മധുര സ്വദേശിയായ കറുപ്പയ്യ ഏകദേശം 400 കിലോമീറ്റര്‍ സഞ്ചരിച്ചു കാല്‍നടയാത്രയ്ക്കിടെ ചില സ്‌കൂളുകളുടെയും കോളേജുകളുടെയും പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഗാന്ധിയന്‍ തത്വങ്ങള്‍, പരിസ്ഥിതി സംരക്ഷണം, ദേശസ്‌നേഹം എന്നിവയുമായി ബന്ധപ്പെട്ട സന്ദേശം സമൂഹത്തിന് നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം കാല്‍നട യാത്ര നടത്തുന്നത്.
“തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അലത്തൂര്‍ ജില്ലയില്‍ നിന്നുമാണ് യാത്ര ആരംഭിച്ചത്. സെപ്റ്റംബര്‍ 21 ആയിരുന്നു യാത്രയ്ക്ക് തുടക്കമിട്ടത്. മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്നതായിരുന്നു എന്റെ യാത്രയുടെ ലക്ഷ്യം,” അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.
advertisement
ഇതുവരെ 1 ലക്ഷത്തിലധികം കിലോമീറ്റര്‍ പദയാത്രയായും സൈക്കിള്‍ യാത്രയായും ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തിരുപ്പൂര്‍-തുമക്കുരു യാത്ര ഇദ്ദേഹം സംഘടിപ്പിച്ചിരുന്നു. ദണ്ഡി യാത്രയുടെ 90-ാം വാര്‍ഷികത്തില്‍ ഇറോഡ്-ഹൈദരാബാദ് പദയാത്രയും നടത്തിയിരുന്നു.
ഇത്തവണത്തെ യാത്ര ചന്ദ്രയാന്‍-3 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാന്‍ വേണ്ടിയാണ് കാൽനട യാത്ര നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
” ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ രാപ്പകലില്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്. അവരെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കണം. അവരെ സല്യൂട്ട് ചെയ്യണം,”കറുപ്പയ്യ പറഞ്ഞു.
കരൂര്‍, നാമക്കല്‍, സേലം, ധര്‍മ്മപുരി, കൃഷ്ണഗിരി, ഹൊസൂര്‍ എന്നിവിടങ്ങൾ കടന്നാണ് കാല്‍നട യാത്ര കര്‍ണ്ണാടകയിലെത്തിയത്. ഞായറാഴ്ചയോടെ ബംഗളൂരുവിലെത്തി.
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ കാണാന്‍ അനുവാദം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ശാസ്ത്രജ്ഞരെ കാണുമെന്നും ത്രിവര്‍ണ്ണ പതാകയുടെ സാന്നിദ്ധ്യത്തില്‍ അവരെ അഭിനന്ദിക്കുമെന്നും അദ്ദേഹം പറഞ്ഞു.