അംഗരാജ്യങ്ങൾക്കിടയിൽ സമവായമുണ്ടാക്കി ഡൽഹി പ്രഖ്യാപനമെന്ന പേരിൽ സംയുക്ത പ്രസ്താവന പുറത്തിറക്കാനാണ് ഇന്ത്യയുടെ നീക്കം. സംയുക്ത പ്രഖ്യാപനം ഏറെക്കുറെ തയ്യാറാണെന്നും നേതാക്കൾ ചർച്ചചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും ഇന്ത്യയുടെ ഷെർപ അമിതാഭ് കാന്ത് വ്യക്തമാക്കി. വിദേശകാര്യസെക്രട്ടറി വിനയ് മോഹൻ ഖ്വാത്ര, ഉച്ചകോടിയുടെ ഏകോപനം നിർവഹിക്കുന്ന മുൻ വിദേശകാര്യസെക്രട്ടറി ഹർഷവർധൻ ശൃംഗ്ല, കേന്ദ്ര സാമ്പത്തികകാര്യ വിഭാഗം സെക്രട്ടറി അജയ് സേഥ്, വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി എന്നിവർക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
ജി-20 അംഗരാജ്യങ്ങൾ, ക്ഷണിക്കപ്പെട്ട എട്ട് രാജ്യങ്ങൾ, 14 അന്താരാഷ്ട്ര സംഘടനകൾ എന്നിവയുടെ തലവൻമാരും പ്രതിനിധികളും പങ്കെടുക്കുന്ന 18ാമത് ഉച്ചകോടിയാണ് രണ്ടുദിവസങ്ങളിലായി ഡൽഹിയിൽ നടക്കുന്നത്. 60 നഗരങ്ങളിലായിനടന്ന 220 ജി-20 യോഗങ്ങളുടെ സമാപനമാണ് ഉച്ചകോടി. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തികവികസനം, ചെറിയവരുമാനമുള്ള രാജ്യങ്ങൾക്കുമേലുള്ള കടഭാരം, ഭക്ഷ്യ-വളം പണപ്പെരുപ്പം എന്നിവയാണ് ജി-20 ഉച്ചകോടിയുടെ പ്രധാന ചർച്ചാവിഷയം.
ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. ഈ മൂന്ന് വിഷയങ്ങളും വെവ്വേറെ തിരിച്ചാണ് ഉച്ചകോടി ചർച്ചചെയ്യുന്നത്. ശനിയാഴ്ച രാവിലെ 10.30ന് പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ ഉച്ചകോടി ആരംഭിക്കുമ്പോൾ ഒരു ഭൂമി എന്ന വിഷയമാണ് ചർച്ചചെയ്യുക. ഞായറാഴ്ച ഉച്ചകോടി ചർച്ചചെയ്യുന്നത് ഒരു ഭാവി എന്ന വിഷയമാണ്.
യുക്രെയ്ൻ വിഷയത്തിൽ അംഗരാജ്യങ്ങളുടെ ചേരിതിരിവായിരിക്കും ഉച്ചകോടി നേരിടുന്ന വലിയ വെല്ലുവിളി. യുക്രെയ്നിൽ റഷ്യ അധിനിവേശം നടത്തി എന്ന് രേഖയിൽ വേണമെന്നാണ് കഴിഞ്ഞ ഉച്ചകോടി മുതൽ അമേരിക്കയുടെ നേതൃത്വത്തിൽ പാശ്ചാത്യരാജ്യങ്ങളുടെ നിലപാട്. സംയുക്തപ്രഖ്യാപനത്തിൽ ഇത്തരത്തിൽ പരാമർശം പാടില്ലെന്നാണ് റഷ്യയുടെയും ചൈനയുടെയും നിലപാട്. ഇക്കാര്യത്തിൽ സമവായമുണ്ടാക്കാനാണ് ഇന്ത്യയുടെ ശ്രമം.