എഫ്ടിഐ-ടിടിഐ ഉപയോഗിച്ച് അഞ്ച് വിമാനത്താവളങ്ങളില്‍ കൂടി സുഗമമായ ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ ലഭ്യമാകുമെന്ന് അമിത് ഷാ പറഞ്ഞു. സൗകര്യവും ദേശീയ സുരക്ഷയും വര്‍ധിപ്പിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഖ്‌നൗ, തിരുവനന്തപുരം, കോഴിക്കോട്, തിരുച്ചിറപ്പള്ളി, അമൃത്സര്‍ എന്നീ വിമാനത്താവളങ്ങളിലാണ് ചൊവ്വാഴ്ച പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അവരെ പരിചയപ്പെടുത്താനുള്ള അവസരവും നല്‍കും, അമിത് ഷാ പറഞ്ഞു.
2024 ജൂലൈയില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഈ പ്രത്യേക പദ്ധതി ആദ്യമായി ആരംഭിച്ചത്. രണ്ട് മാസത്തിന് ശേഷം മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് എന്നീ ഏഴ് വിമാനത്താവളങ്ങളില്‍ കൂടി ഇത് ആരംഭിച്ചു.
advertisement
പാസ്‌പോര്‍ട്ടുകളും ഒസിഐ കാര്‍ഡുകളും നല്‍കുന്ന സമയത്ത് തന്നെ രജിസ്‌ട്രേഷന്‍ പ്രാപ്തമാക്കുന്നതിന് ശ്രമങ്ങള്‍ നടത്താന്‍ അമിത് ഷാ ഇമിഗ്രേഷന്‍ അധികാരികളോടും വിമാനത്താവള പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട മറ്റ് ഏജന്‍സികളോടും ആവശ്യപ്പെട്ടു.
''ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ യാത്രക്കാര്‍ക്ക് വിരലടയാളമോ രേഖകളോ നല്‍കാന്‍ മടങ്ങി വരേണ്ടി വരില്ല. അവര്‍ക്ക് ഇഷ്ടമുള്ളപ്പോഴെല്ലാം അവരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ മൂന്ന് ലക്ഷം യാത്രക്കാര്‍ ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 2.65 ലക്ഷം പേര്‍ ഫാസ്റ്റ്-ട്രാക്ക് പ്രക്രിയ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയില്‍ ചേരുന്നതിന് അപേക്ഷകര്‍ http://ftittp.mha.gov.in എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് തങ്ങളുടെ വിശദാംശങ്ങള്‍ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ നല്‍കണം.
രജിസ്റ്റര്‍ ചെയ്ത അപേക്ഷകരുടെ ബയോമെട്രിക്‌സ് വിവരങ്ങള്‍ ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിലോ(എഫ്ആര്‍ആര്‍ഒ) അല്ലെങ്കില്‍ വിമാനത്താവളത്തിലൂടെ കടന്നുപോകുമ്പോഴോ ശേഖരിക്കും. രജിസ്റ്റര്‍ ചെയ്ത യാത്രക്കാര്‍ എയര്‍ലൈന്‍ നല്‍കുന്ന ബോര്‍ഡിംഗ് പാസ് ഇ-ഗേറ്റില്‍ സ്‌കാന്‍ ചെയ്യണം. ഇതിന് ശേഷം അവരുടെ പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യുകയും വേണം.
യുഎസിലെ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്(സിബിപി) സമാനമായ യാത്രാ പദ്ധതിയുണ്ട്. ഇത് മുന്‍കൂട്ടി പരിശോധന കഴിഞ്ഞ, അപകടസാധ്യത കുറഞ്ഞ യാത്രക്കാര്‍ക്ക് വേഗത്തിലുള്ള ക്ലിയറന്‍സ് അനുവദിക്കുന്നു.