെ, ബിസിനസുകൾക്ക് കൂടുതൽ വ്യക്തത നൽകാനും തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷിതമായ ഒരു തൊഴിൽ ചട്ടക്കൂട് നൽകാനും സാധിച്ചു. ന്യായമായ വേതനം, സുഗമമായ വ്യവസായ ബന്ധങ്ങൾ, വിപുലമായ സാമൂഹിക സുരക്ഷ, സുരക്ഷിതമായ തൊഴിലിടങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഈ പരിഷ്കാരങ്ങൾ 64.33 കോടി വരുന്ന തൊഴിലാളികളെ പിന്തുണയ്ക്കാനും സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാനും സഹായിച്ചു. സമ്പദ്‌വ്യവസ്ഥ വികസിക്കുന്നതിനൊപ്പം തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞ നിലയിൽ നിലനിർത്താനും ഈ മാറ്റങ്ങൾക്ക് കഴിഞ്ഞു.

advertisement

ജിഎസ്ടി ലഘൂകരണം

ജിഎസ്ടി (GST) ലഘൂകരിച്ചതായിരുന്നു 2025ലെ പ്രധാന പരിഷ്കാരങ്ങളിലൊന്ന്. നികുതി നിരക്കുകൾ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളായി നിശ്ചയിച്ചതോടെ വീടുകൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ (MSMEs), കർഷകർ, തൊഴിൽ അധിഷ്ഠിത മേഖലകൾ എന്നിവയുടെ സാമ്പത്തിക ഭാരം കുറഞ്ഞു. തർക്കങ്ങൾ കുറയ്ക്കുക, നികുതി പാലനം മെച്ചപ്പെടുത്തുക, ഡിജിറ്റൽ മേൽനോട്ടം ശക്തമാക്കുക എന്നിവയായിരുന്നു ഈ പരിഷ്കാരത്തിന്റെ ലക്ഷ്യം. അതേസമയം, സാമ്പത്തിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി ആഡംബര-ലഹരി വസ്തുക്കളെ (Sin goods) പുതിയ നികുതി ഘടനയ്ക്ക് പുറത്ത് നിലനിർത്തി. ഈ മാറ്റം ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ഇതിന്റെ ഫലമായി ദീപാവലി കാലത്ത് 6.05 ലക്ഷം കോടി രൂപയുടെ റെക്കോർഡ് വിൽപ്പനയും കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മികച്ച നവരാത്രി വിൽപ്പനയും ഇന്ത്യയിൽ രേഖപ്പെടുത്തി. നികുതി നിരക്കുകൾ കുറച്ചിട്ടും 2026 സാമ്പത്തിക വർഷത്തിലെ ജിഎസ്ടി വരുമാനം ബജറ്റ് എസ്റ്റിമേറ്റുകളെ മറികടക്കുമെന്ന് എസ്ബിഐ റിസർച്ച് (SBI Research) പ്രവചിക്കുന്നു.

advertisement

ആദായനികുതി വിപ്ലവം: മധ്യവർഗത്തിന് ആശ്വാസം

ആധുനിക കുടുംബ ബജറ്റുകളുടെ യാഥാർത്ഥ്യങ്ങൾ മനസിലാക്കി ആദായനികുതിയിൽ വരുത്തിയ ഇളവുകൾ ഇന്ത്യയിലെ മധ്യവർഗത്തിന് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ചരിത്രത്തിലാദ്യമായി, പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾക്ക് ആദായനികുതി പൂർണ്ണമായും ഒഴിവാക്കി. ഇത് കുടുംബങ്ങൾക്ക് വലിയ ലാഭമുണ്ടാക്കാനും കൂടുതൽ ആത്മവിശ്വാസത്തോടെ നിക്ഷേപിക്കാനും ചിലവഴിക്കാനുമു സാമ്പത്തിക സ്വാതന്ത്ര്യം നൽകി.

