പരിഷ്‌കരണങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നടത്തിയിട്ടുള്ള നിരന്തര ശ്രമങ്ങള്‍ ഫലം കണ്ടുവെന്നും 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രതിഫലം ലഭിച്ചുവെന്നും സംസ്ഥാന മുഖ്യമന്തി പ്രമോദ് സാവന്ത് അറിയിച്ചു. 39-ാമത് സംസ്ഥാന രൂപീകരണ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രഭരണ പ്രദേശമായിരുന്ന ഗോവയ്ക്ക് 1987-ലാണ് സംസ്ഥാന പദവി ലഭിക്കുന്നത്.
ഈ വര്‍ഷം ആദ്യം ഗോവ ഏകദേശം 94 ശതമാനം സാക്ഷരത നേടിയിരുന്നുവെന്നും 80 വയസ്സിനു മുകളിലുള്ളവരെ ഉള്‍പ്പെടെ കണ്ടെത്തി ഇവര്‍ക്ക് എഴുതാനും വായിക്കാനും പരിശീലനം നല്‍കിയതായി സാവന്ത് പറഞ്ഞു. ജീവിതത്തിലെ അവസാന ഘട്ടത്തില്‍ ഈ ക്ലാസുകളില്‍ പങ്കെടുത്ത് സാക്ഷരരാകാന്‍ തീരുമാനിച്ച 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് പ്രത്യേകം നന്ദി പറയുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
advertisement
സമ്പൂര്‍ണ സാക്ഷരത നേടുന്ന സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളെല്ലാം ഗോവ പാലിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിനുകീഴിലുള്ള ജോയിന്റ് സെക്രട്ടറി അര്‍ച്ചന അവാസ്തി അറിയിച്ചു. സാക്ഷരതാ നിരക്ക് 95 ശതമാനത്തിലധികം ആകുമ്പോഴാണ് 'ഉല്ലാസ്' സ്‌കീമിനുകീഴില്‍ ഒരു സംസ്ഥാനത്തെ സമ്പൂര്‍ണ്ണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത്.
99.5 ശതമാനമാണ് ഗോവയിലെ സാക്ഷരതാ നിരക്ക്. നിരക്ഷരരായ 6,299 പേരെ കണ്ടെത്തി ഇതില്‍ 2,136 പേര്‍ക്ക് സംസ്ഥാനം ട്രെയിനിങ് നല്‍കിയിരുന്നു. 82 പഞ്ചായത്തുകള്‍ 100 ശതമാനം സാക്ഷരത കൈവരിച്ചു. ബാക്കി പാഞ്ചായത്തുകളുടെ സാക്ഷരതാ നിരക്ക് ദേശീയ മാനദണ്ഡമായ 95 ശതമാനത്തിലും കൂടുതലാണെന്ന് സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എജുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എസ്‌സിഇആര്‍ടി) ഡയറക്ടര്‍ മേഘന ഷേട്ഗാവോന്‍കര്‍ അറിയിച്ചു.
15 വയസ്സിനു മുകളിലുള്ളവര്‍ക്കും സ്‌കൂളില്‍ പോകാനുള്ള അവസരം നഷ്ടപ്പെട്ടവര്‍ക്കും സാക്ഷരതയില്‍ പിന്നാക്കം പോയവര്‍ക്കും വേണ്ടിയുള്ളതാണ് 'ഉല്ലാസ്' പദ്ധതി. പഠിക്കാനും വളരാനും സമൂഹത്തിന് അര്‍ത്ഥവത്തായ സംഭാവന നല്‍കാനുമായി രണ്ടാമതൊരു അവസരം ഇവര്‍ക്ക് ഒരുക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. സന്നദ്ധസേവനം എന്ന വീക്ഷണത്തിന് കീഴിലാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്.