കഴിഞ്ഞ വെള്ളിയാഴ്ച ബംഗളുരുവിൽ ടൂറിസം മന്ത്രി എച്ച് കെ പാട്ടീൽ സമ്മേളനത്തിനുള്ള തയാറെടുപ്പുകൾ വിലയിരുത്താൻ ഉദ്യോഗസ്ഥരുടെയും സർക്കാർ പ്രതിനിധികളുടെയും യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഹംപിയിലെയ്ക്കുള്ള ഹൈവേകളുടെ അറ്റകുറ്റപണികൾ തീർക്കുന്നതിനും ഇന്റർനെറ്റ് വൈദ്യുതി ബന്ധം സ്ഥാപിക്കുന്നതിനായും മറ്റും തുക വകയിരുത്താൻ തീരുമാനിച്ചത്. എന്നാൽ ഏറ്റവും കൂടുതൽ ചെലവ് പ്രതീക്ഷിക്കുന്നത് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിരുന്ന പുതിയ വാഹനങ്ങൾക്കും സുരക്ഷാ ഉപകരണങ്ങൾക്കും ആണ്. പതിമൂന്നര കോടി രൂപയാണ് ഇതിനായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ, അടുത്ത എട്ടു മാസത്തേയ്ക്ക് ഹംപിയിലും പരിസര പ്രദേശങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനും മറ്റുമായി കണക്കാക്കിയിരിക്കുന്നത് മാസം രണ്ടു കോടി രൂപ വീതമാണ്.
advertisement
എന്നാൽഇത്ര ഭീമമായ തുക അപ്പാടെ അംഗീകരിക്കാൻ സാധ്യത കുറവാണ് എന്ന് മുതിർന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. വിവിധ വകുപ്പുകൾ മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യങ്ങളിൽ ഇനിയും വെട്ടിക്കുറയ്ക്കലുകൾ പ്രതീക്ഷിക്കുന്നുണ്ട്.
എന്നാൽ ഈ തുക ജി 20 ഉപസമ്മേളനങ്ങൾക്ക് അല്ലെന്നും, ഹംപിയുടെയും പരിസരപ്രദേശങ്ങളുടെയും വികസനത്തിനുവേണ്ടിയാണെന്നും ഉദ്യോഗസ്ഥർ അവകാശപ്പെടുന്നുണ്ട്. റോഡുകൾ നന്നാക്കുന്നതും വൈദ്യുതി ലൈനുകൾ ഭൂമിക്ക് അടിയിൽ ആക്കുന്നതും ടൂറിസത്തിന്റെ വളർച്ചയെ സ്വാധീനിക്കുമെന്നാണ് ഇവരുടെ അഭിപ്രായം. ഇതോടൊപ്പം സംസ്ഥാന സർക്കാർസമ്മേളന പ്രതിനിധികളെ ഉദ്ദേശിച്ച് പല വിനോദ പരിപാടികളും സംഘടിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. പരിശീലനം നേടിയിട്ടുള്ള ഗൈഡുകൾ നേതൃത്വം നൽകുന്ന രണ്ടു ദിവസത്തെ വിനോദയാത്രാ പരിപാടികൾ, യോഗ പരിശീലന പരിപാടി, തുംഗഭദ്ര നദിയിലൂടെ നടത്തുന്ന കുട്ടവഞ്ചി യാത്രകൾ എന്നിവയാണ് ഇതിൽ പ്രധാനം.
തെക്കേ ഇന്ത്യയുടെ ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ള സ്ഥലമാണ് ഹംപി. എങ്കിലും പ്രദേശത്തെ രാത്രി യാത്രകൾ പൊതുവെ സുരക്ഷിതമല്ല എന്നാണു കരുതപ്പെടുന്നത്. സാമൂഹ്യവിരുദ്ധരുടെ ശല്യമാണ് കാരണം. അതുകൊണ്ടു തന്നെ, സമ്മേളന പ്രതിനിനിധികൾക്കുവേണ്ടി നടത്തുന്ന ഹംപിയിലൂടെയുള്ള രാത്രി യാത്രാ പരിപാടി ഇത്തരത്തിൽ ആദ്യത്തേത് ആണ്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സഹകരണത്തോടുകൂടി ഹംപിയിലെ ചരിത്രസ്മാരകങ്ങളിൽ നല്ല ലൈറ്റിംഗ് സംവിധാനങ്ങൾ ഒരുക്കിയാണ് ഈ പരിപാടിയുടെ രൂപരേഖ തയാറാക്കിയിരിക്കുന്നത്.