ഒരു ഫൂൾ പ്രൂഫ് സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം തയ്യാറെടുപ്പുകൾ രാജ്യം സ്വീകരിച്ചിരിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അവ ട്രാക്ക് ചെയ്യുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മതിലിൽ ചാടി കയറുകയോ ഒളിച്ചിരിക്കുകയോ ഓടുകയോ പോലുള്ള അസാധാരണമായ ചലനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എഐ ക്യാമറകൾ സുരക്ഷാ ഉദ്യോഗസ്ഥരെ ഉടൻ തന്നെ വിവരം അറിയിക്കും.
Also read-ജി-20: ഷി ജിന്‍ പിംഗ് പങ്കെടുത്തേക്കില്ല; പിന്മാറ്റം മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഒഴിവാക്കാനെന്ന് കേന്ദ്രസര്‍ക്കാര്‍
advertisement
കൂടുതൽ സുരക്ഷയ്ക്കായി സമ്മേളനം നടക്കുന്ന ബഹുനില കെട്ടിടങ്ങളിൽ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) കമാൻഡോകളെയും ആർമി സ്നൈപ്പർമാരെയും വിന്യസിക്കും. കൂടാതെ യുഎസ്, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളുടെ സുരക്ഷയ്ക്കായി, അതാത് രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളിലെ ഉദ്യോഗസ്ഥരും ഡൽഹിയിൽ എത്തി ചേർന്നിട്ടുണ്ട്. അമേരിക്കയുടെ സിഐഎ, യുകെയുടെ എംഐ-6, ചൈനയുടെ എംഎസ്എസ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഡ്രോൺ ഭീഷണികൾ ഒഴിവാക്കാൻ ഇന്ത്യൻ എയർഫോഴ്‌സ്, എയർ ട്രാഫിക് കൺട്രോൾ (എടിസി), മറ്റ് ഏജൻസികൾ എന്നിവയുമായി ചേർന്ന് ദേശീയ സുരക്ഷാ ഗാർഡുകളും പ്രവർത്തിക്കും. കൂടാതെ 50 സിആര്‍പിഎഫ് ടീമുകളെയും ഡല്‍ഹിയില്‍ സുരക്ഷയ്ക്കായി ഒരുക്കും. വിഐപി സുരക്ഷയിൽ അനുഭവപരിചയമുള്ള ആയിരത്തോളം സിആര്‍പിഎഫ് ജവാന്മാര്‍ ഇതിൽ ഉൾപ്പെടുന്നുണ്ട്. ലഗേജുകളിലും വാഹനങ്ങളിലും പൊതികളിലും സ്ഥാപിച്ച ഡമ്മി സ്‌ഫോടകവസ്തുക്കൾ കണ്ടെത്താൻ ഡൽഹി പോലീസിന്റെ ഡോഗ് സ്‌ക്വാഡ് ചൊവ്വാഴ്ച മോക്ക് ഡ്രില്ലുകളും നടത്തിയിരുന്നു.
ലോക നേതാക്കൾ പങ്കെടുക്കുന്ന ജി20 ഉച്ചകോടി സെപ്തംബർ 9, 10 തീയതികളിൽ ആയാണ് തലസ്ഥാനത്ത് നടക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന ലോക നേതാക്കളുടെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നായിരിക്കും ഉച്ചകോടി. 2022 ഡിസംബർ 1- ന് ഇന്തോനേഷ്യയിൽ നിന്നാണ് ഇന്ത്യ ജി- 20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.
ജി 20 എന്നത് ലോകത്തിലെ പ്രധാന വികസിതവും വികസ്വരവുമായ സമ്പദ്‌വ്യവസ്ഥകളുള്ള രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുടെ വാർഷിക യോഗമാണ്. അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളാണ് ജി 20 ഉച്ചകോടിയിലെ അംഗങ്ങൾ.