അറസ്റ്റിലായാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ജോലി നഷ്ടപ്പെടുന്ന ഒരു സാധാരണ സര്‍ക്കാര്‍ ജീവനക്കാരനെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കാന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. അറസ്റ്റ് ചെയ്താലും 30 ദിവസത്തേക്ക് ജാമ്യം ലഭിക്കാതെയിരുന്നാലും പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിക്കരുതെന്നുമുള്ള വാദത്തെ അദ്ദേഹം ചോദ്യം ചെയ്തു.
മൂന്ന് ബില്ലുകളെയും പിന്തുണച്ച് പ്രധാനമന്ത്രി
''ഇന്ന് ആരും നിയമത്തിന് അതീതരായിരിക്കരുത്. ചില മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, അല്ലെങ്കില്‍ പ്രധാനമന്ത്രിമാര്‍ പോലും ജയില്‍ കഴിയുമ്പോള്‍ അധികാരം നിയന്ത്രിക്കുന്നത് എങ്ങനെയാണ്? ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ 50 മണിക്കൂര്‍ തടവിലാക്കപ്പെട്ടാല്‍ അയാള്‍ക്ക് ജോലി നഷ്ടപ്പെടും. അത് ഡ്രൈവര്‍, ക്ലര്‍ക്ക്, പ്യൂണ്‍ തസ്തികയിലുള്ളവരായാലും നഷ്ടപ്പെടും. എന്നാല്‍ ഒരു മുഖ്യമന്ത്രിയോ മന്ത്രിയോ പ്രധാനമന്ത്രിയോ ജയിലില്‍ പോയാല്‍ അവിടെ ഇരുന്ന് പോലും സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ കഴിയും,'' അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
2024 മാര്‍ച്ച് 21ന് മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലാകുകയും തിഹാര്‍ ജയിലില്‍ കഴിയുകയും ചെയ്ത ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാളിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കെജ്രിവാള്‍ ജയിലിനുള്ളില്‍ ഇരുന്നുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''കുറച്ച് കാലം മുമ്പ് ജയില്‍ നിന്ന് ഫയലുകള്‍ ഒപ്പിടുന്നതും സര്‍ക്കാര്‍ ഉത്തരവുകള്‍ ജയിലില്‍ നിന്ന് എങ്ങനെയാണ് നല്‍കുന്നതെന്നും നമ്മള്‍ കണ്ടു. നേതാക്കള്‍ക്ക് അത്തരമൊരു മനോഭാവമുണ്ടെങ്കില്‍ നമുക്ക് എങ്ങനെ അഴിമതിക്കെതിരേ പോരാടാനാകും. എന്‍ഡിഎ സര്‍ക്കാര്‍ അഴിമതിക്കെതിരേ ഒരു നിയമം കൊണ്ടുവന്നിട്ടുണ്ട്. പ്രധാനമന്ത്രിയും അതിന്റെ പരിധിയില്‍ വരുന്നു,'' മോദി പറഞ്ഞു. ഭരണഘടന ഭേദഗതി ബില്‍(130ാം ഭേദഗതി), കേന്ദ്ര ഭരണ പ്രദേശങ്ങളുടെ(ഭേദഗതി)ബില്‍, ജമ്മു കശ്മീര്‍ പുനഃസംഘടന(ഭേദഗതി) ബില്‍ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 13ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് ശേഷമാണ് കെജ്രവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ജനങ്ങളുടെ കോടതിയില്‍ വിജയിച്ചാല്‍ മാത്രമെ താന്‍ ആ സ്ഥാനം ഏറ്റെടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി നിയോജകമണ്ഡലത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മയോട് കെജ്രിവാള്‍ പരാജയപ്പെട്ടു.
തുടര്‍ച്ചയായി 30 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയും ഈ കാലയളവില്‍ ജാമ്യം ലഭിക്കാതിരിക്കുകയും ചെയ്താല്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി അല്ലെങ്കില്‍ മന്ത്രിമാര്‍ എന്നിവരെ അവരുടെ ഓഫീസുകളില്‍ നിന്ന് സ്വയമേവ നീക്കം ചെയ്യുന്നതാണ് ഭരണഘടന(130ാം ഭേദഗതി)ബില്‍ നിര്‍ദേശിക്കുന്നത്.
എന്നാല്‍ ഈ ബില്ലുകള്‍ ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.