ഇതോടൊപ്പം, നാലായിരത്തിലധികം ഭേദഗതികളും സങ്കീർണ്ണതകളും നിറഞ്ഞ 1961-ലെ പഴയ ആദായനികുതി നിയമത്തിന് പകരം ആധുനികവും ലളിതവുമായ 'ആദായനികുതി നിയമം 2025' (Income Tax Act, 2025) ഇന്ത്യ നടപ്പിലാക്കി. പുതിയ നിയമം ഇളവുകളെ യുക്തിസഹമാക്കുകയും നിയമതർക്കങ്ങൾ കുറയ്ക്കുകയും വ്യക്തതയുള്ളതാക്കുകയും ചെയ്യുന്നു. കൊളോണിയൽ കാലഘട്ടത്തിലെ നിയമനിർമ്മാണ രീതികളിൽ നിന്നുള്ള നിർണ്ണായകമായ ഒരു മോചനമാണിത്. സുതാര്യവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ നികുതി ഭരണത്തിന്റെ പുതിയ യുഗത്തിലേക്ക് ഇന്ത്യ പ്രവേശിച്ചതിന്റെ സൂചനയാണിത്.

advertisement

സമുദ്ര സമ്പദ്‌വ്യവസ്ഥാ പരിഷ്കാരങ്ങൾ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ അഞ്ച് നിർണ്ണായക സമുദ്ര നിയമങ്ങളാണ് പാസാക്കിയത്: ബിൽസ് ഓഫ് ലാഡിംഗ് 2025, ക്യാരേജ് ഓഫ് ഗുഡ്‌സ് ബൈ സീ ബിൽ 2025, കോസ്റ്റൽ ഷിപ്പിംഗ് ബിൽ 2025, മെർച്ചന്റ് ഷിപ്പിംഗ് ബിൽ 2025, ഇന്ത്യൻ പോർട്ട്‌സ് ബിൽ 2025 എന്നിവയാണവ. 1908, 1925, 1958 വർഷങ്ങളിലെ പഴയ നിയമങ്ങൾക്ക് പകരം വന്ന ഈ പുതിയ നിയമങ്ങൾ ഇന്ത്യയുടെ സമുദ്ര ഭരണസംവിധാനത്തെ ആധുനികവൽക്കരിക്കുന്നു. ഈ പരിഷ്കാരങ്ങൾ രേഖകൾ തയ്യാറാക്കുന്നത് എളുപ്പമാക്കുകയും തർക്കങ്ങൾ കുറയ്ക്കുകയും തീരദേശ കപ്പൽ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് ചരക്ക് നീക്കത്തിനുള്ള ചിലവ് കുറയ്ക്കാനും തുറമുഖ ഭരണസംവിധാനം ശക്തിപ്പെടുത്താനും ഇന്ത്യയുടെ നീല സമ്പദ്‌വ്യവസ്ഥയെ (Blue Economy) വളർത്താനും സഹായിക്കുന്നു. കപ്പൽ അവശിഷ്ടങ്ങൾ വേഗത്തിൽ നീക്കം ചെയ്യുന്നതിനും മെച്ചപ്പെട്ട സമുദ്ര സുരക്ഷയ്ക്കും സംസ്ഥാന മാരിടൈം ബോർഡുകളെ ശാക്തീകരിക്കുന്നതിനും പുതിയ നിയങ്ങൾ വ്യവസ്ഥ ചെയ്യുന്നു.

advertisement

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റീസെറ്റ്: സംരംഭകർക്ക് കരുത്തായി ക്യുസിഒ പരിഷ്കാരം

'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' (Ease of Doing Business) ശ്രദ്ധേയമായ പരിഷ്കാരങ്ങൾ നടപ്പിലാക്കിയ വർഷമായിരുന്നു 2025. ക്വാളിറ്റി കൺട്രോൾ ഓർഡറുകളിൽ (QCO) വരുത്തിയ വിപുലമായ മാറ്റങ്ങളിലൂടെ 76 ഉൽപ്പന്ന വിഭാഗങ്ങളെ നിർബന്ധിത നിബന്ധനകളിൽ നിന്ന് ഒഴിവാക്കി. കൂടാതെ 200-ലധികം ഉൽപ്പന്നങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനായി തിരഞ്ഞടുത്തു. ഇത് ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും (MSMEs) കയറ്റുമതിക്കാർക്കും മേലുള്ള വലിയൊരു ഭാരം ഒഴിവാക്കാൻ സഹായിച്ചു.

