ഇന്ത്യയിലെ പുതുതലമുറ (ജെന്‍ സി) കോണ്‍ഗ്രസിനോട് താത്പര്യം കാണിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴാണ് എ.ബി.വി.പി. ക്രമാനുഗതമായി വിജയം നേടുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ സെപ്റ്റംബര്‍ 19ന് നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, കള്‍ച്ചറല്‍ സെക്രട്ടറി, സ്‌പോര്‍ട്‌സ് സെക്രട്ടറി എന്നീ സുപ്രധാന പോസ്റ്റുകളിലാണ് എബിവിപി വിജയിച്ചത്. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ എ.ബി.വി.പിയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തിന്റെ തെളിവായാണ് ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
advertisement
"തിരഞ്ഞെടുപ്പിൽ എ.ബി.വി.പി. തൂത്തുവാരി. കേന്ദ്ര സര്‍വകലാശാലകളില്‍ നിന്ന് എന്‍.എസ്.യു.ഐ. തുടച്ചുനീക്കപ്പെടുമ്പോഴും ജെന്‍ സി വിപ്ലവം എന്ന ഭ്രമം പിടിച്ച രാഹുല്‍ ഗാന്ധിക്ക് ഒരു പെട്ടി ടിഷ്യു ആരെങ്കിലും അയച്ചു നല്‍കൂ. ക്ഷമിക്കണം രാഹുല്‍, സിക്‌സ് പാക്കുമായി ടീഷര്‍ട്ടും ധരിച്ച് വേദിയില്‍ കൂടി നടക്കുന്നത് ജെന്‍ സികളെ ആകര്‍ഷിക്കുന്നില്ല. കാഴ്ചപ്പാടും വ്യക്തതയും നേതൃത്വവും അങ്ങനെയാണ്," എബിവിപിയുടെ വിജയത്തിന് പിന്നാലെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.
രണ്ട് മുസ്ലീം സംഘടനകളെ ഉള്‍പ്പെടുത്തുന്നതിനെ ചൊല്ലി പ്രധാന എതിരാളിയായ എസ്.എഫ്.ഐയുടെ ക്യാംപിലുണ്ടായ തര്‍ക്കങ്ങളും കോണ്‍ഗ്രസിലെ വിദ്യാര്‍ഥി വിഭാഗത്തോടുള്ള വര്‍ധിച്ചുവരുന്ന അതൃപ്തിയും എബിവിപിയുടെ വിജയത്തിന് കാരണമായിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
"അരാജകത്വം, അക്രമം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ ജനവിധിയാണ് ഈ വിജയമെന്ന്" എബിവിപി അവകാശപ്പെട്ടു. "ഇന്നത്തെ ജെന്‍ സി വിദ്യാര്‍ഥികള്‍ പൊള്ളയായ മുദ്രാവാക്യങ്ങളും വിനാശകരമായ രാഷ്ട്രീയവും നിരസിക്കുന്നുവെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. പകരം അക്കാദമിക് മികവിലും സാംസ്‌കാരിക ഊര്‍ജസ്വലത, രാഷ്ട്രനിര്‍മാണം എന്നിവയില്‍ പ്രതിജ്ഞാബദ്ധരായ ഒരു സംഘടനയിലാണ് അവര്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്," സംഘടന കൂട്ടിച്ചേര്‍ത്തു.
അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(എഎസ്എ), സിപിഐഎമ്മിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിന്നാണ് എബിവിപി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാഞ്ച ഗച്ചിബൗളിയിലെ സര്‍വകലാശാല ഭൂമിയെ ചൊല്ലിയുണ്ടായ തര്‍ക്കം മൂലം കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു.ഐയ്ക്ക് ഒരു വിഭാഗം വിദ്യാര്‍ഥികളുടെ പ്രീതിയും നേടാനായില്ല.
തെലങ്കാന ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ വഴി വികസനത്തിനായി 400 ഏക്കര്‍ ഭൂമി ലേലം ചെയ്യാന്‍ തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍, വിവിധ സിവില്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്ന് എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. ഈ പ്രതിഷേധങ്ങളും മുതലെടുക്കാന്‍ എബിവിപിക്ക് കഴിഞ്ഞു.
എഎസ്എയുമായുള്ള സഖ്യം ഇത്തവണ വിജയിച്ചില്ലെന്ന് ഒരു എസ്എഫ്‌ഐ നേതാവ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷനെയും ജമാഅത്തെ ഇസ്ലാമിയുടെ യുവജനസംഘടനയായ ഫ്രറ്റേണിറ്റിയെയും ഉള്‍പ്പെടുത്താന്‍ എഎസ്എ നിര്‍ബന്ധിച്ചുവെന്നും അതിനാല്‍ സംഖ്യം വിജയിച്ചില്ലെന്നും പേര് വെളിപ്പെടുത്താത്ത നേതാവ് പറഞ്ഞതായി റിപ്പോര്‍ട്ട് കൂട്ടിചേര്‍ത്തു.
2014ല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് ദൃശ്യമായ വലതുപക്ഷ താത്പര്യമാണ് എബിവിപിയുടെ വിജയത്തിന് കാരണമെന്ന് എസ്എഫ്‌ഐയുടെ യുഒഎച്ച് വൈസ് പ്രസിഡന്റ് ജി. മോഹിത് പറഞ്ഞു. വിദ്യാർഥികളുടെ പിന്തുണ ഉറപ്പാക്കാൻ എബിവിപി ഗണേശ ചതുര്‍ത്ഥി പോലെയുള്ള മതപരമായ ഉത്സവങ്ങള്‍ പ്രയോജനപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വര്‍ഷം മുമ്പ് രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ തങ്ങളുടെ സംഘടന പ്രതിസ്ഥാനത്താണെന്നുള്ള കാരണം വിദ്യാര്‍ഥികള്‍ക്കിടയില്‍ മറക്കാന്‍ എബിവിപിക്ക് കഴിഞ്ഞതായി ഒരു എന്‍എസ് യുഐ നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.