'ഒഴിച്ചനിർത്താനാകാത്ത സഹപ്രവർത്തകൻ' എന്നാണ് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി അനശോചന സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. സോണിയയും മകൻ രാഹുലും പാർട്ടിയിൽ ഇനി വരാനിരിക്കുന്ന എല്ലാ പ്രതിസന്ധികളിലും പട്ടേലിനെ ഓർക്കുമെന്നു തന്നെയാണ് ഈ അനുശോചന സന്ദേശം വ്യക്തമാകുന്നത്.
രണ്ടു പതിറ്റാണ്ടു കാലം സോണിയ ഗാന്ധിയുടെ പിന്തുണയോടെയാണ് അഹ്മദ് പട്ടേൽ ദേശീയ നേതാവായി തുടർന്നത്. ഹൈക്കമാൻഡിന്റെ അഭിപ്രായം എന്താണോ അത് കോൺഗ്രസ് മുഖ്യമന്ത്രിമാരെ ഫോണിൽ അറിയിക്കുന്നതും പട്ടേലായിരുന്നു. ബി.ജെ.പി ഇതര പാർട്ടികൾ, മാധ്യമങ്ങൾ, കോർപറേറ്റുകൾ, സന്നദ്ധസംഘടനകൾ ഇവർക്കെല്ലാം പട്ടേലിന്റെ ശബ്ദമായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡ്. പല കാര്യങ്ങളിലും പട്ടേലിന് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിലും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാനായി എന്നതാണ് അദ്ദേഹത്തിന്റെ വൈദദ്ധ്യം.
advertisement
Also Read മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു
ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഹമ്മദ് പട്ടേൽ നടത്തിയ നിയമപരവും രാഷ്ട്രീയവുമായ നീക്കങ്ങൾ കോൺഗ്രസ് രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. കോൺഗ്രസിലെ നിയമ വിദഗ്ധരും മൻമോഹൻ സിംഗ് മന്ത്രിസഭയിലെ ഏതാനും മന്ത്രിമാരും 2004 ൽ മോദിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്ന പട്ടേലിന്റെ നിലപാട് സോണിയയെയും മൻമോഹനും ക്രമേണ അംഗീകരിക്കുകയായിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിന്റെ പത്തു വർഷത്തെ ഭരണം സുഗമമാക്കിയതും പാട്ടേൽ മുന്നോട്ടു വച്ച പ്രശ്നപരിഹാരങ്ങളായിരുന്നു.
ഒരുകാലത്തും പട്ടേലിന് ബിജെപിയോടോ സംഘപരിവാറിനോ മൃദു സമീപനമുണ്ടായിരുന്നില്ല. തകിരിച്ചും അങ്ങനെ തന്നെയായിരുന്നു. പട്ടേൽ 1977, 1980, 1984 വർഷങ്ങളിൽ മൂന്നു തവണയാണ് ഗുജറാത്തിൽ നിന്നും പട്ടേൽ ലോക്സഭയിലെത്തിയത്. എന്നാൽ രാമജന്മഭൂമി മുദ്രാവാക്യമുയർത്ത് 1989-91 കാലഘട്ടത്തിൽ വിശ്വഹിന്ദു പരിഷത്തിന്റെ ശക്തമായവളർച്ചയ്ക്കാണ് ഗുജറാത്ത് സാക്ഷ്യം വഹിച്ചത്. ഇതോടെ 1989 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സാമുദായിക ധ്രുവീകരണത്തിൽ പട്ടേൽ ആദ്യമായി പരാജയപ്പെട്ടു. പ്രാദേശികമായി ‘ബാബു ഭായ്’ എന്നാണ് പട്ടേൽ അറിയപ്പെട്ടിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വി.എച്ച്.പി ബാബു ഭായി എന്ന പേര് അഹമ്മദ് പട്ടേൽ എന്നാക്കിയതെന്നാണ് പറയപ്പെടുന്നത്. ഇതോടെ 18, 909 വോട്ടിന് പട്ടേൽ പരാജയപ്പെട്ടു. താൻ തോറ്റു എന്നതിനേക്കാൾ ‘മതേതരത്വത്തിന്റെ പരാജയം’ എന്നാണ് പട്ടേൽ അതിനെ വിശേഷിപ്പിച്ചത്. ഗുജറാത്തിൽ നിന്നുള്ള ഏക മുസ്ലീം പാർലമെന്റ് അംഗമായിരുന്നു പട്ടേൽ.
