ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് കരാര്‍ മരവിപ്പിക്കാന്‍ കേന്ദ്ര കാബിനറ്റ് കമ്മിറ്റി ഓഫ് സെക്യൂരിറ്റി (സിസിഎസ്) തീരുമാനമെടുത്തത്.
എന്താണ് കരാര്‍?
1947ല്‍ ബ്രിട്ടീഷ് ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ സിന്ധു നദി സംവിധാനം വലിയ പിരിമുറുക്കത്തിന് കാരണമായിരുന്നു. ടിബറ്റില്‍ ഉത്ഭവിക്കുന്ന ഈ നദി ഇന്ത്യയിലൂടെയും പാകിസ്ഥാനിലൂടെയും ഒഴുകുന്നുണ്ട്. കൂടാതെ, അഫ്ഗാനിസ്ഥാനിലെയും ചൈനയിലെയും ചില ഭാഗങ്ങളിലൂടെയും ഇത് കടന്നുപോകുന്നുണ്ട്. 1948ല്‍ ഈ നദിയിലെ ഒഴുക്കിനെ ഇന്ത്യ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് പാകിസ്ഥാന്‍ യുഎന്നിനെ സമീപിച്ചു. തുടര്‍ന്ന് യുഎന്നിന്റെ നിർദേശപ്രകാരം ലോക ബാങ്കിന്റെ മധ്യസ്ഥതയിലാണ് കരാര്‍ നിലവില്‍ വന്നത്.
advertisement
കിഴക്കന്‍ നദികളായ റാവി, ബിയാസ്, സത്‌ലജ് നദികളിലെ വെള്ളം ഇന്ത്യക്കും സിന്ധു, ഝലം, ചെനാബ് എന്നീ പടിഞ്ഞാറന്‍ നദികളിലെ വെള്ളം പാകിസ്ഥാനും ഉപയോഗിക്കാവുന്ന വിധത്തിലാണ് കരാര്‍ തയ്യാറാക്കിയത്. നദികളുടെ ഒഴുക്കിനെ ബാധിക്കാതെ ജലവൈദ്യുത ഉത്പാദനം പോലെയുള്ള പരിമിതമായ ആവശ്യങ്ങള്‍ക്കായി ഇന്ത്യയ്ക്കും പാകിസ്ഥാനും ഈ നദികളെ ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍, ജല ആവശ്യങ്ങള്‍ക്കായാണ് ഈ നദികളെ പാകിസ്ഥാന്‍ പ്രധാനമായും ആശ്രയിക്കുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഈ നദികള്‍ സാക്ഷ്യം വഹിച്ചു. അതിര്‍ത്തി കടന്നുള്ള വിജയകരമായ ജല ഉപയോഗത്തിന്റെ തെളിവായി ഈ കരാര്‍ നിലകൊള്ളുന്നു.
നടപടി പാകിസ്ഥാനെ ബാധിക്കുന്നത് എങ്ങനെ?
ഐഡബ്ല്യുടി മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനില്‍ കടുത്ത ജലക്ഷാമത്തിന് കാരണമായേക്കും. പാകിസ്ഥാനിലെ ഏകദേശം 80 ശതമാനം ജലവിതരണവും സിന്ധുനദിയെയും അതില്‍ നിന്നുള്ള പോഷകനദികളെയും ആശ്രയിച്ചാണുള്ളത്. അതിനാല്‍, കരാര്‍ മരവിപ്പിക്കുന്നതിലൂടെ പാകിസ്ഥാന്റെ കാര്‍ഷിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലകള്‍ കാര്യമായ അപകടത്തിലാകും.
പാകിസ്ഥാന്‍ വരണ്ട് പോകും
ജല ആവശ്യങ്ങള്‍ക്കായി പാകിസ്ഥാന്‍ സിന്ധു നദി സംവിധാനത്തെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. കരാര്‍ മരവിപ്പിക്കുന്നതിലൂടെ പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം തടസ്സപ്പെടുകയും വ്യാപകമായ ക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്യും.
കാര്‍ഷിക മേഖലയെ ബാധിക്കും: പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയുടെ മൂലക്കല്ലായ കൃഷി കുറച്ച് കാലങ്ങളായി ദുര്‍ബലമാണ്. ഗോതമ്പ്, അരി, പരുത്തി തുടങ്ങിയ പ്രധാന വിളകളുടെ കൃഷിക്ക് ഗണ്യമായ ജലസേചനം ആവശ്യമാണ്. ജലക്ഷാമം ഉണ്ടാകുന്നതോടെ വിളകള്‍ നശിപ്പിക്കപ്പെട്ടേക്കാം. ഇത് ഭക്ഷ്യ സുരക്ഷയ്ക്കും ഉപജീവനമാര്‍ഗത്തെയും ബാധിക്കും.
സാമ്പത്തിക പ്രതിസന്ധി: പാകിസ്ഥാന്റെ ജിഡിപിയിലേക്ക് കാര്‍ഷിക മേഖല 20 ശതമാനത്തോളമാണ് സംഭാവന നല്‍കുന്നത്. കൂടാതെ കൃഷി 40 ശതമാനം പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു. ജലവിതരണം തടസ്സപ്പെടുന്നതോടെ കൃഷിയെ ബാധിക്കുകയും ദേശീയ സമ്പദ് വ്യവസ്ഥയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഇത് തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
ഊര്‍ജപ്രതിസന്ധി: ടാര്‍ബേല, മംഗ്ല അണക്കെട്ടുകള്‍ ഉള്‍പ്പെടെയുള്ള പാകിസ്ഥാനിലെ പ്രധാനപ്പെട്ട അണക്കെട്ടുകളെല്ലാം ജലവൈദ്യുത ഉത്പാദനത്തിനായി സിന്ധുനദിയിലെ വെള്ളത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. ജലപ്രവാഹം കുറയുന്നതോടെ പാകിസ്ഥാനിലെ നിലവിലുള്ള ഊര്‍ജപ്രതിസന്ധി കൂടുതല്‍ വഷളാക്കും. ഇത് കടുത്ത വൈദ്യുതിക്ഷാമത്തിലേക്കു നയിക്കും. സാമ്പത്തിക പ്രവര്‍ത്തങ്ങളുടെ താളം തെറ്റിക്കുകയും ചെയ്യും.
ഭക്ഷ്യ അരക്ഷിതാവസ്ഥ: ജലക്ഷാമം ഉണ്ടാകുന്നതോടെ കാര്‍ഷിക വിള ഉത്പാദനത്തെ അത് ബാധിക്കും. ഇത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനു കാരണമായേക്കും. കൂടാതെ, ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കേണ്ടിയും വരും. ഇത് പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും.
അന്താരാഷ്ട്ര ജല കരാര്‍ മരവിപ്പിച്ചത് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കും കാരണമാകുമെന്ന് പാകിസ്ഥാന്‍ വൃത്തങ്ങള്‍ പറയുന്നു. സിന്ധുനദിയിലെ ജലപ്രവാഹം കുറയുന്നത് ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ജൈവവൈവിധ്യത്തെയും നദിയുടെ വിഭവങ്ങളെ ആശ്രയിക്കുന്ന സമൂഹങ്ങളുടെ ഉപജീവനമാര്‍ഗത്തെയും ബാധിക്കുകയും ചെയ്യും.