ബസിനുള്ളിൽ 234 സ്മാർട്ട്‌ഫോണുകൾ പാഴ്‌സലായി കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഫോണുകളുടെ ബാറ്ററികൾ പൊട്ടിത്തെറിച്ചതാണ് തീയുടെ തീവ്രത വർധിപ്പിച്ച് 19 യാത്രക്കാരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് ഫോറൻസിക് വിദഗ്ധർ കണ്ടെത്തി.
അപകടത്തിൽ നശിച്ച സ്മാർട്ട്‌ഫോണുകളുടെ മൊത്തവില ഏകദേശം 46 ലക്ഷം രൂപയാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ബിസിനസുകാരൻ മംഗനാഥ് ബെംഗളൂരുവിലെ ഒരു ഇ-കൊമേഴ്‌സ് കമ്പനിക്കായി ഇവ അയച്ചതായിരുന്നു. കമ്പനി വഴിയാണ് പിന്നീട് ഫോണുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യേണ്ടിയിരുന്നത്.
അപകടസമയത്ത് ബസിനുള്ളിൽ പൊട്ടിത്തെറിക്കുന്ന ശബ്ദങ്ങൾ കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഫോണുകളുടെ ബാറ്ററികളോടൊപ്പം ബസിന്റെ എയർ കണ്ടീഷനിംഗ് സിസ്റ്റത്തിനായി ഉപയോഗിച്ചിരുന്ന ഇലക്ട്രിക്കൽ ബാറ്ററികളും പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് ഫയർ സർവീസസ് ഡയറക്ടർ ജനറൽ പി. വെങ്കിട്ടരാമൻ വ്യക്തമാക്കി.
advertisement
അപകടസമയത്ത് തീയുടെ ചൂട് അത്രയും കഠിനമായിരുന്നതിനാൽ ബസ്സിന്റെ തറയിലെ അലുമിനിയം ഷീറ്റുകൾ വരെ ഉരുകിപ്പോയതായും അദ്ദേഹം അറിയിച്ചു. മുൻവശത്ത് ഉണ്ടായ ഇന്ധന ചോർച്ചയും അതിനുശേഷം ബസിനടിയിൽ കുടുങ്ങിയ ബൈക്കിൽ നിന്നുള്ള പെട്രോളും തീപ്പൊരിയും ചേർന്നാണ് തീ വേഗത്തിൽ പടർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ബസിന്റെ നിർമ്മാണ ഘടനയിലുണ്ടായ പിഴവുകളും അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരം കുറയ്ക്കാനും വേഗത കൂട്ടാനുമായി ഇരുമ്പിന് പകരം അലുമിനിയം ഉപയോഗിക്കുന്നത് അടിയന്തരാവസ്ഥകളിൽ അപകടകരമാകുന്നുവെന്ന് വെങ്കിട്ടരാമൻ കൂട്ടിച്ചേർത്തു.
