പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം തയ്യാറാക്കുന്ന 'നൂറ് ദിന', 'പഞ്ചവത്സര പദ്ധതി'യുടെ ഭാഗമായാണ് ഇത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയുടെ വിദേശനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, പ്രത്യേകിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ കീഴില്‍. 'വിശ്വ ബന്ധു'(ലോകത്തിന്റെ സുഹൃത്ത്) എന്ന നിലയില്‍ ഇന്ത്യയുടെ ചിത്രം ശക്തിപ്പെടുത്തുന്നതിനായാണ് വിദേശകാര്യമന്ത്രാലയം ഊന്നല്‍ നല്‍കുന്നതെന്ന് വിവിധ സ്രോതസ്സുകള്‍ ന്യൂസ് 18നോട് പറഞ്ഞു. വിദേശത്ത് വർധിച്ചുവരുന്ന ഇന്ത്യന്‍ പ്രവാസികളുമായി ഫലപ്രദവും ബഹുമുഖവുമായ ഇടപഴകലും ഗ്ലോബല്‍ സൗത്തില്‍ അംഗങ്ങളായ രാജ്യങ്ങളുമായി മികച്ച ഭരണരീതികള്‍ പങ്കുവയ്ക്കാനുമാണ് കേന്ദ്രം പദ്ധതിയിടുന്നത്.
advertisement
പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് ആദ്യ 100 ദിവസത്തിനുള്ളില്‍ ആറ് പുതിയ നയതന്ത്രകാര്യാലയങ്ങളും രണ്ട് കോണ്‍സുലേറ്റുകളും സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ വിദേശത്ത് 19 നയതന്ത്രകാര്യാലയങ്ങളോ തസ്തികകളോ കൂടി തുറന്ന് ഇന്ത്യയുടെ നയതന്ത്ര ബന്ധം വിപുലീകരിക്കുക എന്നതാണ് പദ്ധതിയുടെ ഹൈലൈറ്റ്. ഇന്ത്യയുടെ പാസ്‌പോര്‍ട്ട് കവറേജ് നിലവിലുള്ള 7.5 ശതമാനത്തില്‍നിന്ന് പത്ത് ശതമാനമായി വര്‍ധിപ്പിക്കുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഡിജിലോക്കറില്‍ ഇ-പാസ്‌പോര്‍ട്ട് നല്‍കുക എന്നിവയാണ് അടുത്ത പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ 'വിദേശ് ഭവനു'കള്‍ സ്ഥാപിക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. പാസ്‌പോര്‍ട്ട് ഓഫീസുകള്‍, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഓഫീസുകള്‍, ഐസിസിആര്‍ റീജിയണല്‍ ഓഫീസുകള്‍, എംഇഎ ബ്രാഞ്ച് സെക്രട്ടറിയേറ്റുകള്‍ എന്നിവ സംയോജിപ്പിച്ചുള്ള സ്ഥാപനമായിരിക്കും ഇത്. സുരക്ഷിതമായ വിദേശകുടിയേറ്റം, ഇന്ത്യയില്‍നിന്നുള്ള വിദഗ്ധരായ തൊഴിലാളികളുടെ മൊബിലിറ്റി എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. അത്തരം തൊഴിലാളികള്‍ക്കായി പുതിയ പ്രീ-ഡിപാർച്ചർ ഓറിയന്റേഷന്‍ പരിശീലനത്തിന് തുടക്കമിടാനും സര്‍ക്കാര്‍ പദ്ധതിയുണ്ട്. 44 അധിക സെന്ററുകള്‍ തുടങ്ങാനും ശ്രമമുണ്ട്. ഇതിന് പുറമെ 'പ്രയാസ് പദ്ധതി' കൂടുതല്‍ മെപ്പച്ചെടുത്താനും പദ്ധതിയിടുന്നു(യുവാക്കള്‍ക്കും വിദഗ്ധരായ പ്രൊഫഷണലുകള്‍ക്കുമായി സ്ഥിരവും സഹായകവുമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കു ലക്ഷ്യമിട്ട് തയ്യാറാക്കിയ പദ്ധതിയാണ് പ്രയാസ്-promoting regular and assisted migration for youth and skilled professionals). വിദേശ തൊഴില്‍, വിദഗ്ധരായ തൊഴിലാളികളുടെ മെബിലിറ്റി, പതിവായുള്ള കുടിയേറ്റം എന്നിവയ്ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് ഇതിന് പിന്നിലെ ആശയം.
ആധാര്‍, ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ് (സിസിടിഎന്‍എസ്) പോലുള്ള സര്‍ക്കാര്‍ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളുമായി പാസ്പോര്‍ട്ട് സേവാ പദ്ധതി (പിഎസ്‌വി) സംയോജിപ്പിക്കാനും വിദേശകാര്യ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. ഇറ്റലി, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളുമായുള്ള കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറുകളും മൂന്നാമതും മോദി അധികാരത്തിൽ വന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍ഗണനയിലുള്ള പദ്ധതികളാണ്.