ചെറുകിട കമ്പനികൾക്ക് വലിയ ലക്ഷ്യങ്ങൾ

"ചെറുകിട കമ്പനികളുടെ" നിർവ്വചനത്തിൽ മാറ്റം വരുത്തിയതാണ് 2025ലെ മറ്റൊരു പരിഷ്കാരം. 100 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികളെ ഇതിൽ ഉൾപ്പെടുത്തിയത് പതിനായിരക്കണക്കിന് ഇന്ത്യൻ സംരംഭങ്ങളുടെ ഗതി മാറ്റി. വളർന്നുവരുന്ന ബിസിനസ്സുകൾക്ക് ഭരണപരമായ തടസ്സങ്ങൾ ഒരു നേരിടാത്ത സാഹചര്യം ഈ പരിഷ്കാരം സൃഷ്ടിച്ചു. പകരം, പൂർണ്ണ ആത്മവിശ്വാസത്തോടെ വളരാനും വലിയ സ്വപ്നങ്ങൾ കാണാനും ഈ മാറ്റം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

ചെറുകിട ഇടത്തരം സംരംഭങ്ങളിലെ മാറ്റം

ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ MSME) നിർവ്വചനത്തിൽ വരുത്തിയ പരിഷ്കാരം (2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നത്) സംരംഭങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തിയിരുന്ന ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിച്ചു. നിക്ഷേപ പരിധി 2.5 മടങ്ങും വിറ്റുവരവ് പരിധി ഇരട്ടിയുമായാണ് വർദ്ധിപ്പിച്ചത്. മൈക്രോ എന്റർപ്രൈസസുകളുടെ നിക്ഷേപ പരിധി 1 കോടിയിൽ നിന്ന് 2.5 കോടിയായും വിറ്റുവരവ് പരിധി 5 കോടിയിൽ നിന്ന് 10 കോടിയായും ഉയർത്തി. ചെറുകിട (Small) സംരംഭങ്ങളുടെ നിക്ഷേപ പരിധി 10 കോടിയിൽ നിന്ന് 25 കോടിയായും വിറ്റുവരവ് പരിധി 50 കോടിയിൽ നിന്ന് 100 കോടിയായും വർദ്ധിപ്പിച്ചു. ഇടത്തരം (Medium) സംരംഭങ്ങളുടെ നിക്ഷേപ പരിധി 50 കോടിയിൽ നിന്ന് 125 കോടിയായും വിറ്റുവരവ് പരിധി 250 കോടിയിൽ നിന്ന് 500 കോടിയായും ഉയർത്തി. എംഎസ്എംഇകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും നഷ്ടപ്പെടാതെ തന്നെ ബിസിനസ് വിപുലീകരിക്കാൻ ഇത് സഹായിക്കും. ഇടത്തരം സ്ഥാപനങ്ങൾക്ക് സർക്കാർ പിന്തുണയോടെ തന്നെ ആഗോളതലത്തിൽ മത്സരിക്കാൻ ഇത് കരുത്തേകും.

വിദേശ നിക്ഷേപ (FDI) മേഖലയിലെ സുപ്രധാന പരിഷ്കാരങ്ങൾ

ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളിൽ 100% വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ട് മോദി സർക്കാർ ഈ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ഇത് വൻതോതിലുള്ള വിദേശ മൂലധനം ആകർഷിക്കുന്നതിനും മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇൻഷുറൻസ് വിപണിയിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായകമാകും.

ആഗോള വിപണികൾ തുറക്കുന്നു

തന്ത്രപരമായ വ്യാപാര കരാറുകളിലൂടെ ഇന്ത്യ അതിന്റെ സാമ്പത്തിക ഭാവി ശക്തമാക്കി. ജൂലൈയിൽ ഒപ്പുവെച്ച ഇന്ത്യ-യുകെ സിഇടിഎ (CETA), അടുത്തിടെ ഒപ്പുവെച്ച ഇന്ത്യ-ഒമാൻ സിഇപിഎ (CEPA) എന്നിവ പാശ്ചാത്യ-ഗൾഫ് വിപണികളിലേക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നികുതിരഹിത പ്രവേശനം ഉറപ്പാക്കി. ന്യൂസിലൻഡുമായുള്ള എഫ്‌ടിഎ (FTA) കരാറിലൂടെ എല്ലാ ഉൽപ്പന്നങ്ങളുടെയും തീരുവ ഒഴിവാക്കാനും ഇന്ത്യൻ കയറ്റുമതി വർദ്ധിപ്പിക്കാനും സാധിച്ചു.

