ഒക്ടോബര്‍ 20നാണ് ഈ വര്‍ഷത്തെ ദീപാവലി. ഇതിന് ഏകദേശം ഒരു മാസം മുമ്പായി നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിവസമായ സെപ്റ്റംബര്‍ 22നാണ് ജിഎസ്ടി ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. അതിനാല്‍ തന്നെ ഇത്തവണത്തെ ഉത്സവ സീണസില്‍ ഉപഭോക്താക്കളില്‍ നിന്ന് റെക്കോഡ് ചെലവിടല്‍ പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം കേന്ദ്ര ബജറ്റില്‍ പുതിയ നികുതി വ്യവസ്ഥപ്രകാരം നല്‍കിയ വലിയ ആദായനികുതി ഇളവിന് ശേഷം സാധാരണക്കാര്‍ക്ക് ലഭിക്കുന്ന രണ്ടാമത്തെ വലിയ സമ്മാനമാണ് ഈ ജിഎസ്ടി ഇളവ്. ഇത് ബീഹാര്‍, പശ്ചിമബംഗാള്‍, ആസാം, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ആസന്നമായിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ബിജെപിക്ക് വലിയ ഇന്ധനമാകും. നരേന്ദ്ര മോദി സര്‍ക്കാര്‍ സാധാരണക്കാരുടെ കൈകളില്‍ കൂടുതല്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും അവരുടെ വാങ്ങള്‍ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഊന്നിപ്പറഞ്ഞ് വരുമാസങ്ങളില്‍ ഈ ജിഎസ്ടി ഇളവുകള്‍ ബിജെപി തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വലിയ ഭാഗമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
advertisement
ദീപാവലി സമ്മാനമായി ജിഎസ്ടി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടി ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം ജിഎസ്ടി ഇളവ് നടപ്പിലാക്കുന്നത് വേഗത്തിലാക്കിയത്. എന്നാല്‍ വരുന്ന ഉത്സവസീസണില്‍ ഉപഭോക്തക്കളുടെ ചെലവിടല്‍ കുറയാതിരിക്കാന്‍ ദീപാവലിക്ക് വളരെ മുമ്പ് തന്നെ ജിഎസ്ടി ഇളവുകള്‍ നടപ്പിലാക്കണമെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. അല്ലെങ്കില്‍ വിലക്കുറവ് പ്രതീക്ഷിച്ച് സാധനങ്ങള്‍ വാങ്ങുന്നത് ആളുകള്‍ നിറുത്തിവെച്ചേക്കും.
സാധാരണക്കാര്‍ക്ക് അത്യന്താപേക്ഷിതമായ മിക്കവാറും എല്ലാ ഉത്പന്നങ്ങള്‍ക്കുമുള്ള ജിഎസ്ടി അഞ്ച് ശതമാനമായോ പൂജ്യമായോ കുറച്ചിട്ടുണ്ട്. കൂടാതെ, മെഡിക്കല്‍ ഇന്‍ഷുറന്‍സിനും ലൈഫ് ഇന്‍ഷുറന്‍സിനും ഇനിമുതല്‍ ജിഎസ്ടി ഉണ്ടാകില്ല. ജീവന്‍രക്ഷാ മരുന്നുകള്‍ക്കും അതില്‍ ഉള്‍പ്പെടുത്താത്ത മിക്ക മരുന്നുകള്‍ക്കും ജിഎസ്ടി കുറവായിരിക്കും. ഇത് സാധാരണക്കാര്‍ക്ക് ആശ്വാസമായി മാറും.
യുപിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ അവരെ സംസ്ഥാനങ്ങള്‍ക്ക് ഒരിക്കലും വിശ്വാസമില്ലായിരുന്നുവെന്നും അതിനാല്‍ യുപിഎയ്ക്ക് ഒരിക്കലും ജിഎസ്ടി നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബുധനാഴ്ച പറഞ്ഞിരുന്നു. ഇതിലൂടെ രാഷ്ട്രീയ നേട്ടങ്ങളും ബിജെപി രാഷ്ട്രീയ നേട്ടങ്ങളും പ്രതീക്ഷിക്കുന്നു.
"ഈ ഇളവുകളെ പിന്തുണയ്ക്കണോ അതോ എതിര്‍ക്കണോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് തങ്ങളുടെ മനസ്സിനെ തയ്യാറാക്കണം," ധനമന്ത്രി പറഞ്ഞു. ജിഎസ്ടി ഇളവിനെ വിമര്‍ശിച്ചാല്‍ കോണ്‍ഗ്രസ് ജനവിരുദ്ധമാണെന്ന് ചിത്രീകരിക്കപ്പെടുമെന്ന് ബിജെപി കരുതുന്നു. "അവര്‍ ജനങ്ങളുടെ മുന്നില്‍ തുറന്ന് കാട്ടപ്പെടുമെന്നും" സീതാരാമന്‍ പറഞ്ഞിരുന്നു. ഇത് പ്രധാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്ക് മുമ്പ് ബിജെപിക്ക് മികച്ച സ്ഥാനം നല്‍കുമെന്നും കരുതപ്പെടുന്നു.