കോച്ചിംഗ് ക്ലാസുകളുടെ സമയം ഒരു ദിവസം രണ്ടോ മൂന്നോ മണിക്കൂറായി പരിമിതപ്പെടുത്താൻ നിർദ്ദേശിച്ചുള്ളതാണ് പ്രധാന ശുപാർശ. ജെഇഇ, നീറ്റ് തുടങ്ങിയ മത്സര പരീക്ഷകൾ വിജയിക്കാൻ വിദ്യാർത്ഥികൾ കൂടുതലായി കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കുന്നതായും ഇതിനായുള്ള തീവ്ര പരിശീലനം വിദ്യാർത്ഥികളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ക്ഷീണം, മാനസികാരോഗ്യ വെല്ലുവിളികൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാണിച്ചു.
ക്ലാസ് മുറിയിലെ പഠനത്തിനും പ്രവേശന പരീക്ഷകൾക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്കും ഇടയിലുള്ള വർദ്ധിച്ചുവരുന്ന വിടവ് പരിഹരിക്കുന്നതിന് സ്‌കൂൾ പാഠ്യപദ്ധതി പുനർരൂപകല്പന ചെയ്യണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. സ്‌കൂൾ സംവിധാനത്തിനുള്ളിൽ തന്നെ വിദ്യാർത്ഥികളെ പ്രവേശന പരീക്ഷയ്ക്കായി തയ്യാറാക്കണം, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ, സമയബന്ധിതമായ വിലയിരുത്തലുകൾ, ദേശീയ മത്സര പരീക്ഷകളോട് സാമ്യത പുലർത്തുന്ന പരീക്ഷ ഫോർമാറ്റുകൾ എന്നിവ പാഠ്യപദ്ധതിയിൽ കൂടുതലായി ഉൾപ്പെടുത്തണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
advertisement
കോളേജ് പ്രവേശന സമയത്ത് 12-ാം ക്ലാസ് ബോർഡ് പരീക്ഷാ സ്‌കോറുകളുടെ വെയിറ്റേജ് വർദ്ധിപ്പിക്കാനും ചില പ്രവേശന പരീക്ഷകൾക്ക് ഒന്നിലധികം ശ്രമങ്ങൾ അനുവദിക്കാനും പാനൽ ശുപാർശ ചെയ്തിട്ടുണ്ട്. ഇത് വിദ്യാർത്ഥികളിൽ പരീക്ഷയുമായി ബന്ധപ്പെട്ട സമ്മർദ്ദം കുറയ്ക്കുന്നതിനും കൂടുതൽ വഴക്കം നൽകാനും സഹായിക്കുമെന്നും സമിതി നിരീക്ഷിച്ചു.
വിദ്യാർത്ഥികൾ സ്വകാര്യ കോച്ചിംഗ് സെന്ററുകളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും പാഠ്യപദ്ധതിയിലെ വിടവ് നികത്താനും ആവശ്യമായ നടപടികൾ നിർദ്ദേശിക്കുന്നതിനായി കഴിഞ്ഞ വർഷം ജൂണിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉന്നത വിദ്യാഭ്യാസ സമിതി രൂപീകരിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വിനീത് ജോഷിയാണ് സമിതിക്ക് നേതൃത്വം നൽകുന്നത്. കൂടാതെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ), നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) എന്നിവയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ അഭിപ്രായങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഡമ്മി സ്‌കൂളുകളുടെ ഉയർച്ച, സ്‌കൂൾ വിദ്യാഭ്യാസത്തെ പലപ്പോഴും കവച്ചുവയ്ക്കുന്ന കോച്ചിംഗ് ഹബ്ബുകളുടെ ആധിപത്യം തുടങ്ങിയ ദീർഘകാല പ്രശ്‌നങ്ങളിലാണ് പാനൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
2024-ൽ പുറപ്പെടുവിച്ച കേന്ദ്രത്തിന്റെ കോച്ചിംഗ് മാർഗ്ഗനിർദ്ദേശങ്ങളും രാജസ്ഥാനിലെ കോച്ചിംഗ് നിയമങ്ങൾ പോലുള്ള സംസ്ഥാനതല നിയന്ത്രണങ്ങളും ഉൾപ്പെടെയുള്ള മുൻകാല ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് ശുപാർശകൾ കൊണ്ടുവന്നിട്ടുള്ളതെങ്കിലും അവയ്ക്ക് ഇതുവരെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ല. രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഏതൊരു ഔദ്യോഗിക പ്രഖ്യാപനത്തിനും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയും സംസ്ഥാനങ്ങളുടെ ഏകോപനവും ആവശ്യമാണ്.
