കോർഡിസെപ്സിനെക്കുറിച്ച് കൂടുതലറിയാം
കോർഡിസെപ്‌സ് സിനെൻസിസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ ഔഷധച്ചെടി നിശാശലഭങ്ങളുടെ ലാർവക്കുള്ളിലാണ് വളരുന്നത്. കോർഡിസെപ്‌സ് എന്ന പേരിന്റെ ഉത്ഭവം ലാറ്റിൻ ഭാഷയിൽ നിന്നാണ്. തവിട്ട് നിറമുള്ള ഈ സസ്യത്തിന് രണ്ട് ഇഞ്ച് വരെ നീളമുണ്ടാകും. ഏകദേശം 300 മുതൽ 500 മില്ലിഗ്രാം വരെ ഇവയ്ക്ക് ഭാരമുണ്ടാകും.
advertisement
ഈ ഔഷധം എവിടെയാണ് കാണപ്പെടുന്നത്?
ഇന്ത്യയിലെ ഹിമാലയൻ ഭൂപ്രദേശങ്ങളിലും തെക്കുപടിഞ്ഞാറൻ ചൈനയിലെ ക്വിങ്ഹായ്-ടിബറ്റൻ പീഠഭൂമിയുടെ ഉയർന്ന പ്രദേശങ്ങളിലുമാണ് കോർഡിസെപ്സ് പ്രധാനമായും കാണപ്പെടുന്നത്. ഇന്ത്യയുടെ മറ്റ് ചില ഉയർന്ന ഭാഗങ്ങളിലും നേപ്പാളിലും ഭൂട്ടാനിലും ഇത് കാണാം. നേപ്പാളിലും ടിബറ്റിലും ഈ ഔഷധ സസ്യത്തെ യാർട്ട്സ ഗുൻബു എന്നാണ് വിളിക്കുന്നത്. ഉത്തരാഖണ്ഡിൽ ഇത് ശീതകാല പുഴു, കീഡ ജഡി എന്നീ പേരുകളിലും അറിയപ്പെടുന്നു.
എന്തുകൊണ്ടാണ് ഈ ഔഷധ സസ്യത്തിന് ഇത്രയും വില?
ഈ സസ്യത്തിന്റെ ആരോഗ്യ ഗുണങ്ങൾ കാരണമാണ് ഇതിന് ഇത്രയേറെ വിലയുള്ളത്. ചൈനയിൽ, ക്ഷീണം, വൃക്കരോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കായും മനുഷ്യന്റെ ലൈംഗിക സംതൃപ്തിക്കുവേണ്ടിയും ഇത് ഉപയോഗിക്കുന്നു. സിക്കിമിലെ പരമ്പരാഗത വൈദ്യന്മാരും നാട്ടുകാരും 21 വ്യത്യസ്ത രോഗങ്ങൾക്ക് മരുന്നായി ഈ ഔഷധ സസ്യം നിർദ്ദേശിച്ചിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നും ഹൃദയാരോഗ്യം സംരക്ഷിക്കുമെന്നും മെഡിക്കൽ ജേണലായ ‘വെരി വെൽ ഹെൽത്ത്’ പറയുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും ആ ഔഷധം നിർദേശിക്കുന്നു. ഈ ഔഷധ സസ്യത്തിലെ ബയോ ആക്ടീവ് തന്മാത്രയായ കോർഡിസെപിന് ചികിൽസാ രംഗത്ത് വലിയ സാധ്യതകൾ ഉണ്ടെന്നും ഭാവിയിൽ ഇത് ക്യാൻസർ ചികിൽസക്കു പോലും ഉപയോഗിച്ചേക്കാമെന്നും ശാസ്ത്രജ്ഞരിൽ ചിലർ പറയുന്നു.
എന്തുകൊണ്ടാണ് ചൈനയിൽ ഈ ഔഷധ സസ്യത്തിന് ഇത്രയധികം ഡിമാൻഡ്?
ചൈനയിൽ ഈ ഔഷധ സസ്യത്തിന് ആവശ്യക്കാരേറെയാണ്. അന്താരാഷ്ട്ര വിപണിയിൽ ഒരു കിലോഗ്രാം കോർഡിസെപ്സിന് 65 ലക്ഷം രൂപയാണ് വില. അതായത് ഈ ഔഷധ സസ്യം സ്വർണത്തേക്കാളും വജ്രത്തേക്കാളും മൂല്യമേറിയതാണ്. 2022-ൽ 1,072.50 മില്യൺ ഡോളറായിരുന്നു കോർഡിസെപ്‌സ് വിപണിയുടെ മൂല്യം.
കഴിഞ്ഞ രണ്ട് വർഷമായി, ചൈനയിലെ ഏറ്റവും വലിയ കോർഡിസെപ്‌സ് ഉത്പാദന മേഖലയായ ക്വിങ്ഹായിൽ വിളവെടുപ്പ് കുറഞ്ഞു. ശാസ്ത്രീയ തെളിവുകളില്ലെങ്കിലും ചൈനയിൽ വൃക്ക തകരാറുകൾ മുതൽ വന്ധ്യതയടക്കമുള്ള പല പ്രശ്‌നങ്ങൾക്കും കോർഡിസെപ്‌സ് മരുന്നായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കോർഡിസെപ്സിന്റെ ആവശ്യം കുത്തനെ വർദ്ധിച്ചു. ഇതോടെയാണ് മരുന്ന് ശേഖരിക്കാൻ ചൈനീസ് പട്ടാളം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.