സ്വിറ്റ്‌സർലൻഡ്, നോർവേ, ഐസ്‌ലൻഡ്, ലിച്ചൻസ്റ്റൈൻ എന്നിവയുൾപ്പെട്ട യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായുള്ള കരാർ ഒക്ടോബറിൽ പ്രാബല്യത്തിൽ വന്നു. വികസിത യൂറോപ്യൻ സമ്പദ്‌വ്യവസ്ഥകളുമായുള്ള ഇന്ത്യയുടെ ആദ്യത്തെ എഫ്‌ടിഎ കരാറാണിത്. അടുത്ത 15 വർഷത്തിനുള്ളിൽ 100 ​​ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനവും സേവന മേഖലയിലും ഹരിത ഊർജ്ജത്തിലും പുതിയ അവസരങ്ങളും ഈ കരാർ നൽകുന്നു. യൂറോപ്യൻ യൂണിയൻ, മെക്സിക്കോ, ഇസ്രായേൽ, കാനഡ, ജിസിസി എന്നിവയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. 25,000 കോടി രൂപയുടെ പുതിയ കയറ്റുമതി പ്രോത്സാഹന പദ്ധതി കൂടി ചേരുന്നതോടെ, 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്കും 'ആത്മനിർഭർ ഭാരത്' എന്ന കാഴ്ചപ്പാടിലേക്കും ഇന്ത്യ വേഗത്തിൽ അടുക്കും.

സെക്യൂരിറ്റീസ് മാർക്കറ്റ് പരിഷ്കാരം

ഇന്ത്യയുടെ സെക്യൂരിറ്റീസ് മാർക്കറ്റ് നിയമങ്ങളെ ഒരൊറ്റ കോഡിന് കീഴിൽ കൊണ്ടുവരുന്നതിനായി 'സെക്യൂരിറ്റീസ് മാർക്കറ്റ് കോഡ് ബിൽ' അവതരിപ്പിച്ചു. ഇത് ഭരണ മാനദണ്ഡങ്ങൾ ശക്തമാക്കുന്നതിനും ഉപഭോക്തൃ സംരക്ഷണം വർദ്ധിപ്പിക്കുന്നതിനും നിയമപാലന ഭാരം കുറയ്ക്കുന്നതിനും സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ വിപണിയെ പിന്തുണയ്ക്കുന്നതിനും സഹായിക്കും.

ജൻ വിശ്വാസ് പരിഷ്കാരം

ഗവൺമെന്റും ബിസിനസ്സ് മേഖലയും തമ്മിലുള്ള ബന്ധത്തിൽ ജൻ വിശ്വാസ് പരിഷ്കാരങ്ങൾ വലിയ മാറ്റം കൊണ്ടുവന്നു. ഇരുന്നൂറിലധികം ചെറിയ നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റുകയും കാലഹരണപ്പെട്ട നൂറുകണക്കിന് നിയമങ്ങൾ റദ്ദാക്കുകയും ചെയ്തു. ഉടൻ അവതരിപ്പിക്കാനിരിക്കുന്ന 'ജൻ വിശ്വാസ് 3.0' കൂടി വരുന്നതോടെ ഈ മാറ്റം കൂടുതൽ ആഴത്തിലുള്ള ഘട്ടത്തിലേക്ക് കടക്കും. ഈ മാറ്റം കേവലം നിയമപരമല്ല, മറിച്ച് ഒരു സാംസ്കാരിക മാറ്റം കൂടിയാണ്. സംരംഭകരെ ഭയപ്പെടുത്താനല്ല, മറിച്ച് പിന്തുണയ്ക്കാനാണ് ഭരണസംവിധാനം നിലകൊള്ളുന്നതെന്ന സന്ദേശമാണ് ഇത് നൽകുന്നത്. എൻഡിഎ ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങൾ ചേർന്ന് ആയിരത്തിലധികം നിയമവ്യവസ്ഥകളിലെ ക്രിമിനൽ നടപടികൾ ഒഴിവാക്കിയതോടെ ഈ പരിഷ്കാരം ഒരു ദേശീയ പ്രസ്ഥാനമായി മാറി.