തെരഞ്ഞെടുപ്പിലെ പരാജയം പട്ടേലിനെ ഒട്ടും നിരാശപ്പെടുത്തിയില്ലെന്നു വേണം പറയാൻ. 1993 ൽ പട്ടേൽ രാജ്യസഭയിലെത്തുമ്പോൾ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവും സോണിയയും തമ്മിൽ ശീതസമരത്തിലായിരുന്നു. സീതാറാം കേസരി കോൺഗ്രസ് അധ്യക്ഷനായിരുന്ന അക്കാലത്തും സോണിയയും റാവുവും തമ്മിലുള്ള ആശയവിനിമയം പട്ടേൽ വഴിയായിരുന്നു. രാജീവ് ഗാന്ധിക്കു ശേഷം കോൺഗ്രസിൽ പുതിയൊരു അധ്യക്ഷൻ വന്നപ്പോഴും ഗാന്ധി കുടുംബത്തിലെ പ്രധാനി പട്ടേലായിരുന്നു. 2017 ഡിസംബറിൽ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദത്തിൽ എത്തിയപ്പോൾ “ന്യൂ സി.പി (കോൺഗ്രസ് പ്രസിഡന്റ്) ഒരു മാറ്റവുമില്ലാതെ എ.പി” (അഹ്മദ് പട്ടേൽ) എന്ന് പലരും പറയാറുണ്ടായിരുന്നു.
യു.പി.എ കാലഘട്ടത്തിൽ, സോണിയ, അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, പ്രണബ് മുഖർജി എന്നിവർക്കൊപ്പം ശക്തനായ നേതാവായിരുന്നു പട്ടേൽ. പാർട്ടിയിലെ പഴയകാല നേതാക്കൾക്കും രാഹുൽ ബ്രിഗേഡുകൾക്കും ഇടയിലെ പാലമായി എല്ലാവരും കണ്ടിരുന്നതും പട്ടേലിനെയായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കോൺഗ്രസ് നേതാക്കൾക്കും ജനപ്രതിനിധികൾക്കും പട്ടേലിനെ നേരിട്ട് അറിയാമെന്നു പറയുന്നത് ഒട്ടും അതിശയോക്തിയാകില്ല.
മറ്റ് പല കോൺഗ്രസ് നേതാക്കളിൽ നിന്ന് വ്യത്യസ്തമായി പട്ടേൽ ഒരിക്കലും കേന്ദ്രമന്ത്രിയാകാൻ ശ്രമിച്ചിട്ടില്ല. ന്യൂ ഡൽഹിയിലെ 24 അക്ബർ റോഡിലുള്ള പാർട്ടി ആസ്ഥാനത്തെ ഒരു മുറിയിലും 23 മദർ തെരേസ മാർഗിലെ സ്വന്തം വസതിയിലും ഇരുന്ന് പ്രവർത്തിക്കാനാണ് അദ്ദേഹം എക്കാലത്തും ആഗ്രഹിച്ചിരുന്നത്.
23 മദർ തെരേസ മാർഗിലെ പട്ടേലിന്റെ വസതിയും ഒരു അധികാര കേന്ദ്രമായിരുന്നു. അതുകൊണ്ടു തന്നെ പട്ടേലിന്റെ വീട്ടിലേക്കുള്ള പ്രവേശനവും പരിമിതപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിമാർ, സ്ഥാനാർഥിത്വം ആഗ്രഹിക്കുന്നവർ, സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നേതാക്കൾ, പാർട്ടി പ്രവർത്തകർ തുടങ്ങി വിവിധ തലത്തിലുള്ളവർക്കായി ഒന്നിലധികം വാതിലുകളും ഈ വീട്ടിൽ ക്രമീകരിച്ചിരുന്നു.
മുൻകൂട്ടി അനുമതി നേടുന്നവരുമായി മാത്രമായിരുന്നു പട്ടേലിന്റെ കൂടിക്കാഴ്ച. സ്ഥാർത്ഥിത്വം തേടിയെത്തുന്നവർ വെള്ളിയാഴ്ച പ്രർഥനയ്ക്ക് പട്ടേൽ പള്ളിയിൽ പോകുമ്പോൾ പിന്തുടരുന്നതും പതിവായിരുന്നു. ഇത്തരക്കാരിൽ നിന്നും രക്ഷപ്പെടാൻ പട്ടേലിന് ഓരോ ആഴ്ചയും ഓരോ പള്ളികൾ തെരഞ്ഞെടുക്കേണ്ടിയും വന്നിട്ടുണ്ട്. 2011 ൽ ഹജ്ജ് നിർവഹിച്ച പട്ടേൽ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു.
2014 മുതൽ പട്ടേൽ സജീവമായ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാനുള്ള തയാറെടുപ്പിലായിരുന്നെങ്കിലും സോണിയ അതിന് അനുവദിച്ചില്ല. ഹൈക്കമാൻഡിന്റെ ആവശ്യം അംഗീകരിക്കുന്ന എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയത്തിലെ പല സുപ്രധാന സംഭവങ്ങൾക്കും സാക്ഷിയായ പട്ടേൽ പക്ഷെ തന്റെ അനുഭവങ്ങൾ പുസ്തകരൂപത്തിലാക്കാൻ തയാറാകാത്തത് രാഷ്ട്രീയ ചരിത്ര വിദ്യാർഥികൾക്കുണ്ടായ തീരാ നഷ്ടമാണ്. എല്ലാ രഹസ്യങ്ങളും തനിക്കൊപ്പം അവസാനിക്കുമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്.