കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തികൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമേറുന്നു. താലിബാന് സര്‍ക്കാരിലെ വിവിധ നേതാക്കളാണ് ഈ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുന്നത്. ഇതോടെ താലിബാന് പരമോന്നത നേതാവ് ഹിബാത്തുള്ള അഖുന്‍സാദ സമ്മര്‍ദ്ദത്തിലായിരിക്കുകയാണെന്നാണ് ചില അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
ആഭ്യന്തരമന്ത്രി സിറാജുദ്ദീന് ഹഖാനി, പ്രതിരോധമന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് എന്നിവര്‍ നിരോധന ഉത്തരവിനെതിരെ അഖുന്‍സാദയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരുമന്ത്രിമാരുടെയും അഭിപ്രായം അഖുന്‍സാദ മാനിക്കുമെന്നാണ് ഇന്ത്യയടക്കമുള്ള അന്താരാഷ്ട്ര സമൂഹം പ്രതീക്ഷിക്കുന്നത്.
അഖുന്‍സാദ ഈ അഭിപ്രായത്തെ തള്ളിക്കളഞ്ഞാല്‍ അത് അഫ്ഗാനിലെ നിലവിലെ സര്‍ക്കാരിനെ തന്നെയാണ് ബാധിക്കുക. മന്ത്രിസഭയുടെ ഐക്യം തകരാനും ചിലപ്പോള്‍ മറ്റൊരു ആഭ്യന്തര യുദ്ധത്തിന് തന്നെ വഴിവെയ്ക്കാനും കാരണമായേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിഷയത്തെപ്പറ്റി കൂടുതല്‍ ചര്‍ച്ചചെയ്യാനായി താലിബാന് നേതാക്കളുടെ ഉന്നതതല യോഗം കാബൂളിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ ചേര്‍ന്നിരുന്നു.
മുമ്പ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്ന അഫ്ഗാന് ചീഫ് ജസ്റ്റിസ് അബ്ദുള്‍ ഹക്കീം ഇഷ്ഖ്സായി ഇപ്പോള്‍ തന്റെ അഭിപ്രായത്തില്‍ നിന്ന് വ്യതിചലിച്ചിരിക്കുകയാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് അനുകൂലമായ അഭിപ്രായമാണ് ഇപ്പോള്‍ ഇദ്ദേഹത്തിന്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സര്‍വകലാശാലകളില്‍ പെൺകുട്ടികൾക്ക് പ്രവേശനമില്ലെന്ന ഉത്തരവുമായി താലിബാന് സര്‍ക്കാര്‍ രംഗത്തെത്തിയത്.
Also read- അമേരിക്കയിൽ അതിശക്തമായ മഞ്ഞുവീഴ്ച്ച; ഒരാഴ്ച്ചയ്ക്കിടെ മരിച്ചത് 37 പേർ
കോളെജിലെത്തുന്ന പെൺകുട്ടികൾക്ക് മാന്യമായി വസ്ത്രം ധരിക്കുന്നില്ലെന്നായിരുന്നു താലിബാന് വിദ്യാഭ്യാസ മന്ത്രിയുടെ ആരോപണം. താലിബാന് സര്‍ക്കാരിലെ മിതവാദികളും തീവ്രവാദികളും തമ്മിലുള്ള പോര് മുറുകിയ പശ്ചാത്തലത്തിലാണ് ഈ നിരോധന ഉത്തരവ് പുറത്തുവന്നത്. ആഭ്യന്തരമന്ത്രിയായ സിറാജുദ്ദീന് ഹഖാനി, പ്രതിരോധമന്ത്രിയായ മുല്ല മുഹമ്മദ് യാക്കൂബ് എന്നിവര്‍ മിതവാദി സംഘത്തില്‍പ്പെട്ടവരാണ്.
അഫ്ഗാനിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ വിദേശ സഹായം വേണ്ടിവരുമെന്ന് ചിന്തിക്കുന്നവരാണ് ഇരുവരും. കോളേജുകളില്‍ പെൺകുട്ടികൾക്ക് വിലക്കേർപ്പെടുത്തുന്ന ഉത്തരവിനെതിരെയുള്ള തന്റെ വിയോജിപ്പ് അഖുന്‍സാദയെ ഹഖാനി അറിയിച്ചിരുന്നു. തന്റെ അനുയായികളുടെ മുഖത്ത് നോക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍ എന്നാണ് ഹഖാനി പറഞ്ഞത്.
Also read- അമേരിക്കയിൽ അസാധാരണശൈത്യവും മഞ്ഞ് വീഴ്ചയും മൂലം 4000ത്തിലധികം വിമാനങ്ങൾ റദ്ദാക്കി
അഫ്ഗാനിസ്താനില്‍ താലിബാന് അധികാരം പിടിച്ചതിന് പിന്നാലെതന്നെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ ക്ലാസ് മുറികള്‍ കര്‍ട്ടനിട്ട് വേര്‍തിരിച്ചതും പെണ്‍കുട്ടികളെ വനിതാ അധ്യാപകരോ പഠിപ്പിക്കാവൂ എന്ന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകശാലകളിലും പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.