സ്വർണം കടത്തുന്നത് ഇങ്ങനെ
വിമാനത്താവളത്തിലൂടെയുള്ള സ്വർണകടത്തിന് ഒരു സംസ്ഥാന പ്രോട്ടോകോൾ ഓഫീസറുടെ സഹായം നടിക്ക് ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണ ഏജൻസി സംശയിക്കുന്നു. സുരക്ഷാ പരിശോധന മറികടക്കാൻ ഈ ബന്ധം ഉപയോഗിച്ചുവെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ ഉദ്യോഗസ്ഥന് നടിയുടെ സ്വർണക്കടത്തിനെ സംബന്ധിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ലെന്നും ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർക്കും മുതിർന്ന ബ്യൂറോക്രാറ്റുകൾക്കും ലഭിക്കുന്നതിന് സമാനമായ പരിഗണനയും പൊലീസ് സുരക്ഷാ അകമ്പടിയുമാണ് രന്യക്കും വിമാനത്താവളത്തിൽ ലഭിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രന്യയുടെ ഭർത്താവിനെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു.
advertisement
കൂടുതലാളുകൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. രന്യ റാവുവിന്റെ രണ്ടാനച്ഛനും സംസ്ഥാന പൊലീസ് ഹൗസിങ് കോർപറേഷൻ ഡിജിപിയുമായ രാമചന്ദ്ര റാവുവിന് ഈ സംഭവത്തിൽ പങ്കുണ്ടോ എന്നും അന്വേഷണം സംഘം പരിശോധിച്ചുവരികയാണ്.
'ഒന്നും അറിഞ്ഞിരുന്നില്ല'
മകളെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സംഭവം ഞെട്ടിച്ചുവെന്നും മകളുടെ പ്രവൃത്തികളെ സംബന്ധിച്ച് യാതൊരു അറിവും തനിക്കില്ലായിരുന്നുവെന്നും രന്യ റാവുവിന്റെ രണ്ടാനച്ഛനും സംസ്ഥാന പൊലീസ് ഹൗസിങ് കോർപറേഷൻ ഡിജിപിയുമായ രാമചന്ദ്ര റാവു പറയുന്നു.
'മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. ഏതൊരു അച്ഛനെയും പോലെ ഞാനും ഞെട്ടലിലാണ്. അവൾ ഞങ്ങളോടൊപ്പമല്ല കഴിയുന്നത്. ഭർത്താവിനൊപ്പം മാറിതാമസിക്കുകയാണ്. ഭർത്താവിനും രന്യക്കും ഇടയിൽ ചില കുടുംബ പ്രശ്നങ്ങളുണ്ട്. എന്തായാലും നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെ. എന്റെ ഔദ്യോഗിക ജീവിതത്തിൽ ഇതുവരെ ഒരു ബ്ലാക്ക്മാർക്കും ഉണ്ടായിട്ടില്ല' - രാമചന്ദ്രറാവു വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
അറസ്റ്റ് എങ്ങനെ?
മാർച്ച് മൂന്നിന് എമിറേറ്റ്സ് ഫ്ലൈറ്റില്‍ ദുബായിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയപ്പോഴാണ് രന്യ ഡിആർഐയുടെ പിടിയിലാകുന്നത്. പരിശോധനയിൽ, 12.56 കോടി രൂപ വിലമതിക്കുന്ന 14.8 കിലോഗ്രാം ഭാരമുള്ള സ്വർണ്ണക്കട്ടികൾ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പിന്നാലെ വസതിയിൽ നടത്തിയ റെയ്ഡിൽ 2.67 കോടി രൂപയുടെ കറൻസിയും 2.06 കോടി വിലവരുന്ന സ്വർണവും കണ്ടെത്തി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ ഹാജരാക്കിയ രന്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ആരാണ് രന്യ റാവു?
ഒട്ടേറെ കന്നഡ, തമിഴ് സിനിമകളിൽ രന്യ റാവു അഭിനയിച്ചിട്ടുണ്ട്. സുദീപിനൊപ്പം 'മാണിക്യ', ഗണേശിനൊപ്പം 'പതാകി', വിക്രം പ്രഭുവിനൊപ്പം 'വാഗ' തുടങ്ങിയ രന്യ അഭിനയിച്ച സിനിമകളാണ്.