ആണവോർജ്ജ മേഖലയിലെ പുതിയ അധ്യായം

പാർലമെന്റ് പാസാക്കിയ ശാന്തി (SHANTI) ബിൽ ചരിത്രപരമായ ഒന്നാണ്. 1962-ലെ പഴയ അറ്റോമിക് എനർജി ആക്റ്റും 2010-ലെ സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്റ്റും റദ്ദാക്കി അവയെ ഏകീകൃതവും ആധുനികവുമായ ഒരു നിയമത്തിന് കീഴിൽ കൊണ്ടുവന്നു. ഇന്ത്യയുടെ ആണവനയം പൂർണ്ണമായ സർക്കാർ ഉടമസ്ഥതയിൽ നിന്ന് മാറി, കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെ സ്വകാര്യ നിക്ഷേപത്തിന് കൂടി വഴിതുറക്കുന്ന രീതിയിലേക്ക് മാറുന്നത് ആദ്യമായാണ്. ഇന്ധന ചക്രം, സമ്പുഷ്ടീകരണം, ആയുധ മേഖല എന്നിവ സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിൽ നിലനിർത്തിക്കൊണ്ടുതന്നെ സിവിലിയൻ ആണവ പദ്ധതികളിൽ സ്വകാര്യ-വിദേശ പങ്കാളിത്തം ഇത് അനുവദിക്കുന്നു. പൊതുമേഖലയ്ക്ക് മാത്രമായി സാധ്യമാകാത്ത രീതിയിലുള്ള മൂലധനവും സാങ്കേതികവിദ്യയും ആധുനിക റിയാക്ടറുകളും കൊണ്ടുവരാൻ ഇത് സഹായിക്കും.

ഗ്രാമീണ തൊഴിൽ രംഗത്തെ നാഴികക്കല്ല്

വികസിത് ഭാരത്-ഗ്രാം (G RAM G) ബിൽ 2025 തൊഴിൽ ഉറപ്പ് ചട്ടക്കൂടിലൂടെ ഗ്രാമീണ വികസനത്തിൽ വലിയ മാറ്റം വരുത്തി. തൊഴിൽ ഉറപ്പ് ദിനങ്ങൾ 100-ൽ നിന്ന് 125-ലേക്ക് ഉയർത്തുകയും ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ഉപജീവനവും മെച്ചപ്പെടുത്തുന്നതിലേക്ക് ഇത് കേന്ദ്രീകരിക്കുകയും ചെയ്തു. തൊഴിലിനെ പ്രാദേശിക വികസന പദ്ധതികളുമായി ബന്ധിപ്പിച്ചും സുതാര്യതയ്ക്കായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചും ഗ്രാമീണ മേഖലയുടെ ദീർഘകാല വളർച്ചയാണ് ഈ പരിഷ്കാരം ലക്ഷ്യമിടുന്നത്.

കൊളോണിയൽ കാലത്തെ നിയമങ്ങൾക്ക് വിട

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

150 വർഷത്തിലേറെയായി നിലനിന്നിരുന്ന കൊളോണിയൽ നിയമമായ 1860-ലെ ഇന്ത്യൻ പീനൽ കോഡിന് (IPC) പകരം ഭാരതീയ ന്യായ സംഹിത (BNS) 2025 ജനുവരി മുതൽ പൂർണ്ണമായി നിലവിൽ വന്നു. 163 വർഷം പഴക്കമുള്ള ബ്രിട്ടീഷ് ക്രിമിനൽ നിയമവ്യവസ്ഥയിൽ നിന്നുള്ള ഇന്ത്യയുടെ നിർണ്ണായകമായ മോചനമാണിത്. സൈബർ ഭീകരത, സംഘടിത കുറ്റകൃത്യങ്ങൾ, സാമ്പത്തിക അട്ടിമറികൾ, ലിംഗാധിഷ്ഠിത അതിക്രമങ്ങൾ തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാൻ ഇതിൽ കർശനമായ വ്യവസ്ഥകളുണ്ട്. ആദ്യമായി ഡിജിറ്റൽ തെളിവുകൾക്ക് നിയമപരമായ അംഗീകാരം നൽകുകയും ഇ-എഫ്‌ഐആർ (e-FIR), വിചാരണകൾ പൂർത്തിയാക്കാൻ കൃത്യമായ സമയപരിധി എന്നിവ നിർബന്ധമാക്കുകയും ചെയ്തു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
നികുതി മുതൽ തൊഴിൽ നിയമങ്ങൾ വരെ; 2025ൽ മോദി സർക്കാർ നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങൾ
Open in App
Home
Video
Impact Shorts
Web Stories